പെണ്‍കുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റും വീഡിയോ കോള്‍ ക്ഷണവും; പലരും പെട്ടുപോയ തട്ടിപ്പിനെക്കുറിച്ച് പൊലീസ്

By Web Team  |  First Published Jul 23, 2023, 7:16 PM IST

ആളുകളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി അതില്‍ അശ്ലീല ദൃശ്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയും ഇത് ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമാണ് രീതി. 


തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി വ്യാപകമാവുന്ന പുതിയ തട്ടിപ്പിനെതിരെ മുന്നറിപ്പുമായി പൊലീസ്. അപരിചിതരില്‍ നിന്ന് ലഭിക്കുന്ന ഫ്രണ്ട് റിക്വസ്റ്റും പിന്നാലെ വീഡിയോ കോളിന് ക്ഷണിച്ചുകൊണ്ടും ആളുകളെ കെണിയില്‍ വീഴ്ത്തുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് ഫേസ്‍ബുക്ക് പേജിലൂടെ നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. ആളുകളുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി അതില്‍ അശ്ലീല ദൃശ്യങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയും ഇത് ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമാണ് ഇവരുടെ രീതി. ഇത്തരം തട്ടിപ്പില്‍ പെട്ടുപോയാല്‍ എന്ത് ചെയ്യണമെന്നും പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ പോസ്റ്റിന്റ് പൂര്‍ണരൂപം ഇങ്ങനെ...
സോഷ്യൽ മീഡിയയിൽ മുൻപരിചയമില്ലാത്ത  പെൺകുട്ടിയുടെ പേരിലുള്ള  ഫ്രണ്ട് റിക്വസ്റ്റ് വരുന്നു. സ്വീകരിച്ചാൽ വീഡിയോ കോളിന് ക്ഷണിക്കുന്നു. കാൾ അറ്റൻഡ് ചെയ്താലോ  മറു വശത്ത് ഒരു പെൺകുട്ടിയുടെ നഗ്നദൃശ്യമായിരിക്കും കാണാനാകുന്നത്. അതിനു അനുസരിച്ചു പ്രതികരിച്ചാലും ഇല്ലെങ്കിലും അടുത്തതായി ഫോണിലേക്ക് വരുന്നത് ഭീഷണി സന്ദേശങ്ങളായിരിക്കും.  വീഡിയോ റെക്കോർഡ് ചെയ്തു എടുത്തിട്ടുണ്ടെന്നും, അത് ബന്ധുക്കൾക്കും നാട്ടുകാർക്കുമൊക്കെ അയച്ചു കൊടുക്കാതിരിക്കണമെങ്കിൽ അവർ ആവശ്യപ്പെടുന്ന പണം നൽകണം എന്നുമായിരിക്കും സന്ദേശം. കാൾ അറ്റൻഡ് ചെയ്തയാളുടെ രൂപം എഡിറ്റ് ചെയ്തു അശ്ലീലത കലർത്തിയുള്ള വീഡിയോയും ഇതിനൊപ്പം അയച്ചു നൽകും. 

Latest Videos

ഇങ്ങനെ ഒരു അവസ്ഥ നേരിടേണ്ടി വന്നാൽ എന്ത് ചെയ്യണം ?
ഒരിക്കലും അവർ ആവശ്യപ്പെടുന്ന പണം നൽകരുത്. നൽകിയാൽ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ  വിവരമറിയിച്ച് ധൈര്യപൂർവം തട്ടിപ്പുകാരെ നേരിടുക. അടുത്തുള്ള  പോലീസ് സ്റ്റേഷനിലോ ഓൺലൈൻ മുഖാന്തരമോ പരാതി നൽകുക.
NB : ഇത്തരം തട്ടിപ്പുകളെ കരുതിയിരിക്കുക.

click me!