എമ്പുരാനിലെ കഥാപാത്രം സർപ്രൈസാക്കി വച്ചിരുന്നതാണ് :റിനി ഉദയകുമാർ

എമ്പുരാനിലെ കഥാപാത്രത്തെക്കുറിച്ച് റിനി ഉദയകുമാർ സംസാരിക്കുന്നു 

rini udayakumar exclucive interview

 

മഞ്ഞുമ്മല്‍ ബോയ്സില്‍ ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുഭാഷിന്‍റെ അമ്മ വേഷത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് റിനി ഉദയകുമാര്‍. ഇന്ന് പുറത്തെത്തിയ മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ എമ്പുരാനിലും റിനി ഒരു ചെറിയ വേഷത്തില്‍ എത്തുന്നുണ്ട്. സമീപകാല മലയാള സിനിമയില്‍ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രത്തിന്‍റെ ഭാഗമായി മാറിയതിലെ സന്തോഷം റിനി ഉദയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെക്കുന്നു. 

Latest Videos

ഇത് സ്വപ്നതുല്യം 

ലൂസിഫർ തിയേറ്ററിൽ കാണുമ്പോൾ ഞാൻ സിനിമയിൽ എത്തുമെന്ന് പോലും ചിന്തിച്ചിട്ടില്ല. അന്ന് കണ്ട സ്റ്റീഫൻ നെടുമ്പള്ളിയോടും പ്രിയദർശിനി രാംദാസിയോടും  ജതിൻ രാംദാസിനോടുമെല്ലാം വല്ലാത്തൊരു ഇഷ്ടം തോന്നിയിരുന്നു. അതിലുപരി ഒരുപാട് ഇഷ്ടപ്പെടുന്ന നടൻ പൃഥ്വിരാജ് സംവിധായകനാകുന്ന കൗതുകവും. അന്ന് ലൂസിഫർ കണ്ടപ്പോൾ ഇങ്ങനെയൊരു സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം അതിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ എത്തുമ്പോൾ അതിൽ ഒരു പ്രധാനപ്പെട്ട രംഗത്തിൽ എന്റെ മുഖം തെളിയുന്നു. സ്വപ്നമെന്നല്ലാതെ എന്താണ് ഇതിനെ പറയുക? അന്ന്  ആഗ്രഹിച്ചത് ഇന്ന് നടന്നിരിക്കുന്നു. മലയാള സിനിമയിലെ ഏറ്റവും വലിയ സിനിമയുടെ ഭാഗമായി മാറാൻ കഴിഞ്ഞു. 

സർപ്രൈസാക്കി വച്ചു  

സാധാരണ ഞാൻ ഏതൊരു സിനിമയുടെ ഭാഗമാവുമ്പോഴും  അടുത്ത് നിൽക്കുന്നവർ അറിയാറുണ്ട്, ചിലപ്പോൾ  സോഷ്യൽ മീഡിയ വഴിയും അല്ലെങ്കിൽ ഞാനായി പറയാറുണ്ട്. പക്ഷേ  എമ്പുരാന്റെ ഭാഗമായ കാര്യം അധികം ആർക്കും അറിയില്ലായിരുന്നു. ഇന്ന് സിനിമയിൽ പെട്ടന്ന് എന്നെ കണ്ടപ്പോൾ ശെരിക്കും എല്ലാവരും ഞെട്ടിയിട്ട് എനിക്ക് മെസ്സേജുകൾ അയക്കുന്നു, വിളിക്കുന്നു. പ്രതീക്ഷിക്കാതെ കണ്ട സന്തോഷം. എല്ലാവരും വിളിച്ചു പറഞ്ഞപ്പോൾ സന്തോഷം  തോന്നി. ഇതൊരു പുതിയ അനുഭവമായിരുന്നു. മറ്റൊരു രസകരമായ കാര്യം ഞാൻ സിനിമ കണ്ടിട്ടില്ല എന്നാണ്. എവിടെയാണ്, എങ്ങനെയാണ് എന്‍റെ സീൻ പ്ലേസ് ചെയ്തിരിക്കുന്നതെന്നറിയാൻ എക്സൈറ്റഡായാണ് ഇരിക്കുന്നത്. 

