ജെസ്റ്റ് ഡയലിനെ വാങ്ങാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

By Web Team  |  First Published Jul 17, 2021, 4:34 PM IST

നിലവിലെ പ്രമോട്ടര്‍മാര്‍ കമ്പനിയുടെ 10.6 ശതമാനം ഓഹരി നിലനിര്‍ത്തും. കമ്പനിയുടെ എംഡിയായ വിഎസ്എസ് മണി അടുത്ത അഞ്ച് കൊല്ലത്തേക്കും ഈ സ്ഥാനത്ത് തന്നെ തുടരുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 


മുംബൈ: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ലിമിറ്റഡ് ജെസ്റ്റ് ഡയല്‍ ലിമിറ്റഡിനെ വാങ്ങുന്നു. ജസ്റ്റ് ഡയലിന്‍റെ ഭൂരിഭാഗം ഓഹരികളും റിലയന്‍സ് വാങ്ങുന്നത് 5,719 കോടിയുടെ ഇടപാടിലൂടെയാണ് എന്നാണ് റിപ്പോര്‍ട്ട്. പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്‍റ് വഴി 25.35 ശതമാനം, ഓപ്പണ്‍ ഓഫര്‍ വഴി 26 ശതമാനം, പ്രമോട്ടര്‍മാരില്‍ നിന്ന് സെക്കന്‍ററി പര്‍ച്ചേസ് 15.62 ശതമാനം ഇങ്ങനെയാണ് റിലയന്‍സ് ജസ്റ്റ് ഡയലില്‍ വാങ്ങുന്ന ഓഹരികളുടെ കണക്ക്. മൊത്തത്തില്‍ റിലയന്‍സിന്‍റെ കീഴിലെ റിലയന്‍സ് റീട്ടെയില്‍ വെന്‍ച്വര്‍സ് ലിമിറ്റഡ് ജസ്റ്റ് ഡയലിന്‍റെ 66.95 ശതമാനം ഓഹരി സ്വന്തമാക്കും.

നിലവിലെ പ്രമോട്ടര്‍മാര്‍ കമ്പനിയുടെ 10.6 ശതമാനം ഓഹരി നിലനിര്‍ത്തും. കമ്പനിയുടെ എംഡിയായ വിഎസ്എസ് മണി അടുത്ത അഞ്ച് കൊല്ലത്തേക്കും ഈ സ്ഥാനത്ത് തന്നെ തുടരുമെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് മാസത്തിലെ ഫയലിംഗ് അനുസരിച്ച് ആപ്പ്, വോയിസ് സേവനങ്ങളിലായി ജസ്റ്റ് ഡയലിന് 13 കോടി യൂനിക്ക് യൂസേര്‍സ് ഉണ്ടെന്നാണ് പറയുന്നത്.

Latest Videos

അതേ സമയം കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ 5.8 ശതമാനത്തിന്‍റെ കുറവ് ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. 1994 ല്‍ മുംബൈ ആസ്ഥാനമാക്കി ആരംഭിച്ച ജെസ്റ്റ് ഡയല്‍ വിവിധ സേവനങ്ങള്‍ ഉപയോക്താക്കള്‍ക്ക് ഒരു ഫോണ്‍ കോളിലൂടെ ലഭ്യമാക്കുന്ന സേവനമാണ്. അതേ സമയം അടുത്തിടെ ജെഡി മാര്‍ട്ട് പോലുള്ള ഓണ്‍ലൈന്‍ ഇ-കോമേഴ്സ് സേവനങ്ങളും ഇവര്‍ ആരംഭിച്ചിരുന്നു.  

click me!