5G Call: 'രാജ്യം മുഴുവൻ 5ജി', ആദ്യ 5ജി വീഡിയോ- ഓഡിയോ കോൾ ചെയ്ത് കേന്ദ്രമന്ത്രി

By Web Team  |  First Published May 20, 2022, 7:43 PM IST

 5G Call ഇന്ത്യയിലെ ആദ്യത്തെ 5ജി ഓഡിയോ-വീഡിയോ കോൾ വിജയകരമായി പരീക്ഷിച്ച് ഐടി-ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്


ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ 5ജി (5G Call ) ഓഡിയോ-വീഡിയോ കോൾ വിജയകരമായി പരീക്ഷിച്ച് ഐടി-ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്. മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ സ്ഥാപിച്ചിരുന്ന ട്രയൽ നെറ്റ്‌വർക്കിലൂടെയാണ് മന്ത്രി 5-ജി ഫോണ്‍കോള്‍ വിജയകരമായി പരീക്ഷിച്ചത്.

മുഴുവൻ  നെറ്റ്വർക്കും രൂപകല്പന ചെയ്തതും വികസിപ്പിച്ചതും ഇന്ത്യയിലാണെന്നും മന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ മന്ത്രി തന്നെയാണ് വീഡിയോ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്. 'ആത്മനിര്‍ഭര്‍ 5-ജി' എന്നാണ് വിഡിയോക്ക് നൽകിയ  തലക്കെട്ട്. 'പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമാണിത്. നമ്മുടെ സ്വന്തം 4G, 5G ടെക്‌നോളജി സ്റ്റാക്ക് ഇന്ത്യയിൽ വികസിപ്പിച്ചെടുക്കുകയും,   ഇന്ത്യയിൽ നിർമ്മിച്ച് ലോകത്തിന് നൽകുന്നതുമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് നമുക്ക് ലോകത്തിന് മുമ്പിൽ ജയിക്കണമെന്നും മന്ത്രി പറഞ്ഞു.

Aatmanirbhar 5G 🇮🇳

Successfully tested 5G call at IIT Madras. Entire end to end network is designed and developed in India. pic.twitter.com/FGdzkD4LN0

— Ashwini Vaishnaw (@AshwiniVaishnaw)

Latest Videos

undefined

എന്താണീ  5 ജി?

അന്തരീക്ഷത്തിലെ അരൂപിയായ വൈദ്യുത കാന്തിക റേഡിയോ തരംഗത്തെയാണ് സ്‌പെക്ടം്ര എന്ന് പറയുന്നത്. റേഡിയോ, ടി വി സംപ്രേഷണത്തില്‍ തുടങ്ങി  റിമോട്ടിനും, ബ്‌ളുടൂത്തിനും, മൊബൈല്‍ ഫോണിനും ഒക്കെ  ഇത് ഉപയോഗിക്കുന്നു. പരിമിതമായ തോതിലെ ഈ  സ്‌പെക്ട്രം ഉള്ളു എന്നതിനാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് ഇത്. വൈഫൈക്കും, റിമോട്ടിനുമൊക്കെയുള്ള സ്‌പെക്ട്രം സര്‍ക്കാറുകള്‍ പൊതുവേ സൗജന്യമായി പൊതു ജനങ്ങള്‍ക്കായി നല്‍കിയിരിക്കുകയാണ്. എന്നാല്‍ ടി.വി സംപ്രേഷണത്തിനും, മൊബൈല്‍ ഫോണിനും മറ്റുമുള്ളത് പണം ഈടാക്കിയാണ് നല്‍കുന്നത്. സര്‍ക്കാര്‍ പല ശ്രേണിയില്‍പ്പെട്ട സ്‌പെക്ട്രം പല ആവശ്യങ്ങള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. ഉദാഹരണത്തിന് സൈനികാവശ്യങ്ങള്‍ക്ക്, ടി.വി സംപ്രേഷണത്തിന്ന്  എന്നിങ്ങനെയൊക്കെ. അതില്‍ 3.3 മുതല്‍  3.67 ഗിഗാ ഹെര്‍ട്‌സിലുള്ള തരംഗങ്ങളെയാണ് 5 ജിക്കായി ലേലത്തിന് വച്ചിട്ടുള്ളത്. ഇതിനു പുറമേ മറ്റ് ചില തരംഗങ്ങളും വില്‍പ്പനക്ക് വച്ചിട്ടുണ്ട്.

ആരൊക്കെ നല്‍കും 5 ജി സേവനം?

