വീര ധീര സൂരൻ തിയറ്ററുകളിൽ ആഘോഷമാകുന്നതിനിടെ, ലൊക്കേഷനിൽ വച്ച് തന്നെ ഞെട്ടിച്ച ചിയാൻ വിക്രമിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുകയാണ് മാല പാർവതി.
എമ്പുരാനൊപ്പം തിയേറ്ററുകളിലെത്തിയ ചിയാൻ വിക്രം ചിത്രമാണ് വീര ധീര സൂരൻ. ആദ്യ ഷോ പ്രതിസന്ധികളിലൂടെ കടന്നുപോയെങ്കിലും രണ്ടാം ദിവസം ചിത്രം വിജയകരമായി മുന്നേറുകയാണ്. വീര ധീര സൂരനിൽ വിക്രമിനൊപ്പം എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് , മാല പാർവതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. വീര ധീര സൂരൻ തിയറ്ററുകളിൽ ആഘോഷമാകുന്നതിനിടെ, ലൊക്കേഷനിൽ വച്ച് തന്നെ ഞെട്ടിച്ച ചിയാൻ വിക്രമിനെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറയുകയാണ് മാല പാർവതി.
മാല പാർവ്വതിയുടെ വാക്കുകൾ
'ചിയാൻ സാറിനെ പോലെ ദയയും അനുകമ്പയുമുള്ള മറ്റൊരു അഭിനേതാവ് ഇന്ടസ്ട്രിയിലില്ല. വീര ധീര സൂരന്റെ സെറ്റിലേക്ക് ആദ്യം പോകുമ്പോൾ വിക്രം എന്ന സൂപ്പർസ്റ്റാറുടെ സിനിമ ലൊക്കേഷനിലേക്ക് പോകുന്നു എന്ന് മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ അദ്ദേഹം എന്നെ പൂർണമായും ഞെട്ടിച്ച ഒരു മനുഷ്യനാണ്. ആ ലൊക്കേഷനിലെ ചെറുതെന്നോ വലുതെന്നോ വ്യത്യസമില്ലാതെ എല്ലാവരുടെയും അടുത്ത് സാർ എത്തും.ആക്ഷൻ സീനുകളിൽ അഭിനയിക്കുന്ന ഗുണ്ടകളൊക്കെ ഷോട്ട് കഴിഞ്ഞ് നിലത്തു പോയി കിടക്കുമ്പോൾ അവരുടെ നെഞ്ചിൽ തലവച്ചു സാർ കിടക്കുന്നത് കണ്ടിട്ടുണ്ട്. അവരെയെല്ലാം സാറിന് പേഴ്‌സണലിൽ അറിയാം. അവരുടെ ഓരോരുത്തരുടെ കാര്യങ്ങൾ പറയുന്നത് കേട്ട് ഞാൻ ഞെട്ടി പോയിട്ടുണ്ട്. എങ്ങനെ ഇത്രയും ഉയരത്തിൽ ഇരിക്കുന്ന ഒരു മനുഷ്യന് ഇങ്ങനെ സാധിക്കുന്നതെന്ന് ചിന്തിച്ചു പോയി. സെറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെ മുതൽ അവിടെ ഏറ്റവും പ്രായമായ ആളെ വരെ ചിയാൻ സാറിന് നല്ല രീതിയിലറിയാം. എല്ലാരും ഓകെയാണോയെന്ന് എപ്പോഴും ഉറപ്പു വരുത്തും.ഒരു സീൻ എടുക്കുമ്പോൾ അവിടെ നിൽക്കുന്ന ഒരാളുടെ കൈയിൽ നിന്ന് ഒരു സാധനം താഴെ വീണാൽ അത് ആദ്യം എടുത്തു കൊടുക്കുന്നത് സാറായിരിക്കും. ഒരു ശതമാനം പോലും ഈഗോ ഇല്ലാത്ത മനുഷ്യൻ. സിനിമയിൽ എന്റെ മരുമകളായി അഭിനയിക്കുന്ന പ്രിയ എന്ന പെൺകുട്ടിയും ഞാനും ഷൂട്ടില്ലാത്ത സമയത്ത് റോഡിന്റെ സൈഡിൽ തറയിൽ പോയി ഇരിക്കുമ്പോൾ ഞങ്ങൾക്കൊപ്പം വന്നിരുന്നു ഓരോ തമാശകൾ പറയുകയായിരുന്നു. ഒരുപാട് ആർട്ടിസ്റ്റുമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരാൾ ഉണ്ടായിട്ടില്ല.'