Tariff Hike : ഉപയോക്താക്കള്‍ വീഴ്ത്തുന്ന 'കുഴികൾ' തീര്‍ത്ത് കമ്പനികള്‍; നേരത്തെ കുഴിയില്‍ വീണ ബിഎസ്എന്‍എല്‍.!

By Web Team  |  First Published Dec 1, 2021, 12:41 AM IST

ഇന്ത്യയിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ഇന്റർ‍നെറ്റ് ലഭ്യമായി തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 2016ൽ ജിയോ സുനാമി ടെലിക്കോം മാർക്കറ്റിനെ കീഴ്മേൽ മറിക്കുന്നത് വരെ മൊബൈൽ ഡാറ്റാ പ്ലാനുകൾ എംബി കണക്കിലായിരുന്നു.


ലോകത്തിലെ എറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ നല്ല കാലം അധിക നാളുണ്ടാവില്ലെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ഒടുവിൽ ഭയപ്പെട്ടത് പോലെ നിരക്കുകൾ ഉയരുകയാണ്. 20 മുതൽ 25 ശതമാനം വരെയാണ് ഇപ്പോൾ നിരക്ക് കൂട്ടിയിരിക്കുന്നത്. എന്ത് കൊണ്ട് നിരക്ക് കൂടുന്നുവെന്നാണ്

ഇന്ത്യയിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ഇന്റർ‍നെറ്റ് ലഭ്യമായി തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 2016ൽ ജിയോ സുനാമി ടെലിക്കോം മാർക്കറ്റിനെ കീഴ്മേൽ മറിക്കുന്നത് വരെ മൊബൈൽ ഡാറ്റാ പ്ലാനുകൾ എംബി കണക്കിലായിരുന്നു. ഫോൺ വിളിക്കും ഡാറ്റയ്ക്കും രണ്ട് തരം റീച്ചാർജുകളായിരുന്നു. ലോഞ്ച് ഓഫറുകളും 4 ജി വേഗതയും സൗജന്യ കോളും  കൊണ്ട് ജിയോ കളം നിറഞ്ഞപ്പോൾ മറ്റ് സേവനദാതാക്കൾക്ക് നിരക്ക് കുറക്കാതെ നിവർത്തിയുണ്ടായിരുന്നില്ല. അങ്ങനെ അവരും കുറച്ചു. അമേരിക്കയെക്കാളും യൂറോപ്യൻ യൂണിയനെക്കാളും കുറഞ്ഞ ഡാറ്റാ നിരക്കുള്ള രാജ്യമായി ഇന്ത്യ മാറുന്നത് അങ്ങനെയാണ്. ഈ കളി അധിക നാൾ ഓടില്ലെന്ന് അന്നേ മുന്നറിയിപ്പുണ്ടായിരുന്നു. 

Latest Videos

undefined

നിരക്ക് വര്‍ധനയുടെ കാണപ്പുറങ്ങള്‍

ടെലികോം കമ്പനികൾ നിരക്ക് വർദ്ധന ഏർപ്പെടുത്തുമ്പോൾ ഉപഭോക്താവ് പെട്ടെന്ന് ശ്രദ്ധിക്കാത്ത മാറ്റങ്ങളും ഇതിനോടൊപ്പം ഉണ്ട്. നല്ലൊരു ശതമാനം പ്രീപെയ്ഡ് ഉപഭോക്താക്കളും ഇനി 21 ദിവസത്തിലൊരിക്കൽ റീചാർജ് ചെയ്യണമെന്നതാണ് ഇതിൽ പ്രധാനം. ഉയർന്ന പ്ലാനുകളിൽ നിരക്ക് കൂടുന്നതിനൊപ്പം ഡാറ്റ കുറയുകയും ചെയ്യുന്നുണ്ട്.

