ഇരുപത് വർഷങ്ങൾക്ക് ശേഷം വീണ്ടും കാമുകവേഷത്തിൽ സൈജു കുറുപ്പ് 

അഭിലാഷം പ്രതീക്ഷ നൽകുന്ന സിനിമയെന്ന് പറഞ്ഞു കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു സൈജു കുറുപ്പ്.

saiju kurup exclusive interview

 

ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിൽ ഉണ്ണി കേശവൻ എന്ന കഥാപാത്രത്തിലൂടെ കാമുകനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നായക നടൻ സൈജു കുറുപ്പ് ഇരുപത് വർഷങ്ങൾക്കിപ്പുറം  ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിലൂടെ അഭിലാഷ് എന്ന കാമുക വേഷത്തിൽ വീണ്ടും എത്തുന്നു. അഭിലാഷം പ്രതീക്ഷ നൽകുന്ന സിനിമയെന്ന് പറഞ്ഞു കൊണ്ട് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു സൈജു കുറുപ്പ്.

Latest Videos

അഭിലാഷിന്റെ ലുക്ക് 


ഇതുവരെ എന്നെ ആരും കാണാത്ത ലൂക്കിലായിരിക്കണം അഭിലാത്തിലെന്ന് സംവിധായകൻ ഷംസുവിന്റെ നിർബന്ധമായിരുന്നു. അതിന് വേണ്ടി മുടി വളർത്താൻ പറഞ്ഞു, എന്നാൽ, ചെറുപ്പം മുതൽ മുടി വളർത്തിയിട്ടേയില്ലാത്തത് കൊണ്ട് കുറച്ചധികം ബുദ്ധിമുട്ടായിരുന്നു. വീട്ടിൽ കുറച്ചു മുടി വളരുമ്പോഴേക്കും ജലദോഷം വരുമോയെന്ന പേടിയിൽ അത് കൊണ്ട് പോയി വെട്ടും. അതുകൊണ്ട് തന്നെ എന്റെ ഇത്ര വയസിനിടയിൽ ആദ്യമായാണ് ഇങ്ങനെ മുടി വളർത്തിയത് അഭിലാഷത്തിന് വേണ്ടിയായിരുന്നു. മുന്ന് മാസത്തോളം മുടി വളർത്തേണ്ടി വന്നു. പേഴ്‌സണൽ ഹെയർ സ്റ്റൈലിസ്റ്റൊന്നുമില്ലാത്തത് കൊണ്ട് കുറച്ചധികം ബുദ്ധിമുട്ടേണ്ടി വന്നു. ഇടയ്ക്ക് ഷംസുവിനെ വിളിച്ചു മുടി വെട്ടിക്കോട്ടേയെന്ന് വരെ ചോദിക്കേണ്ടി വന്നു. പിന്നെ ഷൂട്ട് തുടങ്ങുന്ന സമയത്താണ് മേക്കപ്പ് ആർട്ടിസ്റ്റ് റോണെക്സ് ചിത്രത്തിൽ കാണുന്ന ലുക്കിലേക്ക് മാറ്റി എടുത്തത്. എനിക്ക് അത് അത്ര കൊള്ളാമെന്നൊന്നും തോന്നിയില്ലായിരുന്നു. പക്ഷേ അവിടെ നിന്നവരും ലൊക്കേഷനിലേക്ക് കാണാൻ വന്നവരും കൊള്ളാമെന്ന് പറഞ്ഞത് ആത്മവിശ്വാസം തോന്നി. പിന്നീട് പാട്ടു വന്നപ്പോൾ എല്ലാവരും നന്നായിയെന്ന് പറഞ്ഞു.

ഉണ്ണി കേശവനിൽ നിന്ന് അഭിലാഷിലേക്ക് വന്നപ്പോൾ 


ഹരിഹരൻ സാറിന്റെ മയൂഖത്തിലെ ഉണ്ണി കേശവൻ എന്ന കാമുക വേഷത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്. ഉണ്ണി കേശവനും അഭിലാഷും തമ്മിൽ വലിയ ബന്ധമൊന്നുമില്ലെങ്കിലും രണ്ടുപേരുടെ ഉള്ളിലും പ്രണയമുണ്ടെന്നതാണ് ഇവരെ അടുപ്പിക്കുന്നത്. ഉണ്ണി കേശവൻ റെവല്യൂഷണറി  ആയിരുന്നു. ചുറ്റുപാട് അയാളെ അങ്ങനെയാക്കുന്നതാണ്. അയാളുടെ പ്രണയം പോലും പ്രകടമാക്കുന്നത് അങ്ങനെയാണ്. അഭിലാഷ് അങ്ങനെയല്ല, വളരെ റോമാറ്റന്റിക്കായ, എന്നാൽ കുറച്ചു ഷൈ ആയ, മിതപ്പെടുത്തി പെരുമാറുന്ന ഒരാളാണ്. 


