'ആൻഡ്രോയിഡ് ഫോണുകളിൽ നിരവധി സുരക്ഷാ പ്രശ്‌നങ്ങൾ': രക്ഷപ്പെടാൻ ഒരൊറ്റ മാർഗം, സര്‍ക്കാർ മുന്നറിയിപ്പ്

By Web Team  |  First Published Nov 15, 2023, 7:29 PM IST

ആന്‍ഡ്രോയ്ഡ് 11, 12,12L, 13, ഏറ്റവും പുതിയ 14 പതിപ്പിനെ അടക്കം പുതിയ സുരക്ഷ വീഴ്ചകള്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.


ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ ഒന്നിലധികം സുരക്ഷപ്രശ്‌നങ്ങള്‍ കണ്ടെത്തിയെന്നാണ് മുന്നറിയിപ്പ്. ആന്‍ഡ്രോയ്ഡ് 11, 12,12L, 13, ഏറ്റവും പുതിയ 14 പതിപ്പിനെ അടക്കം പുതിയ സുരക്ഷ വീഴ്ചകള്‍ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിഇആര്‍ടി-ഇന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അഞ്ചോളം ആന്‍ഡ്രോയ്ഡ് ഒ.എസ് പതിപ്പുകള്‍ ഉണ്ട്. അതിനാല്‍ നിരവധി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളെ സുരക്ഷാ പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്  കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് സുരക്ഷാ വീഴ്ചകള്‍ ഉപയോഗപ്പെടുത്തി സൈബര്‍ കുറ്റവാളികള്‍ക്ക് ഉപയോക്താവിന്റെ സ്മാര്‍ട്ട്‌ഫോണ്‍ നിയന്ത്രണം ഏറ്റെടുക്കാനാകും. ഇതിനു പിന്നാലെ സ്മാര്‍ട്ട്‌ഫോണുകളിലെ സ്വകാര്യ വിവരങ്ങളും ഫയലുകളും പോലും തട്ടിയെടുക്കാനാകുമെന്നും  സിഇആര്‍ടി-ഇന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Latest Videos

undefined

ഫ്രെയിം വര്‍ക്ക്, സിസ്റ്റം, ഗൂഗിള്‍ പ്ലേ സിസ്റ്റം അപ്ഡേറ്റുകള്‍, കേര്‍ണല്‍ എല്‍ടിഎസ്, മീഡിയടെക് ഘടകങ്ങള്‍, ക്വാല്‍കോം ഘടകങ്ങള്‍, ക്വാല്‍കോം ക്ലോസ്ഡ് സോഴ്സ് ഘടകങ്ങള്‍ എന്നിവയിലെ പിഴവുകള്‍ കാരണമാണ് ഈ പ്രശ്‌നങ്ങള്‍ ആന്‍ഡ്രോയിഡില്‍ നിലനില്‍ക്കുന്നത്. ഇതിന്റെ അപകടസാധ്യത ഉയര്‍ന്നതാണെന്ന് ഗൂഗിളും അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഗൂഗിള്‍ പുറത്തിറക്കിയ ആന്‍ഡ്രോയിഡ് സെക്യൂരിറ്റി ബുള്ളറ്റിനിലാണ് ഇതെക്കുറിച്ച് പരാമര്‍ശിക്കുന്നത്. കൂടാതെ എല്ലാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുമായി സുരക്ഷാ അപ്ഡേറ്റുകളും പുറത്തിറക്കുന്നുണ്ട്. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുളള ഏക മാര്‍ഗം സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയെന്നതാണെന്നും വിദഗ്ദര്‍ വ്യക്തമാക്കി. 

ക്ലബ് ഹൗസിന് സമാനമായ ഫീച്ചര്‍ ഇനി വാട്‌സ്ആപ്പിലും 
 

click me!