രാജ്യത്ത് പോസ്റ്റ്പെയ്‌ഡ് ഉപഭോക്താക്കളെക്കാളും അധികമാണ് പ്രീപെയ്ഡ് ഉപഭോക്താക്കളുടെ എണ്ണം. മൊബൈൽ സേവനദാതാക്കൾ പ്രീപെയ്ഡ് സേവനം ആദ്യമായി അവതരിപ്പിച്ചപ്പോൾ 30 ദിവസമായിരുന്നു ഓരോ പ്ലാനിന്റെയും കാലാവധിയുണ്ടായിരുന്നത്. പിന്നീട് ഓരോ പ്ലാനിന്റെയും കാലാവധി 30 ൽ നിന്ന് 28 ദിവസമാക്കി. 12 മാസത്തിനിടെ 13 തവണ ഉപഭോക്താവ് പ്ലാൻ റീചാർജ് ചെയ്യേണ്ടി വരും. ഒരു മാസത്തെ പണം ടെലികോം കമ്പനിക്ക് അധികമായി കിട്ടി. പുതിയ നിരക്ക് വർദ്ധനയോടെ റീചാർജ് 21 ദിവസത്തിലേക്ക് കുറയ്ക്കുകയാണ് ടെലികോം കമ്പനികൾ ചെയ്യുന്നത്. അതായത് ഇനി മൊബൈൽ പ്രീപെയ്ഡ് ഉപഭോക്താക്കൾ 12 മാസത്തിനിടെ 17 തവണ റീചാർജ് ചെയ്യേണ്ടി വരും.

ഇതിന് പുറമെ ഉയർന്ന പ്ലാനുകളിൽ നൽകിയിരുന്ന ഡബിൾ ഡാറ്റ ഓഫറും നിരക്ക് വർദ്ധനയോടെ കമ്പനികൾ റദ്ദാക്കി. ഡബിൾ ഡാറ്റ പ്ലാനുകളിൽ നാല് ജിബി ഡാറ്റ നൽകിയിരുന്നു. നിരക്ക് വർദ്ധനയ്ക്ക് പിന്നാലെ ഓഫർ പിൻവലിച്ച് രണ്ട് ജിബി ഡാറ്റയാക്കി ചുരുക്കി. നേരത്തെ നിശ്ചിത തുകയ്ക്ക് റീചാർജ് ചെയ്താൽ സിം വാലിഡിറ്റി കൂടെ ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴതില്ല. ചില സേവനദാതാക്കൾക്ക് വാലിഡിറ്റിയ്ക്കായി മറ്റൊരു റീചാർജ് കൂടി ചെയ്യേണ്ട സ്ഥിതിയാണ്. ഡാറ്റയ്ക്ക് ഒരു പ്ലാൻ, കോൾ വിളിക്കാൻ മറ്റൊരു പ്ലാൻ എന്നിങ്ങനെയും വേണം. എല്ലാം കൂടി ചേർത്തുള്ള പ്ലാനുകൾ ചെയ്താൽ ഉപഭോക്താവിന്റെ ആവശ്യത്തിനുള്ള ഡാറ്റയും കോൾ സമയവും ലഭിക്കാത്ത നിലയുമാണ്.

ബിഎസ്എന്‍എല്ലിന്‍റെ അവസ്ഥ.!

ദില്ലി: ജിയോയും എയർടെല്ലും വിഐയും നിരക്ക് വർധിപ്പിക്കുമ്പോൾ സാധാരണക്കാരന് ആശ്രയമാകേണ്ടിയിരുന്ന പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎല്ലിന്‍റെ നില പരിതാപകരം. രാജ്യം 5ജിയിലേക്ക് കുതിക്കുമ്പോഴും 4ജി സേവനം പോലും ഉപഭോക്താക്കൾക്ക് നൽകാൻ കഴിയാത്ത നിലയിൽ ബിഎസ്എൻഎൽ കാഴ്ചക്കാരാവുകയാണ്. ആധുനിക സംവിധാനങ്ങളുടെ അഭാവം മൂലം നിലവിലുള്ള സേവനം മികച്ചതാക്കാൻ ബിഎസ്എൻഎല്ലിനും കഴിയുന്നില്ല. മറ്റ് കമ്പനികൾക്കൊപ്പം തന്നെ  താരിഫ് കൂട്ടാൻ ബിഎസ്എൻഎല്ലിനെയും ടെലികോം റെഗുലേറ്ററി അതോറിറ്റി നിർബന്ധിക്കുന്നുണ്ട്. 

