Apple IPhone | 'അങ്ങനെയാണെങ്കില്‍ നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിച്ചോ'; ഉപയോക്താക്കളോട് ആപ്പിള്‍ മേധാവി

By Web Team  |  First Published Nov 12, 2021, 4:38 PM IST

ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയ്ഡാണ് ഭരണം നടത്തുന്നെങ്കിലും, തങ്ങളുടെ ഫോണുകളുടെ അത്ര സുരക്ഷിതമല്ല അത് എന്ന സന്ദേശമാണ് ടിം കുക്ക് തന്‍റെ അഭിപ്രായത്തിലൂടെ നല്‍കിയത്


ന്യൂയോര്‍ക്ക്: അംഗീകൃതമാല്ലാത്ത ആപ്പുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെങ്കില്‍ തീര്‍ച്ചയായും അവര്‍ ആപ്പിള്‍ (Apple) ഐഫോണ്‍ (Apple Iphone) അല്ല ആന്‍ഡ്രോയ്ഡ് ഫോണ്‍ (Android Phone) ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് (Tim Cook). ന്യൂയോര്‍ക്ക് ടൈംസ് പത്രം സംഘടിപ്പിച്ച 'ഡീല്‍ ബുക്ക്' സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നായ ആപ്പിളിന്‍റെ മേധാവി. 

'ഇപ്പോള്‍ എല്ലാവര്‍ക്കും ചോയിസ് ലഭ്യമാണ്, നിങ്ങള്‍ക്ക് സൈഡ് ലോഡഡ് ആപ്പുകള്‍ ഉപയോഗിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോഗിക്കാം, എന്‍റെ കാഴ്ചപ്പാടില്‍ ഇത്തരം ക്രാക്ക് മെക്കര്‍മാര്‍ ഉണ്ടാക്കുന്ന ആപ്പുകള്‍ക്ക് ഫോണില്‍ അവസരം നല്‍കുന്നത് സീറ്റ് ബെല്‍റ്റും, എയര്‍ബാഗും ഇല്ലാതെ കാര്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നതിന് തുല്യമാണ്. വളരെ അപകടം പിടിച്ചകാര്യമാണ് അത്. അതിനാല്‍ തന്നെ സുരക്ഷയും സ്വകാര്യതയും പണയം വച്ച് ആപ്പിള്‍ ഐഫോണില്‍ അത് ചെയ്യില്ല'- ടിം കുക്ക് പറയുന്നു.

Latest Videos

undefined

ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയ്ഡാണ് ഭരണം നടത്തുന്നെങ്കിലും, തങ്ങളുടെ ഫോണുകളുടെ അത്ര സുരക്ഷിതമല്ല അത് എന്ന സന്ദേശമാണ് ടിം കുക്ക് തന്‍റെ അഭിപ്രായത്തിലൂടെ നല്‍കിയത് എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. ഇത് ആദ്യമായല്ല ആപ്പിളില്‍ നിന്നും സൈഡ് ലോഡഡ് ആപ്പുകള്‍ക്കെതിരെ പ്രതികരണം ഉണ്ടാകുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ഇത് സംബന്ധിച്ച് ആപ്പിള്‍ ഒരു ധവള പത്രം തന്നെ ഇറക്കിയിരുന്നു. 

എന്താണ് സൈഡ് ലോഡഡ് ആപ്പുകള്‍

നിലവില്‍ ആപ്പിള്‍ ഐഫോണിലോ, ആന്‍ഡ്രോയ്ഡ് ഫോണിലോ ഉപയോഗിക്കുന്ന ആപ്പുകള്‍ അതാത് ഒഎസിന്‍റെ ആപ്പ് സ്റ്റോറില്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ ഉപയോഗിക്കുന്നത്. (ഐഫോണിന് ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ആന്‍ഡ്രോയ്ഡിന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍) എന്നാല്‍ ആന്‍ഡ്രോയ്ഡില്‍ നേരിട്ട് ഇന്‍റര്‍നെറ്റില്‍ നിന്നും ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കും. പക്ഷെ തങ്ങളുടെ ആപ്പ് സ്റ്റോറിന് പുറത്തുള്ള ആപ്പുകള്‍ക്ക് ആപ്പിള്‍ ഐഫോണില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കില്ല. എന്നാല്‍ ഇത്തരം മൂന്നാം പാര്‍ട്ടി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് ഒരു മുന്നറിയിപ്പ് നല്‍കും.

click me!