'ആർക്കും കിട്ടും': കേരളത്തിലെ റേഷന്‍കാര്‍ഡ് വിവരങ്ങൾ സൂക്ഷിച്ചതിൽ സുരക്ഷാ വീഴ്ച

By Vipin Panappuzha  |  First Published Nov 29, 2021, 3:46 PM IST

വിവിധ ജില്ലകളിലെ താലൂക്ക് അടിസ്ഥാനത്തില്‍ ഒരോ റേഷന്‍ കടയിലെയും കാര്‍ഡുകളുടെ വിവരങ്ങള്‍ കേരള പൊതുവിതരണ വകുപ്പിന്‍റെ സൈറ്റില്‍ നിന്ന് തന്നെ ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്


തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ റേഷന്‍ കാര്‍ഡ് വിവരങ്ങളും ആര്‍ക്കും ലഭിക്കുന്ന രീതിയില്‍ തുറന്നിട്ടിരിക്കുന്നതായി വെളിപ്പെടുത്തല്‍. റേഷന്‍ കാര്‍ഡ് നമ്പര്‍, കാര്‍ഡ് ഉടമയുടെ പേര്, റേഷന്‍ കടയുടെ നമ്പര്‍, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവരുടെ പേരുകള്‍ എന്നിവയാണ് ലഭ്യമാകുന്നത്. വിവിധ ജില്ലകളിലെ താലൂക്ക് അടിസ്ഥാനത്തില്‍ ഒരോ റേഷന്‍ കടയിലെയും കാര്‍ഡുകളുടെ വിവരങ്ങള്‍ കേരള പൊതുവിതരണ വകുപ്പിന്‍റെ സൈറ്റില്‍ നിന്ന് തന്നെ ലഭിക്കുന്നുവെന്നാണ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഋഷി മോഹന്‍ദാസ് കണ്ടെത്തിയത്. ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി കമ്യൂണിറ്റിയായ യെറ്റ് അനതര്‍ സെക്യൂരിറ്റിയുടെ (Yet Another Security)  ബ്ലോഗില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം തന്നെ 90 ദശലക്ഷത്തോളം റേഷന്‍കാര്‍ഡ് ഉപയോക്താക്കള്‍ ഉള്ള ബിഹാറിലെ സിവില്‍ സപ്ലേസ് സൈറ്റിലും ഇതിനേക്കാള്‍ ഭീകരമായ സുരക്ഷ വീഴ്ചയുണ്ടെന്നാണ് ബ്ലോഗ് പോസ്റ്റ് പറയുന്നത്.

ബിഹാറിലെ പൊതുവിതരണ വകുപ്പിന്‍റെ സൈറ്റില്‍ നിന്നും ആര്‍ക്കും ഒരു റേഷന്‍ കാര്‍ഡ് കുടുംബത്തിന്‍റെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കം ശേഖരിക്കാം എന്നതാണ് അവസ്ഥ എന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ഈ സുരക്ഷ വീഴ്ചയിലൂടെ പേഴ്സണല്‍ ഐഡന്‍റിഫിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ ഡാറ്റയാണ് ചോരുന്നത്.

Latest Videos

undefined

2018 ല്‍ ഇത്തരത്തില്‍ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ ചോരുന്നുവെന്ന സുരക്ഷ പ്രശ്നം ഋഷി മോഹന്‍ദാസ് ഉന്നയിച്ചിരുന്നു. 2018 ലെ സുരക്ഷ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും. അത് പൂര്‍ണ്ണമായിട്ടില്ലെന്നാണ് പുതിയ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. പൊതുവിതരണ വകുപ്പിന്‍റെ വെബ് സൈറ്റില്‍ (civilsupplieskerala.gov.in) ഇന്‍ഡക്സ് പേജില്‍ കാര്‍ഡ്സ് എന്ന വിഭാഗത്തില്‍ ജില്ല തിരിച്ച് അവിടുത്തെ താലൂക്ക് സിവില്‍ സപ്ലേസ് ഓഫീസുകളുടെ കീഴിലെ കാര്‍ഡുകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ ഉണ്ട്. ഇവിടെ നിന്നും പിന്നീട് ഒരോ റേഷന്‍ കടയുടെ വിവരങ്ങളും തുടര്‍ന്ന് റേഷന്‍ കടയ്ക്ക് കീഴിലെ റേഷന്‍ കാര്‍ഡ് നമ്പറുകളും, കാര്‍ഡ് ഉടമയുടെ വിവരങ്ങളും ലഭിക്കും. 

