പണിമുടക്ക് ആസൂത്രണം ചെയ്യുന്ന വെയർഹൗസ് തൊഴിലാളികളായതിനാൽ ഉപഭോക്താക്കളെ സമരം നേരിട്ട് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. യുകെയിലെ കവൻട്രി വെയർഹൗസിലെ 900 ആമസോൺ തൊഴിലാളികളാണ് സമരത്തിന്റെ ഭാഗമാകുന്നത്.
ലണ്ടന്‍: ആമസോൺ ജീവനക്കാർ യുകെയിലെ വെയർഹൗസിൽ സമരം നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ആമസോൺ പ്രൈം ഡേ സെയിൽ നടക്കുന്ന ദിവസങ്ങളിലാണ് സമരം നടക്കുന്നത്. റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമരം ഈ മാസം 11ന് ആരംഭിച്ച് 13ന് അവസാനിക്കും. ശമ്പള തര്‍ക്കത്തെ തുടർന്നാണ് സമരം. ആസൂത്രിത പണിമുടക്ക് യുകെയിൽ ജൂലൈ 11 ന് ആരംഭിച്ച് ജൂലൈ 12 ന് അവസാനിക്കുന്ന ആമസോൺ പ്രൈം ഡേ സെയിൽ ഇവന്റിനെ ബാധിക്കുമെന്നാണ് റിപ്പോർട്ട്.
പണിമുടക്ക് ആസൂത്രണം ചെയ്യുന്ന വെയർഹൗസ് തൊഴിലാളികളായതിനാൽ ഉപഭോക്താക്കളെ സമരം നേരിട്ട് ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. യുകെയിലെ കവൻട്രി വെയർഹൗസിലെ 900 ആമസോൺ തൊഴിലാളികളാണ് സമരത്തിന്റെ ഭാഗമാകുന്നത്. ജൂലൈ 11, ജൂലൈ 12, ജൂലൈ 13 തീയതികളിൽ രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂർ വീതം പണിമുടക്ക് നടത്തുമെന്നാണ് റിപ്പോർട്ട്. വാർത്താ ഏജൻസിക്ക് അയച്ച ഇമെയിൽ പ്രസ്താവനയിൽ ലേബർ യൂണിയൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മണിക്കൂറിന് 15 പൗണ്ട് വേതനം നൽകണമെന്നാണ് ആമസോൺ തൊഴിലാളികൾ സമരത്തിലൂടെ ആവശ്യപ്പെടുന്നത്. ലൊക്കേഷൻ അനുസരിച്ച് മണിക്കൂറിൽ 11 മുതൽ 12 പൗണ്ട് എന്ന നിരക്കിലാണ് നിലവിൽ കമ്പനി ജീവനക്കാർക്കുള്ള പ്രാരംഭ ശമ്പളം നിശ്ചയിച്ചിട്ടുള്ളത്.
undefined
ഇതാദ്യമായല്ല തൊഴിലാളികൾ സമരം നടത്തുന്നത്. കഴിഞ്ഞ മാസവും ജൂൺ 12 മുതൽ 14 വരെ തൊഴിലാളികൾ കവൻട്രി ഗോഡൗണിൽ സമരം നടത്തിയിരുന്നു. ഇന്ത്യയിൽ ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 15 ന് ആരംഭിച്ച് ജൂലൈ 16 ന് അവസാനിക്കും. ഇതിന്റെ പ്രമോഷണൽ ബാനർ ആമസോണിൽ ഇതിനകം പ്രദർശിപ്പിച്ചിട്ടുണ്ട്. ഫോണുകൾ, ടിവികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫാഷൻ ഉൽപന്നങ്ങൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, ആമസോൺ ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, ഫർണിച്ചറുകൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്ക് പുറമേ ഉപയോക്താക്കൾക്ക് ആവശ്യമുള്ള മിക്ക സാധനങ്ങൾക്കും വൻ വിലക്കുറവാണ് സെയിലിലുണ്ടാകുക എന്നാണ് സൂചന.