ഇത് അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫേസ്ബുക്കിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തുന്നുണ്ട് എന്നാല്‍ ഈ ഇടപാടിന്‍റെ യഥാര്‍ത്ഥ നേട്ടം ഫേസ്ബുക്കിനോ ജിയോയ്ക്കോ എന്നതാണ് ഇപ്പോള്‍ ചോദ്യം.
മുംബൈ: കഴിഞ്ഞ ദിവസമാണ് സാമ്പത്തിക രംഗത്തെ കൊവിഡ് ആശങ്കകള്‍ക്കിടെ ഇന്ത്യയില്‍ ആ വാര്‍ത്ത വന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്‍റെ ( 43,574 കോടി രൂപയുടെ) ഓഹരി ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫേസ്ബുക്ക് വാങ്ങി. അതായത് ജിയോയുടെ വിവിധ പ്ലാറ്റ്ഫോമുകളിലെ 9.99 ശതമാനം ഓഹരികള്‍ ഫേസ്ബുക്കിന് സ്വന്തമായി.
ഫേസ്ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്. ഒപ്പം ഇന്ത്യയില്‍ ഇതുവരെ ഉണ്ടായ ടെക് രംഗത്തെ ഏറ്റവും വലിയ നിക്ഷേപവും ഈ ഇടപാട് തന്നെ. ഇത് അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫേസ്ബുക്കിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തുന്നുണ്ട് എന്നാല്‍ ഈ ഇടപാടിന്‍റെ യഥാര്‍ത്ഥ നേട്ടം ഫേസ്ബുക്കിനോ ജിയോയ്ക്കോ എന്നതാണ് ഇപ്പോള്‍ ചോദ്യം.
undefined
തിരിച്ചടി മറികടന്ന അംബാനി
അടുത്തകാലത്താണ് ഏഷ്യയിലെ സമ്പന്നരിലെ ആദ്യസ്ഥാനം അംബാനിക്ക് നഷ്ടമായത് എന്നാല്‍ റിലയൻസ് ജിയോയിൽ 5.7 ബില്യൺ ഡോളറിന്റെ നിക്ഷേപം ഫേസ്ബുക്ക് നടത്തിയതോടെ മുകേഷ് അംബാനി ആഗോള ധനികരുടെ പട്ടികയിൽ ഏഷ്യയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ലോകത്തെ വലിയ ഓയിൽ റിഫൈനറി കൈയ്യാളുന്ന അംബാനിക്ക് കഴിഞ്ഞ ദിവസം എണ്ണ വിപണിയിൽ ഉണ്ടായ വിലയിടിവിനെ തുടർന്ന് ആസ്തിയിൽ 14 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായിരുന്നു. അതേസമയം ഇപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ചൈനീസ് കമ്പനി ആലിബാബ മേധാവി ജാക് മാക്ക് ഒരു ബില്യൺ ഡോളറിന്റെ ഇടിവാണ് ഉണ്ടായത്.
വാട്ട്സ്ആപ്പിനെ മുന്നില്‍ കണ്ട് ഫേസ്ബുക്ക് നീക്കം
വാട്ട്സ്ആപ്പിന് ഇപ്പോള്‍ ഇന്ത്യയില്‍ 40 കോടിയിലേറെ ഉപയോക്താക്കളാണ് ഉള്ളത്. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്,യൂട്യൂബ് എന്നീ ആപ്പുകളാണ് ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പുകള്‍. ശരിക്കും ഫേസ്ബുക്ക് ജിയോയില്‍ ഇത്രയും പണം ഇറക്കുന്നത് തന്നെ വാട്ട്സ്ആപ്പിന് വേണ്ടിയാണ്. ഇന്ത്യയിലെ മൂന്നു കോടി ചെറുകിട ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ ഒരു സംവിധാനമാണ് ജിയോ ഫേസ്ബുക്ക് ആദ്യം ഉദ്ദേശിക്കുന്നത്. ചാറ്റിങ് മാത്രമല്ല, ബഹുവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഒരു ആപ്പായി വാട്ട്സ്ആപ്പിനെ ഈ കൂട്ടുകെട്ട് മാറ്റിയേക്കും. നിങ്ങള്‍ വാട്‌സാപ്പിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ മിക്കവാറും അന്നു തന്നെ നിങ്ങളുടെ കൈയ്യില്‍ എത്തും. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അവരുടെ കച്ചവടവും വര്‍ധിപ്പിക്കാം.
