പിരിച്ചുവിടലിന് പിന്നാലെ ജയിലിൽ ആകുമോ എന്ന ഭീതിയിൽ ട്വിറ്റർ ജീവനക്കാർ

By Web Team  |  First Published Nov 15, 2022, 4:45 AM IST

കമ്പനിയുടെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും സുരക്ഷാ വീഴ്ച ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്ന ബോധ്യമാണ് ഇത്തരമൊരു ആശങ്കയ്ക്ക് പിന്നിൽ


കൂട്ടപിരിച്ചുവിടലിന് പിന്നാലെ ആകെമൊത്തം നട്ടംതിരിയുകയാണ് ട്വിറ്റർ ജീവനക്കാർ. ഇപ്പോഴിതാ തങ്ങൾ ജയിലിലാകുമോ എന്ന ആശങ്ക കൂടി ജീവനക്കാർ പങ്കുവെച്ചിരിക്കുകയാണ്. കമ്പനിയുടെ ഭാ​ഗത്ത് നിന്ന് എന്തെങ്കിലും സുരക്ഷാ വീഴ്ച ഉണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്തം തങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്ന ബോധ്യമാണ് ഇത്തരമൊരു ആശങ്കയ്ക്ക് പിന്നിൽ. ഫെഡറൽ ട്രേഡ് കമ്മീഷന്റെ 20 വർഷത്തെ കരാർ വ്യവസ്ഥകൾ കമ്പനി ലംഘിച്ചാൽ പോലും ജീവനക്കാർ ആരും ജയിലിൽ പോകേണ്ടിവരില്ല എന്നാണ് കമ്പനിയുടെ ലീഗൽ ടീം പറയുന്നത്. ബ്ലൂംബെർ​ഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  എഫ്ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയാത്ത ജീവനക്കാർക്ക് പോലും തങ്ങൾ ജയിലിൽ പോവേണ്ടിവരുമോ എന്ന ആശങ്ക പങ്കുവെക്കുന്നുണ്ട്. ടെക് ലോകം കണ്ട കൂട്ടപിരിച്ചുവിടലിന്റെയും പുതിയ മേധാവിയായ എലോൺ മസ്കിന്റെ പരിഷ്കരണത്തിന്റെയും മാറി വരുന്ന ഡെഡ് ലൈനുകളുടെയും ഇരകളാണ് ട്വിറ്ററിലെ ജീവനക്കാർ. പലവിധ കാരണങ്ങൾ കൊണ്ട് പുറത്താകാതെ പിടിച്ചു നിൽക്കുന്ന, നിസഹയരായ ജീവനക്കാരാണ് അതിലേറെയും. പെട്ടെന്നുണ്ടായ മാറ്റം നൽകുന്ന സമ്മർദത്തിന്  പിന്നാലെയാണ് പുതിയ പ്രശ്നം.  

ആയിരത്തിലധികം ജീവനക്കാരും സൈബർ സുരക്ഷാ ജീവനക്കാരും ഉന്നത ഉദ്യോ​ഗസ്ഥരും ഇപ്പോള് ട്വിറ്ററിന്റെ പടിക്ക് പുറത്താണ്. ഇതാണ് ജീവനക്കാരിൽ ആശങ്ക വർധിപ്പിക്കുന്നത്. പരസ്യദാതാക്കളുമായും ഗവേഷണ പങ്കാളികളുമായും ഉപയോക്തൃ ഡാറ്റ പങ്കിടുന്നതിൽ മേൽനോട്ടം വഹിച്ചിരുന്ന  ഇൻഫർമേഷൻ സെക്യൂരിറ്റി ടീമിനെയാണ് മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം പിരിച്ചുവിട്ടത്. ഈ നീക്കമാണ് സുരക്ഷ നീക്കം സംബന്ധിച്ച അപകടത്തെയും എഫ്‌ടിസി നിയമ സാധ്യതയുടെ ലംഘനങ്ങളെയും കുറിച്ചുള്ള ആശങ്കകൾക്ക് കാരണമായിരിക്കുന്നത്. 

Latest Videos

കമ്പനിയിലെ 50 ശതമാനത്തോളം ജീവനക്കാരെ മസ്ക് പിരിച്ചുവിട്ടതിന് പിന്നാലെ നിരവധി ഉദ്യോ​ഗസ്ഥർ കമ്പനി വിട്ടിരുന്നു. ഇതിൽ ഉപഭോക്താക്കളുടെ സ്വകാര്യത, സുരക്ഷ, വിവിധ നിയമങ്ങളുടെ പാലനം തുടങ്ങിയവയ്ക്കെല്ലാം മേൽനോട്ടം വഹിച്ചവരും ഉൾപ്പെടുന്നുണ്ട്. അപൂർവമായി ആണെങ്കിലും മുൻപും കമ്പനിയുടെ സുരക്ഷാ ലംഘനങ്ങളുടെ പേരിൽ എക്സിക്യൂട്ടീവുകൾക്ക് വ്യക്തിഗത ബാധ്യതകൾ ഉണ്ടായിട്ടുണ്ട്. മുൻ യൂബർ സെക്യൂരിറ്റി ഹെഡ് ജോ സള്ളിവൻ സാൻ ഫ്രാൻസിസ്കോയെ ഒരുതവണ ഫെഡറൽ കോടതി കുറ്റക്കാരനാണെന്നും കണ്ടെത്തിയിരുന്നു. 2016-ലെ  ഹാക്കിങ് സംബന്ധിച്ച  കേസിലെ വിശദാംശങ്ങൾ അദ്ദേഹം മറച്ചുവെക്കാൻ ശ്രമിച്ചുവെന്നതാണ് വിനയായത്. 

click me!