കുപ്രസിദ്ധ ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്നോയി ഗ്യാങ്ങിന്‍റെ പേരിലുള്ള ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഈ ആയുധ കച്ചവടം നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.
ദില്ലി: ഫേസ്ബുക്ക് വഴി തോക്കും ആയുധങ്ങളും വിറ്റയാള്‍ (selling firearms) അറസ്റ്റില്‍. ദില്ലി പൊലീസാണ് 38 വയസുകാരനെ അറസ്റ്റ് ചെയ്തത്. ദില്ലി പൊലീസിന്‍റെ സൈബര്‍ ക്രൈം വിഭാഗത്തിന്‍റെ പരിശോധനയിലാണ് ആയുധങ്ങളുടെ ഫോട്ടോകളും വീഡിയോകളും കാണിച്ച് അവ വില്‍ക്കുന്ന ഫേസ്ബുക്ക് (Facebook) ഗ്രൂപ്പ് കണ്ടെത്തിയത്. കുപ്രസിദ്ധ ഗുണ്ട നേതാവ് ലോറന്‍സ് ബിഷ്നോയി (Lawrence Bishnoi) ഗ്യാങ്ങിന്‍റെ പേരിലുള്ള ഗ്രൂപ്പ് കേന്ദ്രീകരിച്ചാണ് ഈ ആയുധ കച്ചവടം നടക്കുന്നത് എന്നാണ് പൊലീസ് പറയുന്നത്.
നിരവധി വെടിവയ്പ്പ് കേസുകളും തട്ടിക്കൊണ്ടുപോകലുകളും ഉള്ള ഗുണ്ട സംഘമാണ് ലോറന്‍സ് ബിഷ്നോയിയുടെത്. ഈ ഗുണ്ട സംഘത്തിന്‍റെ പേരിലുള്ള ഗ്രൂപ്പില്‍ നടന്ന ചില ആയുധ കച്ചവടത്തിന്‍റെ സംസാരങ്ങള്‍ പിന്തുടര്‍ന്ന പൊലീസ്, ചില പ്രൊഫൈലുകള്‍ കണ്ടെത്തി. ഇവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ആയുധ കച്ചവട സംഘത്തിലെ അംഗവും കുടങ്ങിയത്. പിടിയിലായ ആളുടെ പേര് ഹിതേഷ് രാജ്പുത്ത് എന്നാണെന്നാണ് ദില്ലി പൊലീസ് സൈബര്‍ സെല്‍ ഡിസിപി കെപിഎസ് മല്‍ഹോത്ര പറയുന്നത്.
undefined
ഇയാള്‍ ഫേസ്ബുക്ക് വഴി പ്രദര്‍ശിപ്പിച്ച് തോക്ക് അടക്കം ആയുധങ്ങള്‍ വില്‍ക്കുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വ്യാജ പ്രൊഫൈല്‍ വഴി പൊലീസ് ഇയാളെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുമായി തോക്കുകള്‍ വാങ്ങുവാന്‍ കരാറായി. ഇയാളെ ഹരിയാനയിലെ മനീസറില്‍ പണം കൈമാറാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പൊലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇയാള്‍ മുന്‍പ് പതിനൊന്ന് കേസുകളില്‍ പ്രതിയാണ് എന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് നിരോധിത സംഘടനകളുമായി ബന്ധവും, പാകിസ്ഥാന്‍ വേരുകള്‍ ഉള്ളതായും ദില്ലി പൊലീസ് സംശയിക്കുന്നുണ്ട്. ഇത് വിശദമായി അന്വേഷിക്കും എന്നാണ് ദില്ലി പൊലീസ് പറയുന്നത്. അതേ സമയം തന്നെ ഇയാള്‍ തോക്കും മറ്റും നല്‍കാം എന്ന് പറഞ്ഞ് നിരവധിപ്പേരെ ഇയാള്‍ പണം വാങ്ങി പറ്റിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഇയാള്‍ ആയുധങ്ങള്‍ മിക്കവാറും വില്‍ക്കാറുള്ളത് ഗുണ്ട നേതാക്കള്‍ക്കും മറ്റുമാണ് എന്നാണ് പൊലീസ് പറയുന്നത്.