വാട്ട്സ്ആപ്പിലൂടെ പണമിടപാട് നടത്താന്‍ ഉദ്ദേശിച്ചു കൊണ്ടുവന്ന വാട്‌സാപ് പേ സേവനം ഇതുവരെ ഉദ്യോഗസ്ഥര്‍ അനുവദിച്ചു നല്‍കിയിരുന്നില്ല. എന്നാല്‍, ഇനി അംബാനി കൂടെയുള്ളതിനാല്‍ കാര്യങ്ങള്‍ എളുപ്പമായേക്കും. ഇത് അനുവദിച്ചു കഴിഞ്ഞാല്‍ പലചരക്കിനും മറ്റും വാട്‌സാപിലൂടെ പണമടയ്ക്കാന്‍ സാധിക്കും. വാട്‌സാപ് പേ തത്കാലം നടക്കില്ല. അതു വരുന്നതു വരെ ജിയോ പേയിലൂടെ ആയിരിക്കും പണമടയ്ക്കല്‍.
അതായത് ലോക്കലൈസ് ഇ-കോമേഴ്സാണ് ഫേസ്ബുക്ക് ജിയോ കൂട്ടുകെട്ട് ഉദ്ദേശിക്കുന്നത്. പ്രാദേശിക കടകളെ ഉള്‍പ്പെടുത്തി പുതിയ ഇകൊമേഴ്‌സ് സാമ്രാജ്യം സൃഷ്ടിക്കാനുള്ള റിലയന്‍സിന്റെ ശ്രമങ്ങളില്‍ ഇനി ഫെയ്‌സ്ബുക്കും പങ്കാളിയായേക്കും. പ്രാദേശിക വിവരങ്ങള്‍ ശേഖരിക്കാന്‍ ജിയോയ്ക്ക് എളുപ്പം സാധിക്കും. വാട്‌സാപ്പിലൂടെ ഉപയോക്താക്കളെ പരിചയമുള്ള ഫെയ്‌സ്ബുക്കിന് അതിവേഗത്തില്‍ ഇതൊരു കച്ചവട ശൃംഖല സൃഷ്ടിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷ.
ഉപയോക്താവിനെ വിടാതെ പിടിക്കാന്‍ ജിയോ
ഇന്റര്‍നെറ്റില്‍ ഉപയോക്താക്കള്‍ എന്നും സമയം ചിലവാക്കുന്നത് ആപ്പുകള്‍ ഉപയോഗിക്കാനാണ്. തങ്ങളുടെ ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് മറ്റു സൈറ്റുകളിലേക്ക് ഉപയോക്താക്കള്‍ പോകുന്നത് തടയാന്‍ കൂടിയാണ് ജിയോയുടെ നീക്കം. ഫേസ്ബുക്ക് സഹായത്തോടെ ജിയോയുടെ സിഗ്നേച്ചറുകള്‍ ആപ്പുകള്‍ ഉണ്ടാക്കി ഉപയോക്താക്കളെ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിര്‍ത്തുക എന്നത് ജിയോ പദ്ധതിയാണ്. ജിയോ മാര്‍ട്ട് പോലുള്ള സംരംഭങ്ങള്‍ ഫേസ്ബുക്കിന്‍റെ നെറ്റ്വര്‍ക്ക് ശേഷി ഉപയോഗപ്പെടുത്തുമ്പോള്‍ ആമസോണിനെയും ഫ്‌ളിപ്കാര്‍ട്ടിനെയും മറികടക്കും എന്നാണ് ജിയോയുടെ പ്രതീക്ഷ.