എയര്‍ടെല്‍, ജിയോ, ഐഡിയ വോഡഫോണ്‍ എന്നിവര്‍  5 ജി സവനം നല്‍കാന്‍  തയ്യാറാവുകയാണ്.  എയര്‍ടെല്‍ ഹുവായുമായി ചേര്‍ന്ന് ഹരിയാനയിലേ മനേസറിലാണ് ആദ്യ പരീക്ഷണം നടത്തിയത്. വിദേശ കമ്പനികളായ എറിക്‌സണും, സാംസങ്ങുമെല്ലാം ഇന്ത്യന്‍ സേവനദാതാക്കളുമായി പങ്കാളിത്തമായിക്കഴിഞ്ഞു.. അവരൊക്കെ വര്‍ഷങ്ങളായി ഇതിനായുള്ള പരീക്ഷണ നിരീക്ഷണങ്ങളിലാണ്..  എന്നാല്‍ കോവിഡും, ചൈനയുമായുള്ള നമ്മുടെ ബന്ധം വഷളായതും 5 ജി സാങ്കേതിക വിദ്യ നടപ്പിലാകാന്‍ തടസ്സമായി. മൈക്രോ ചിപ്പ് മുതല്‍ പല തരം ഉപകരണങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയാണ്.  വിദേശത്തെ സുഹൃദ് രാജ്യങ്ങളില്‍ നിന്ന് ഇവ സമാഹരിക്കാന്‍ ശ്രമിക്കവേയാണ് യുക്രൈനുമേലുള്ള റഷ്യന്‍ അധിനിവേശം ഉണ്ടായത്. ഇത് ലോകമൊട്ടാകെ വിതരണ ശൃംഖലയെ നന്നായി ബാധിച്ചു. കര്‍ണ്ണാടകത്തില്‍ മൈക്രോ ചിപ്പ് ഫാക്ടറി സ്ഥാപിക്കാനുള്ള ഒരുക്കം നടക്കുന്നുവെങ്കിലും ഇതിന് സമയമെടുക്കും. 5 ജിക്ക് പ്രാപ്തമായ ഹാന്‍ഡ് സെറ്റുകളുടെ വില്‍പ്പന മുന്നേ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശേഷിയും വിലയും കൂടിയ ഹാന്‍ഡ്‌സെറ്റുകള്‍ നമ്മുടെ കീശ കാലിയാക്കും.

തുടക്കത്തില്‍ എവിടെയൊക്കെ 5 ജി സേവനം കിട്ടും?

ലോകത്തെ 60 ഓളം രാജ്യങ്ങളില്‍ 5 ജി സേവനം ഇതിനകം ലഭ്യമാണ്. ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗലൂരൂ, ഹൈദരാബാദ്  എന്നിവ അടക്കം 13 പട്ടണങ്ങളിലാകും തുടക്കത്തില്‍ സേവനം കിട്ടുക. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും സ്വന്തം നാടായ ഗുജറാത്തിനാണ് വലിയ പരിഗണന. അഹമ്മദാബാദ്, ഗാന്ധി നഗര്‍, ജാംനഗര്‍ എന്നീ പട്ടണങ്ങള്‍  ആദ്യ പട്ടികയിലുണ്ട്.  പുറമേ ഗുരുഗ്രാം, പൂനൈ, ലക്‌നോ, ഛണ്ഡിഗഢ് എന്നിവിടങ്ങളിലും 5 ജി ആദ്യ ഘട്ടത്തില്‍ ലഭ്യമാകും. ഇതില്‍ കേരളത്തിലെ ഒരു നഗരങ്ങളും ഇല്ല. എന്നാല്‍ മൊബൈല്‍ ഉപയോഗത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉപഭോക്തൃ കേരളത്തിലേക്ക് സേവനം വൈകാന്‍ നിര്‍വാഹമില്ല..

ആദ്യമൊക്കെ നഗരങ്ങളിലാകും 5 ജി കിട്ടുക. ഇടത്തരം പട്ടണങ്ങളിലും  ഗ്രാമ പ്രദേശങ്ങളിലും 5 ജിയുടെ സേവനം വൈകാനാണ് സാധ്യത. കാരണം സാങ്കേതികമാണ്. 5 ജിക്ക് ഉപയോഗിക്കുന്ന സംവിധാനങ്ങളുടെ സവിഷേത കാരണം ഒരു ടവറില്‍ നിന്ന് കുറച്ച് പ്രദേശങ്ങളിലേ സേവനം കിട്ടൂ. അതിനാല്‍ ചെറിയ ചെറിയ നിരവധി ടവറുകള്‍ 5 ജിക്കായി  വേണ്ടി വരും. സ്വാഭാവികമായും ജനസംഖ്യ കുറഞ്ഞ   ഗ്രാമങ്ങളില്‍ ഇത് സാമ്പത്തികമായി മുതലാകില്ല..  

5 ജി കൊണ്ട് എന്താണ് കാര്യം?

വേഗത തന്നെ പ്രധാനം. 4 ജിയെക്കാള്‍  100 ഇരട്ടി വരെ വേഗത്തില്‍ ഇത് പ്രവര്‍ത്തിക്കുമെന്നാണ് അവകാശവാദം. നമ്മുടെ സാഹചര്യങ്ങളില്‍ അത്രയ്‌ക്കൊന്നും പ്രതീക്ഷിക്കണ്ട. എന്നാലും  20 ഇരട്ടിയെങ്കിലും വേഗം പ്രതീക്ഷിക്കാം. ഡൗണ്‍ ലോഡിനുള്ള  സ്പീഡ് അപലോഡിംഗില്‍ എത്രത്തേളം ഉണ്ടാകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇതിനുപരി ആശയവിനിമയത്തിലെ  കാലതാമസം അഥവാ ലേറ്റന്‍സി കുറയുമെന്നതാണ് പ്രധാനം. അതായത്  പരസ്പരം സംസാരിക്കുമ്പോഴോ അതു പോലുള്ള തത്സമയ തുടര്‍ ഇടപാടുകളിലോ ഉള്ള  കാലതാമസം കുറയ്ക്കാമെന്നതാണ് മെച്ചം. ഒരു ക്രഡിറ്റ് കാര്‍ഡുപയോഗിക്കുമ്പോഴോ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോളോ കാലതാമസം കുറയ്ക്കാനായാല്‍ അത് വലിയ നേട്ടം തന്നെയാകും. കണക്ഷനു വേണ്ടിയുള്ള കറക്കം കുറയുമെന്നത് ചെറിയ കാര്യമല്ല.

click me!