അഭിലാഷത്തിലെ മണം, നൊസ്റ്റാളജിയ 


മണം എപ്പോഴും നൊസ്റ്റാൾജിയ തരുന്ന ഒന്നാണ്. അഭിലാഷത്തിൽ മണത്തെ കുറിച്ച് പറയുന്നത് തന്റെ കാമുകിയായിരുന്ന പെൺകുട്ടി ഉപയോഗിച്ചിരുന്ന അതെ പെർഫ്യൂമാണ് അഭിലാഷ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നാണ്. എന്റെ ജീവിതത്തിലും മണത്തിന് വലിയൊരു സ്ഥാനമുണ്ട്. ഞാൻ  ബോയ്സ് സ്കൂളിലാണ് പഠിച്ചത്. അന്നൊന്നും ഡിയോഡറൻറ് ഒന്നും വാങ്ങാനുള്ള അവസ്ഥയല്ല, ലോങ്ങ് ബ്രേക്കിന് കളിച്ചു, വിയർത്തു കുളിച്ചു വരുമ്പോൾ ഹിന്ദി പീരിയഡായിരിക്കും. ഞങ്ങൾക്ക് പരസ്പരം മണമൊന്നും അറിയില്ല. പക്ഷേ ടീച്ചർ വന്നു 'എന്ത് നാറ്റമാണെന്ന് 'പറയും. മുഖമെങ്കിലും കഴുകി വരാൻ പറയും. ആ സമയത്ത് സി റ്റാക്ക് എന്നൊരു പൗഡർ ഉണ്ടായിരുന്നു. രാവിലെ സ്കൂളിലേക്ക് പോകുമ്പോൾ അത് ഇട്ടാണ് പോകാറുള്ളത്. വിയർത്തു കുളിച്ചു ആ  നാറ്റവും ഒപ്പം പൗഡറിന്റെ സ്മെൽ കൂടെയാവുമ്പോൾ ഒരു സ്മെൽ വരാനുണ്ട്. ഒരുപാട് വർഷങ്ങൾ കഴിഞ്ഞ് സിനിമയിലേക്കൊക്കെ  എത്തിയതിന് ശേഷം ഒരിക്കൽ ഒരു കൂട്ടത്തിൽ ഫോട്ടോ എടുക്കാൻ നിന്നപ്പോൾ ആ പഴയ സ്മെൽ എനിക്ക് കിട്ടി, ആ മോമെന്റിൽ ഞാൻ എന്റെ പഴയ ഹിന്ദി ക്ലാസിൽ എത്തിയപോലെ തോന്നി. മണം നല്ലതാണെങ്കിലും ചീത്തതാണെങ്കിലും അത് നമ്മളെ ട്രാവൽ ചെയ്യിപ്പിക്കാനുള്ള പവറുണ്ട്. അഭിലാഷത്തിലും അത് പറഞ്ഞു വയ്ക്കുന്നുണ്ട്. 


അഭിലാഷം എല്ലാവർക്കും കണക്ടാവും 


അഭിലാഷം തൊണ്ണൂറുകളിലെ പ്രണയം പറയുന്നുണ്ടെങ്കിലും കഥ നടക്കുന്നത് ഈ കാലഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ ഇത് എല്ലാവർക്കും കണക്ട് ആവാനുള്ള  സാധ്യതയുണ്ട്. മനോഹരമായ സ്കൂൾ പ്രണയത്തിലൂടെ കടന്നു പോയവർക്ക് ഇതൊരു നൊസ്റ്റാൾജിയായിരിക്കും. ഇന്നത്തെ കാലഘട്ടത്തിലെ കുട്ടികൾക്ക് നമുക്ക് മുന്നെയുള്ളവരുടെ പ്രണയം ഇങ്ങനെയായിരുന്നെന്ന് മനസിലാക്കാൻ കഴിയും. സന്തോഷം നൽകുന്ന സിനിമയായിരിക്കും അഭിലാഷം എന്നത് ഉറപ്പ് തരാൻ കഴിയുന്ന ഒന്നാണ്.

tags
vuukle one pixel image
click me!