കംപ്യൂട്ടർ സുരക്ഷ വർധിപ്പിക്കാനും സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാനുമാണ് 'മായ' ലക്ഷ്യമിടുന്നത്. പുതുതായി വികസിപ്പിച്ച 'മായ ഒഎസ്' ഉടൻ തന്നെ പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും മൈക്രോസോഫ്റ്റിന്റെ വിൻഡോസിന് പകരമായി ഇൻസ്റ്റാള്‍ ചെയ്യും.
ദില്ലി: സൈബർ ആക്രമണങ്ങൾക്കെതിരായ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായി വിൻഡോസിന് പകരമായി 'മായ' എന്ന പേരിൽ സ്വന്തം തദ്ദേശീയ ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചെടുത്ത് പ്രതിരോധ മന്ത്രാലയം. കംപ്യൂട്ടർ സുരക്ഷ വർധിപ്പിക്കാനും സൈബർ ഭീഷണികളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാനുമാണ് 'മായ' ലക്ഷ്യമിടുന്നത്. പുതുതായി വികസിപ്പിച്ച 'മായ ഒഎസ്' ഉടൻ തന്നെ പ്രതിരോധ മന്ത്രാലയത്തിലെ എല്ലാ കമ്പ്യൂട്ടറുകളിലും മൈക്രോസോഫ്റ്റിന്റെ വിൻഡോസിന് പകരമായി ഇൻസ്റ്റാള്‍ ചെയ്യും.
വർഷാവസാനത്തോടെയാണ് ഇത് നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. ഈ തന്ത്രപരമായ നീക്കം മന്ത്രാലയത്തിന്റെ സൈബർ സുരക്ഷയെ ശക്തിപ്പെടുത്തുമെന്നും വിദേശ സോഫ്‌റ്റ്‌വെയറിനെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇന്ത്യൻ ആർമി, നേവി, എയർഫോഴ്സ് എന്നിവയും 'മായ ഒഎസ്' ലേക്ക് മാറാൻ ഒരുങ്ങുകയാണ്. 2021-ൽ ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങൾക്കെതിരെ തുടര്‍ച്ചയായ സൈബര്‍ ആക്രമണങ്ങള്‍ നടന്നതോടെയാണ് ഈ സംവിധാനം വികസിപ്പിക്കാനുള്ള തീരുമാനത്തിന് വേഗം കൂട്ടിയത്.
undefined
ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി-ഡാക്), നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള ഒരു വിദഗ്ധ സംഘം 'മായ ഒഎസ്' രൂപപ്പെടുത്തുന്നതിന് ആറ് മാസത്തോളം സഹകരിച്ച് പ്രവര്‍ത്തിച്ചു. ഓപ്പൺ സോഴ്‌സായ ഉബുണ്ടു പ്ലാറ്റ്‌ഫോമിൽ പ്രവര്‍ത്തിക്കുന്ന ഈ ഓപ്പറേറ്റിംഗ് സിസ്റ്റം ഒരു സൈബർ ഭീഷണി-പ്രതിരോധ ഇന്റർഫേസ് വാഗ്ദാനം ചെയ്യുന്നുണ്ട്.
അതേസമയം, ഇന്ത്യൻ സോഫ്‌റ്റ്‌വെയർ കമ്പനികളുമായും അക്കാദമിക് സ്ഥാപനങ്ങളുമായും സഹകരിച്ച് മൂല്യനിർണ്ണയം നടത്തി കൂടുതൽ പരിഷ്കരിക്കണം ആവശ്യമെങ്കില്‍ വരുത്തുകയും ചെയ്യും. സോഫ്‌റ്റ്‌വെയർ തയ്യാറായതോടെ, മൈക്രോസോഫ്റ്റിന്റെ വിൻഡോസിൽ നിന്ന് തദ്ദേശീയമായ 'മായ ഒഎസിലേക്ക്' മാറാനുള്ള പരിശ്രമത്തിലാണ് പ്രതിരോധ മന്ത്രാലയം.
വിദേശ സോഫ്‌റ്റ്‌വെയറുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ പ്രതിരോധശേഷി ഉയർത്തുക മാത്രമല്ല, സ്വദേശീയമായ നവീകരണത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. സൈബർ സുരക്ഷ ഉറപ്പാക്കുന്നതില്‍ 'മായ ഒഎസ്' അവതരിപ്പിക്കുന്നതിലൂടെ ഒരു സുപ്രധാന മുന്നേറ്റമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അതിന്റെ സംയോജിത 'ചക്രവ്യൂഹ്' ഫീച്ചർ, അനധികൃത ആക്‌സസ്സിൽ നിന്ന് സെൻസിറ്റീവ് ഡാറ്റ പരിരക്ഷിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം