സര്‍ക്കാര്‍ ജീവനക്കാര്‍ വാട്ട്സ്ആപ്പും ടെലഗ്രാമും ഉപയോഗിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍

By Web Team  |  First Published Jan 23, 2022, 7:33 PM IST

വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ വെളിച്ചത്തിലാണ് കേന്ദ്രസര്‍ക്കാറിന്‍റെ പുതുക്കിയ മാര്‍ഗ്ഗരേഖ. വ


ദില്ലി: ഏറ്റവും പുതിയ കമ്യൂണിക്കേഷന്‍ മാര്‍ഗ്ഗരേഖ അനുസരിച്ച് ജോലി സംബന്ധമായതും, സര്‍ക്കാര്‍ സംബന്ധമായതുമായ വിവരങ്ങള്‍ കൈമാറാന്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം. ഈ ആപ്പുകള്‍ സ്വകാര്യ കമ്പനികള്‍ വിദേശത്ത് നിന്നും നിയന്ത്രിക്കുന്നവയാണെന്നാണ് മാര്‍ഗനിര്‍ദേശം പറയുന്നത്. 

വിവിധ രഹസ്വന്വേഷണ ഏജന്‍സികള്‍ വാട്ട്സ്ആപ്പ്, ടെലഗ്രാം എന്നിവ സര്‍ക്കാര്‍ ജീവനക്കാര്‍ ഔദ്യോഗിക വിവരങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നതിലെ സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ വെളിച്ചത്തിലാണ് കേന്ദ്രസര്‍ക്കാറിന്‍റെ പുതുക്കിയ മാര്‍ഗ്ഗരേഖ. വര്‍ക്ക് ഫ്രം ഹോം ജോലിയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ പൂര്‍ണ്ണമായും ഇ- ഓഫീസ് അപ്ലിക്കേഷന്‍ വഴി മാത്രമേ ആശയ വിനിമയം നടത്താന്‍ പാടുള്ളൂവെന്നാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദേശം പറയുന്നത്.

Latest Videos

undefined

നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്‍റര്‍ നിര്‍മ്മിച്ച വിപിഎന്‍ വഴിയുള്ള ഇ-ഓഫീസ് വഴി മാത്രമാണ്, ജോലി സമയത്ത് ജോലി സംബന്ധമായ പ്രധാന രേഖകള്‍ കൈമാറാന്‍ പാടുള്ളൂ. എല്ലാ മന്ത്രിമാരും അവരുടെ ഓഫീസുകളും ഇപ്പോള്‍ ഇതില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് മാറ്റാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളാനും മാര്‍ഗനിര്‍ദേശം പറയുന്നു. 

ഓഫീഷ്യല്‍ രേഖകള്‍ ഒരിക്കലും മൊബൈലില്‍ ഫയലുകളായ സൂക്ഷിക്കരുതെന്നും, അനൗദ്യോഗികമല്ലാത്ത ഒരു ആപ്പ് വഴിയും അത് കൈമാറരുതെന്നും നിര്‍ദേശമുണ്ട്. സ്വകാര്യ ഉടമസ്ഥതയിലുള്ള സെര്‍വറുകളില്‍ സര്‍ക്കാറിന്‍റെ രേഖകള്‍ എത്തുന്നത് രാജ്യ സുരക്ഷ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. 

അതേ സമയം രാജ്യസുരക്ഷ പോലുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗങ്ങളില്‍ മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒരിക്കലും സ്മാര്‍ട്ട്ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവ ഉപയോഗിക്കരുതെന്ന് മാര്‍ഗ്ഗ നിര്‍ദേശം പറയുന്നു. തന്ത്ര പ്രധാന ഓഫീസുകളില്‍ വെര്‍ച്വല്‍ അസിസ്റ്റന്‍റുകളായ ആമസോണ്‍ അലക്സ, ഗൂഗിള്‍ ഹോം, ആപ്പിള്‍ ഹോം പോഡ് എന്നിവയും ഉപയോഗിക്കരുതെന്ന് നിര്‍ദേശമുണ്ട്. 

click me!