പൃഥ്വിരാജ് എന്ന സംവിധായകൻ 

പേഴ്‌സണലി ഒരുപാട് ഇഷ്ടവും ബഹുമാനവുമുള്ള ഒരാളാണ്  പൃഥ്വി. ഇതിന് മുൻപ് ജനഗണമന എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തിട്ടുണ്ട്. പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കാൻ ആണെങ്കിലും വലിയ സന്തോഷമാണ്. വളരെ തന്മയത്വത്തോടെയുള്ള അഭിനയവും സംവിധാനവും. എല്ലാവരെയും വളരെ കംഫർട്ടാക്കി ഒരു സീനിനെ ഏറ്റവും മനോഹരമാക്കി കൊണ്ടുവരാനുള്ള ഒരു മാജിക്ക് പൃഥ്വിയിലുണ്ട്. 

ആദ്യം റിജക്ഷൻ, പിന്നെ സെലക്ഷൻ

എമ്പുരാന്റെ ചീഫ് അസോസിയേറ്റ് വാവയാണ് ആദ്യം കണക്ട് ചെയ്യുന്നത്. ഇങ്ങനെയൊരു വേഷമുണ്ടെന്ന് അറിഞ്ഞപ്പോൾ എന്റെ ഫോട്ടോസ് അയച്ചു കൊടുത്തുവെങ്കിലും അവർക്ക് കുറച്ചുകൂടെ പ്രായം തോന്നിക്കുന്ന ഒരാളാണ് വേണ്ടതെന്ന് പറഞ്ഞു. ആദ്യം കേട്ടപ്പോൾ നിരാശ തോന്നിയിരുന്നു. അപ്പോഴാണ് ഓസ്ലറിലെ ക്യാരക്ടർ പോസ്റ്റർ അയച്ചു കൊടുത്തത്. അത് കണ്ടപ്പോൾ അവർ കൺവിൻസ് ആയി. അങ്ങനെയാണ് ആ വേഷം കിട്ടുന്നത്. മൂന്നുപേർ ചേർന്നാണ് മേക്കപ്പ് ചെയ്തു തന്നത്. അവരുടെ വർക്ക് അത്രയധികം നല്ലതായിരുന്നു. അതാണ് ഈ വേഷം എല്ലാവരും ശ്രദ്ധിക്കാനും കാരണമായത്. 

വലിയ സിനിമകളുടെ ഭാഗമാവുമ്പോൾ 

മലയാളത്തിൽ ഏറ്റവും കളക്ഷൻ നേടിയ ചിത്രം മഞ്ഞുമ്മൽ ബോയ്സിൽ സുപ്രധാന വേഷം ചെയ്യാൻ കഴിഞ്ഞു. ഇന്നും പലരും എന്നെ കാണുമ്പോൾ കുട്ടനെ ക്ലൈമാക്സിൽ കെട്ടിപ്പിടിക്കുന്ന രംഗത്തെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോഴിതാ റീലിസിന് മുൻപേ പല റെക്കോർഡുകളും ബ്രേക്ക് ചെയ്ത എമ്പുരാനിലും സുപ്രധാന വേഷം ചെയ്യാൻ സാധിച്ചു. ഒരുപാട് ആൾക്കാരിലേക്ക്  എത്തുന്ന വലിയ പ്രോജക്ടുകളുടെ ഭാഗമാവാൻ കഴിയുമ്പോൾ അതിലെ സ്ക്രീൻ സ്പേസ് കുറവാണെങ്കിലും നമ്മൾ അത്രയും ആൾക്കാരിലേക്ക് എത്തും.

vuukle one pixel image
click me!