ഇത്രയും ലഭിച്ച് കഴിഞ്ഞാല്‍ പിന്നീട് പൊതുവിതരണ വകുപ്പിന്‍റെ തന്നെ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കാനുള്ള സൈറ്റില്‍ (https://etso.civilsupplieskerala.gov.in/index.php/c_checkrcard_details) പോയി കാര്‍ഡ് നമ്പര്‍ കൊടുത്താല്‍ തന്നെ മുകളില്‍ പറഞ്ഞ പേഴ്സണല്‍ വിവരങ്ങള്‍ ലഭിക്കും. ഇത് ഡൌണ്‍ലോഡ് ചെയ്തെടുക്കാനും സംവിധാനമുണ്ട്. ഇത്തരത്തില്‍ വലിയൊരു ഡാറ്റ ശേഖരം ലക്ഷ്യം വയ്ക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും മറ്റും എളുപ്പത്തില്‍ വിധേയമാകുന്ന തരത്തിലാണ് ആര്‍ക്കും ലഭിക്കാവുന്ന രീതിയില്‍ വിവരങ്ങള്‍ ലഭിക്കുന്നത്. 

ബിഹാറിലെ റേഷന്‍ കാര്‍ഡ് വിവരങ്ങള്‍, കാര്യം കഷ്ടം..!

ഇതേ ബ്ലോഗ് പോസ്റ്റില്‍ തന്നയാണ് ബിഹാറിലെ സ്ഥിതിയും വെളിവാകുന്നത്. ഇത് പ്രകാരം കേരളത്തിലെ പൊതുവിതരണ വകുപ്പിന്‍റെ സൈറ്റിനെക്കാള്‍ പരിതാപകരമാണ് അവസ്ഥ എന്നാണ് ബ്ലോഗിലെ തെളിവുകള്‍ പറയുന്നത്. ബിഹാര്‍ പൊതുവിതരണ വകുപ്പിന്‍റെ ഔദ്യോഗിക സൈറ്റില്‍ (http://epds.bihar.gov.in/.) ജില്ല അടിസ്ഥാനത്തിലുള്ള കാര്‍ഡ് വിവരങ്ങള്‍ ലഭ്യമാണ്. ഗ്രാമ നഗര വ്യാത്യാസം അടക്കം ഒരോ ബ്ലോക്കിലെയും ഒരോ ഗ്രാമത്തിലെയും കാര്‍ഡ് ഇതില്‍ കണ്ടെത്താം. അതില്‍ തന്നെ ഒരോ ഗ്രാമത്തിലെയും കാര്‍ഡില്‍ എത്തി അതിലെ കാര്‍ഡ് നമ്പറില്‍ ക്ലിക്ക് ചെയ്താല്‍ കുടുംബത്തിന്‍റെ ഫോട്ടോ അടക്കം ഡൌണ്‍ ലോഡ് ചെയ്തിരിക്കാം.

റേഷന്‍ കാര്‍ഡ് നമ്പര്‍, കുടുംബ ഫോട്ടോ, കാര്‍ഡ് ഏത് വിഭാഗത്തിലാണ്, കാര്‍ഡ് ഉടമ ആരാണ്, ഒരോ അംഗത്തിന്‍റെയും പേര്, ഇയാളും കാര്‍ഡ് ഉടമയും തമ്മിലുള്ള ബന്ധം, ഫോണ്‍ നമ്പര്‍ ഇവയെല്ലാം ഒന്നു രണ്ട് ക്ലിക്കില്‍ തന്നെ ലഭിക്കും. റേഷന്‍ കാര്‍ഡിന്റെ ഫോട്ടോ തന്നെ ഡൌണ്‍ലോഡ് ചെയ്യാനുള്ള സംവിധാനം ഇതിലുണ്ടെന്നാണ് ബ്ലോഗ് പോസ്റ്റ് പറയുന്നത്. വളരെ വലിയ തോതില്‍ ഇത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും യെറ്റ് അനതര്‍ സെക്യൂരിറ്റി കമ്യൂണിറ്റി അംഗമായ ഋഷി മോഹന്‍ദാസ് പറയുന്നു.

click me!