മുന്‍ യുഐഡിഐ മേധാവി ആര്‍എസ് ശര്‍മയുടെ അക്കൗണ്ടില്‍ 6000 രൂപ കാര്‍ഷിക സഹായം!

By Web Team  |  First Published Dec 15, 2020, 6:27 AM IST

2020 ജനുവരി 8 നാണ് ശര്‍മയുടെ പേരില്‍ പ്രധാനമന്ത്രി കിസാന്റെ അക്കൗണ്ട് സൃഷ്ടിച്ചതെന്നും അത് ഇല്ലാതാക്കുന്നതിന് മുമ്പ് സെപ്റ്റംബര്‍ 24 വരെ ഒമ്പത് മാസത്തിലേറെയായി ഇത് സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 


ദില്ലി: മുന്‍ ഉഡായി (ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ -യുഐഡിഐഐ) മേധാവി ആര്‍.എസ്. ശര്‍മയുടെ അക്കൗണ്ടില്‍ പ്രധാനമന്ത്രിയുടെ കിസാന്‍ യോജന പദ്ധതി പ്രകാരമെത്തിയത് ആറായിരം രൂപ! ഒരു തരത്തിലും യോഗ്യതയില്ലാത്ത തനിക്ക് രണ്ടായിരം രൂപ വച്ച് മൂന്നു തവണ ലഭിച്ചെന്ന് വെളിപ്പെടുത്തിയത് അദ്ദേഹം തന്നെ. ഇതു വലിയ പിഴവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും ചേര്‍ക്കുന്നതിനും ഉത്തരവാദിത്തമുള്ള സംസ്ഥാന സര്‍ക്കാരിന്റെ പിഴവാണ് ഇതിനു കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2018 ല്‍, ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ പരസ്യമായി പങ്കുവെച്ചിരുന്നു, ആധാര്‍ വളരെ കൃത്യമാണെന്നും ഒരു തരത്തിലും ദുരുപയോഗം ചെയ്യാനാവില്ലെന്നും അദ്ദേഹം വെല്ലുവിളിച്ചു. എന്തായാലും ആ ആധാര്‍ ഉപയോഗിച്ചു തന്നെ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് പണമെത്തിയത് ശര്‍മയ്ക്ക് വല്ലാത്ത നാണക്കേടായി. ആധാര്‍ നമ്പര്‍ ദുരുപയോഗം ചെയ്‌തെന്നു വ്യക്തം. തന്റെ യോഗ്യത പരിശോധിക്കാത്തതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് ശര്‍മ പറഞ്ഞു. 

2020 ജനുവരി 8 നാണ് ശര്‍മയുടെ പേരില്‍ പ്രധാനമന്ത്രി കിസാന്റെ അക്കൗണ്ട് സൃഷ്ടിച്ചതെന്നും അത് ഇല്ലാതാക്കുന്നതിന് മുമ്പ് സെപ്റ്റംബര്‍ 24 വരെ ഒമ്പത് മാസത്തിലേറെയായി ഇത് സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയില്‍ (യുപി) ഒരു കര്‍ഷകനായാണ് അദ്ദേഹത്തിന്റെ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രധാനമന്ത്രിയുടെ കിസാന്‍ പദ്ധതിയില്‍ നിന്ന് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (ഡിബിടി) മാണ് അദ്ദേഹത്തിനു ലഭിച്ചത്. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും ചെലവുകളുടെയും വില്‍പനയ്ക്ക് ആനുപാതികമായി വരുമാനം സ്വീകരിക്കുന്നതിന് ഈ അക്കൗണ്ട് ഉപയോഗിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Latest Videos

undefined

നിക്ഷേപത്തെക്കുറിച്ച് ശര്‍മ ബാങ്കിനെ അറിയിച്ചതായും ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ശര്‍മ്മയുടെ പേരില്‍ നിര്‍മ്മിച്ച അക്കൗണ്ട് ഏതായാലും നിഷ്‌ക്രിയമാക്കി. നികുതി അടയ്ക്കുന്ന പൗരനായതിനാല്‍ പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് ശര്‍മയ്ക്ക് ഒരു തരത്തിലും യോഗ്യതയില്ലായിരുന്നു. ഇതിനു പുറമേ, നടന്‍ റിതീഷ് ദേശ്മുഖ്, ഹനുമാന്‍ പ്രഭു, ഐഎസ്‌ഐ ചാരന്‍ മെഹബൂബ് അക്തര്‍ എന്നിവരുടെ പേരിലും പ്രധാനമന്ത്രി കിസാന്‍ യോജന അക്കൗണ്ടുകള്‍ സൃഷ്ടിച്ചിരുന്നു. ഈ അക്കൗണ്ടുകളിലേക്ക് യഥാക്രമം 6000, 4000, 2000 രൂപ ഡിബിടി തവണകളായി ലഭിച്ചു.

പദ്ധതിയുടെ വ്യവസ്ഥ അനുസരിച്ച് ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും സംസ്ഥാനങ്ങള്‍ അല്ലെങ്കില്‍ യുടി സര്‍ക്കാരുകള്‍ക്കാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ സെപ്റ്റംബര്‍ 20 ന് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. അവര്‍ അപ്‌ലോഡ് ചെയ്ത ഗുണഭോക്താക്കളുടെ ഡാറ്റ ബാങ്കുകള്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സികള്‍ മള്‍ട്ടി ലെവല്‍ സ്ഥിരീകരണത്തിനും മൂല്യനിര്‍ണ്ണയത്തിനും വിധേയമാക്കിയതിനു ശേഷം മാത്രമേ ഈ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വിടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. 2018 ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിച്ച പിഎം കിസാന്‍ പദ്ധതി പ്രകാരം, മൂന്ന് തുല്യ ഗഡുക്കളായി പ്രതിവര്‍ഷം 6000 രൂപയുടെ വരുമാന സഹായം ചെറുകിട, നാമമാത്ര കര്‍ഷക കുടുംബങ്ങള്‍ക്ക് ലഭിച്ചിരുന്നു.

click me!