വൈദ്യുതി വിച്ഛേദിക്കുമെന്ന സന്ദേശം എത്തിയോ? കരുതിയിരിക്കുക..; മുന്നറിയിപ്പുമായി കെഎസ്ഇബി

By Web Team  |  First Published Dec 30, 2023, 3:43 AM IST

ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി തുടങ്ങിയവ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ലെന്ന് കെഎസ്ഇബി.


തിരുവനന്തപുരം: വൈദ്യുതി വിച്ഛേദിക്കുമെന്ന തരത്തില്‍ വരുന്ന വ്യാജ സന്ദേശങ്ങളില്‍ ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്ഇബി. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി തുടങ്ങിയവ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുതെന്ന് കെഎസ്ഇബി അറിയിച്ചു. സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കില്‍ എത്രയും വേഗം കസ്റ്റമര്‍ കെയര്‍ നമ്പരിലോ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ ബന്ധപ്പെടണമെന്നും കെഎസ്ഇബി അറിയിച്ചു. 

കെഎസ്ഇബി അറിയിപ്പ്: എത്രയും വേഗം പണമടച്ചില്ലെങ്കില്‍/വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ കെഎസ്ഇബിയില്‍ നിന്നെന്ന പേരിലുള്ള ചില വ്യാജ എസ് എം എസ്/ വാട്‌സാപ് സന്ദേശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സന്ദേശത്തിലെ മൊബൈല്‍ നമ്പരില്‍ ബന്ധപ്പെട്ടാല്‍ കെഎസ്ഇബി ഉദ്യാഗസ്ഥന്‍ എന്ന വ്യാജേന സംസാരിച്ച് ഒരു പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം കവരുകയും ചെയ്യുന്ന ശൈലിയാണ് ഇത്തരം തട്ടിപ്പുകാര്‍ക്കുള്ളത്.

Latest Videos

undefined

കെഎസ്ഇബി അയക്കുന്ന സന്ദേശങ്ങളില്‍ 13 അക്ക കണ്‍സ്യൂമര്‍ നമ്പര്‍, അടയ്‌ക്കേണ്ട തുക, പണമടയ്ക്കാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒ ടി പി തുടങ്ങിയവ ഒരു ഘട്ടത്തിലും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നതല്ല. ഉപഭോക്താക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം എന്ന് അഭ്യര്‍ഥിക്കുന്നു. ഇത്തരം വ്യാജ സന്ദേശങ്ങളോട് യാതൊരു കാരണവശാലും പ്രതികരിക്കരുത്.

കെഎസ്ഇബിയുടെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സുരക്ഷിതമായ നിരവധി ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളുണ്ട്. wss.kseb.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന KSEB എന്ന ഔദ്യോഗിക ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ വിവിധ ബാങ്കുകളുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ലഭ്യമായ ഇലക്ട്രിസിറ്റി ബില്‍ പെയ്‌മെന്റ് സൗകര്യം ഉപയോഗിച്ചോ, BBPS (Bharat Bill Payment System) അംഗീകൃത മൊബൈല്‍ പെയ്‌മെന്റ് ആപ്ലിക്കേഷനുകള്‍ വഴിയോ അനായാസം വൈദ്യുതി ബില്‍ അടയ്ക്കാവുന്നതാണ്.
ബില്‍ പെയ്‌മെന്റ് സംബന്ധിച്ച് സംശയം ജനിപ്പിക്കുന്ന കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കില്‍ എത്രയും വേഗം 1912 എന്ന ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പരിലോ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ വിളിച്ച് വ്യക്തത വരുത്തേണ്ടതാണ്.

പത്താം ക്ലാസ് വിദ്യാര്‍ഥിക്കൊപ്പമുള്ള ഫോട്ടോഷൂട്ട്; അധ്യാപികയുടെ പ്രതികരണം 
 

click me!