ഒരു കാലത്ത് പുതിയ മൊബൈൽ കണക്ഷനെടുക്കാൻ മണിക്കൂറുകളോളം ബിഎസ്എൻഎല്ലിന് മുന്നിൽ ഉപഭോക്താക്കൾ കാത്തു നിന്നിരുന്നു. വർഷങ്ങൾക്കിപ്പുറം ആർക്കും വേണ്ടാത്ത സേവനദാതാക്കളായി ബിഎസ്എൻഎൽ മാറി. 2006ൽ 10000 കോടി രൂപയുടെ ലാഭമുണ്ടായിരുന്ന ബിഎസ്എൻഎല്ലിനെ തകർത്തത് അതാത് കാലത്തെ സർക്കാരുകൾ തന്നെയാണ്. 4ജി സ്പെക്ട്രം അനുവദിക്കാതെ മത്സര രംഗത്ത് തളർത്തി, ഇന്ത്യൻ റെയിൽവേയുടെ ടെലികോം സേവനദാതാവെന്ന ചുമതലയിൽ നിന്ന് ഒഴിവാക്കി, സാമ്പത്തികമായി ലാഭകരമല്ലാത്ത മേഖലയിലെ സർവ്വീസ് ഉണ്ടാക്കുന്ന നഷ്ടപരിഹാരത്തുക നൽകിയില്ല, 3ജി സ്പെക്ട്രത്തിന് 18500 കോടി രൂപ ഈടാക്കിയും ബിഎസ്എൻഎല്ലിനെ തകർക്കുകയായിരുന്നു സർക്കാരുകൾ.

ഇപ്പോൾ 20000 കോടി രൂപയാണ് ബിഎസ്എൻഎല്ലിന്‍റെ കടം. ബിഎസ്എൻഎല്ലിനെ ലാഭത്തിലാക്കണമെങ്കിൽ ഇനിയും പതിനായിരം കോടി രൂപ കൂടി ആവശ്യം വരും. ചുരുക്കി പറഞ്ഞാൽ 50000 കോടിക്കു മുകളിൽ തുകയുണ്ടെങ്കിലേ ബിഎസ്എൻഎല്ലിനെ ലാഭത്തിലാക്കി ആധുനിക സംവിധാനങ്ങളോടെ പ്രവർത്തിപ്പിക്കാൻ കഴിയൂ. മറ്റെല്ലാ സേവനദാതാക്കളും 5ജി നടപ്പിലാക്കാൻ ഒരുങ്ങുമ്പോൾ 4ജി സേവനം പോലും നൽകാനാവാത്ത അവസ്ഥയിലാണ് ബിഎസ്എൻഎൽ.

രാജ്യമാകെ വ്യാപിച്ചുകിടക്കുന്ന ബിഎസ്എൻഎല്ലിന് 66000 ടവറുകളുണ്ട്. 1.68 ലക്ഷം സ്ഥിരം ജീവനക്കാരും ഒരു ലക്ഷത്തോളം കരാർ ജീവനക്കാരുമുണ്ട്. എന്നാൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ പോലും 4ജി സേവനം എത്തിയിട്ടില്ല. കേരളത്തിൽ വയനാട്, തൃശ്ശൂർ, ഇടുക്കി ജില്ലകളുടെ ചിലഭാഗങ്ങളിൽ 4ജി സേവനം ലഭ്യമാക്കുന്നുണ്ട്. നിലവിലുള്ള 2ജി ടവറുകൾ അപ്ഗ്രേഡ് ചെയ്താണ് ഈ സൗകര്യം നൽകുന്നത്. 

അതേസമയം ടെലികോം റെഗുലേറ്ററി അതോറിറ്റി സ്വകാര്യ കമ്പനികൾക്ക് സഹായകമാകുന്ന തരത്തിൽ നിരക്ക് കൂട്ടാൻ ബിഎസ്എൻഎല്ലിനെ നിർബന്ധിക്കുന്നുണ്ട്. സ്വകാര്യകമ്പനികൾ മടിക്കുന്ന സ്ഥലങ്ങളിൽ വരെ സേവനമെത്തിക്കുന്നുണ്ട് ബിഎസ്എൻഎൽ. സാങ്കേതിക തികവോടെ മുന്നോട്ട് പോവുകയാണെങ്കിൽ ഉപഭോക്താക്കൾക്ക് ആശ്രയമാകേണ്ട സ്ഥാപനമാണ് ബിഎസ്എൻഎൽ.  ഇതെല്ലാം കൊണ്ടാണ് 20000 കോടി രൂപ കടത്തിലായിരിക്കുമ്പോഴും ബിസ്എൻഎല്ലിന്‍റെ പ്രസക്തി നഷ്ടപ്പെടാത്തത്. 

Read More: മൊബൈല്‍ നിരക്ക് വര്‍ദ്ധനവ്; സംഭവിക്കുന്നത് ഭയപ്പെട്ടത് തന്നെ, കാരണം ഒന്നല്ല അനേകം.!

click me!