ഗൂഗിളില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു

By Web Team  |  First Published Jan 4, 2021, 6:56 PM IST

'ആല്‍ഫബെറ്റ് വര്‍ക്കേര്‍സ് യൂണിയന്‍' എന്നാണ് ഈ തൊഴിലാളി സംഘടനയുടെ പേര്. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി, ജോലി സ്ഥലത്തെ അപമാനിക്കപ്പെടും എന്ന ഭയം ഒഴിവാക്കല്‍, പ്രതികാര നടപടികള്‍ വിവേചനം എന്നിവ തടയുക എന്നിവയാണ് യൂണിയന്‍റെ ലക്ഷ്യം


സന്‍ഫ്രാന്‍സിസ്കോ: ഇന്‍റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളിന്‍റെ മാതൃകമ്പനി ആല്‍ഫബെറ്റില്‍ തൊഴിലാളികളുടെ യൂണിയന്‍ രൂപീകരിച്ചതായി റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുണെറ്റഡ് സ്റ്റേറ്റിലെ 200 ഓളം ഗൂഗിള്‍ ജീവനക്കാര്‍ ചേര്‍ന്നാണ് യൂണിയന് രൂപം നല്‍കിയത്. ഇത് സംബന്ധിച്ച് ഈ യൂണിയന്‍റെ പേരിലുള്ള ലേഖനം ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചു.

'ആല്‍ഫബെറ്റ് വര്‍ക്കേര്‍സ് യൂണിയന്‍' എന്നാണ് ഈ തൊഴിലാളി സംഘടനയുടെ പേര്. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി, ജോലി സ്ഥലത്തെ അപമാനിക്കപ്പെടും എന്ന ഭയം ഒഴിവാക്കല്‍, പ്രതികാര നടപടികള്‍ വിവേചനം എന്നിവ തടയുക എന്നിവയാണ് യൂണിയന്‍റെ ലക്ഷ്യം എന്ന് ന്യൂയോര്‍ക്ക് ടൈംസിലെ ഇവരുടെ ലേഖനത്തില്‍ പറയുന്നു.

Latest Videos

undefined

നേരത്തെ തന്നെ വിവിധ തൊഴിലാളി സംബന്ധമായ പ്രശ്നങ്ങളാല്‍ ഗൂഗിളും യുഎസ് ലേബര്‍ റെഗുലേറ്ററും തമ്മിലുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് പുതിയ സംഭവം. ഒരു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് ഗൂഗിളിലെ ആദ്യത്തെ തൊഴിലാളി യൂണിയന് ഔദ്യോഗിക രൂപം നല്‍കിയത് എന്നാണ് യൂണിയന്‍ നേതാക്കള്‍ പറയുന്നത്. ഗൂഗിളിലെ 226 ജീവനക്കാര്‍ക്ക് യൂണിയന്‍ കാര്‍ഡുകള്‍ ഇതുവരെ വിതരണം ചെയ്തതായി ഇവര്‍ പറയുന്നു.

എന്നാല്‍ യൂണിയന്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നേരിട്ട് പ്രതികരിക്കാന്‍ ഗൂഗിള്‍ തയ്യാറായില്ല. തങ്ങളുടെ ജീവനക്കാര്‍ക്ക് എല്ലാവിധത്തിലുള്ള തൊഴില്‍ അവകാശങ്ങളും ഞങ്ങള്‍ നല്‍കുന്നുണ്ട്. അത് വീണ്ടും തുടരും. എല്ലാ ജീവനക്കാരുമായി തുടര്‍ന്നും ഞങ്ങള്‍ ഇടപെടും. ഗൂഗിള്‍ പീപ്പിള്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ കാര സില്‍വര്‍സ്റ്റെയിന്‍ പ്രതികരിച്ചു.

click me!