തെരഞ്ഞെടുപ്പ് ഫലങ്ങള്‍, എലിസബത്ത് രാജ്ഞി, യുക്രൈൻ എന്നിങ്ങനെ വാർത്താ പ്രാധാന്യമുള്ള വിഷയങ്ങളെ കടത്തിവെട്ടിയാണ് വേഡ്ൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്.
2022 ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ടത് 'വേഡ്ൽ' ഗെയിമിനെക്കുറിച്ചാണെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍, എലിസബത്ത് രാജ്ഞി, യുക്രൈൻ എന്നിങ്ങനെ വാർത്താ പ്രാധാന്യമുള്ള വിഷയങ്ങളെ കടത്തിവെട്ടിയാണ് വേഡ്ൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഗൂഗിൾ പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. അഞ്ചക്കമുള്ള വാക്ക് ഓരോ ദിവസവും ഊഹിച്ച് കണ്ടെത്തുന്നതാണ് വേഡ്ൽ ഗെയിം. പരമാവധി ആറു തവണ മാത്രമാണ് ഊഹിക്കാൻ അവസരം ലഭിക്കുക. ഓരോ തവണയും പരീക്ഷിക്കുന്ന വാക്കിൽനിന്ന് ശരിയായ വാക്കിലേക്കുള്ള സൂചനകൾ ലഭിക്കും. വേഡ്ൽ ഗെയിം കളിക്കാനോ, ഓരോ ദിവസവും ഉത്തരമാകാൻ സാധ്യതയുള്ള വാക്കുകൾ കണ്ടെത്തുകയോ ആണ് മത്സരത്തില്‍ ഭാഗമാകുന്നവര്‍ ചെയ്യേണ്ടത്.
ന്യൂയോർക്ക് ടൈംസാണ് ഈ ഗെയിമിന്‍റെ ഉടമ. 2021 ഒക്ടോബറിൽ ബ്രൂക്ലിനിലെ സോഫ്റ്റ്വേർ എൻജിനിയറായ ജോഷ് വാഡിൽ ആണ് വേഡ്ൽ ഗെയിം അവതരിപ്പിച്ചത്. വൈകാതെ തന്നെ ഈ ഗെയിമിന് നിരവധി ആരാധകരെ ലഭിച്ചു. അങ്ങനെയാണ് ന്യൂയോർക്ക് ടൈംസ് വേഡ്ൽ ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്കിനെ കുറിച്ചുള്ള ഗൂഗിള്‍ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 'ഇയർ ഇൻ സെർച്ച് 2022' ന്റെ ഫലങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ചോദ്യങ്ങൾ, സംഭവങ്ങള്‍, വ്യക്തിത്വങ്ങൾ എന്നിവയും മറ്റും ഗൂഗിൾ ഇന്ത്യ ഈ റിപ്പോര്ട്ടില് പറയുന്നുണ്ട്. ഇതില് മുന്നില്‍ നില്ക്കുന്നത് രൺബീർ കപൂർ-ആലിയ ഭട്ട് എന്നിവര് അഭിനയിച്ച 'ബ്രഹ്മാസ്ത്ര'യാണ്. ഇന്ത്യയിലെ ട്രെൻഡിങ് സേര്ച്ചിങ് വിഷയമായി മാറിയത് ഇന്ത്യൻ പ്രീമിയർ ലീഗായിരുന്നു.
ടി20 ലോകകപ്പും ഏഷ്യാ കപ്പും ഗൂഗിള് സേര്ച്ചില് മുന്നിട്ട് തന്നെ നിന്നു. ആഗോള കായിക ട്രെന്ഡിലും ഇന്ത്യയുടെ സാന്നിധ്യം ഉണ്ടായിരുന്നു. കൊവിഡ് വാക്‌സീൻ നിയർ മി എന്ന ചോദ്യമാണ് ഇന്ത്യക്കാര്‍ ഏറ്റവും കൂടുതൽ തിരഞ്ഞത്. 'സ്വിമ്മിങ് പൂൾ നിയർ മി ', 'വാട്ടർ പാർക്ക് നിയർ മി' എന്നിവയാണ് കൂടുതൽ സേർച്ച് ചെയ്ത മറ്റു ചോദ്യങ്ങൾ. 'ബ്രഹ്മാസ്ത്ര', ബ്ലോക്ക്ബസ്റ്റർ 'കെജിഎഫ് 2' എന്നിവ സിനിമകളാണ് യഥാക്രമം സെര്‍ച്ച് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആഗോള ട്രെൻഡിങ് മൂവി സേർച്ചിങ് പട്ടികയിലും ഇവയ്ക്ക് ഇടമുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾ തെരയുന്നതില്‍ ഇന്ത്യൻ ഗാനങ്ങളുമുണ്ടെന്നതാണ് ശ്രദ്ധേയം