വഴിയിൽ കിടന്ന് കിട്ടിയത് 18.45 ലക്ഷം രൂപ, അച്ഛൻ മരണക്കിടക്കയിൽ, കാശില്ല, എന്നിട്ടും 13 -കാരൻ ചെയ്തത്... 

By Web TeamFirst Published Dec 23, 2023, 1:42 PM IST
Highlights

അതുവഴി ബൈക്കിൽ പോയ ഒരാളുടെ കയ്യിൽ നിന്നും വീണതാണ് ആ പണമടങ്ങിയ ബാ​ഗ് എന്ന് മനസിലാക്കിയ അവൻ ആ ബാ​ഗുമായി ബൈക്കിന് പിന്നിലൂടെ ഓടിയെങ്കിലും അത് വളരെ വേ​ഗത്തിൽ അവിടെ നിന്നും പോയി. 

വഴിയിൽ കിടന്ന് പണം കിട്ടിയാലെന്ത് ചെയ്യും? ഒന്നും അറിയാത്തവരെ പോലെ അതെടുത്ത് സ്വന്തമാക്കുന്നവരുണ്ട്. അതുപോലെ തന്നെ അത് ആരുടേതെങ്കിലും ആണെന്ന് മനസിലായാൽ അത് തിരികെ ഏൽപ്പിക്കുന്നവരും ഉണ്ട്. എന്നാലും കയ്യിൽ കിട്ടിയ പണം കളയാൻ ആർക്കാണെങ്കിലും മടിയാണ്. അങ്ങനെ ഉള്ളവർ ഈ ചൈനീസ് ബാലനെ കണ്ട് പഠിക്കണം. 

13 വയസുള്ള അവന് തെരുവിൽ കിടന്ന് ഒരു ബാ​ഗ് കിട്ടി. അതിൽ നിറയെ പണമായിരുന്നു. അതിലുണ്ടായിരുന്നത് 1,58,000 യുവാനാണ്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 18.45 ലക്ഷം രൂപ. അവൻ അത് വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം നേരെ ഏൽപ്പിച്ചത് പൊലീസിനെയാണ്. 

Latest Videos

കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിൽ നിന്നുള്ളതാണ് യാങ് ഷുവാനെന്ന ഈ ബാലന്റെ കുടുംബം. അവന്റെ അച്ഛൻ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലാണ്. അന്ന് മുതൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് ആ കുടുംബം. അതിനിടയിൽ, യാങ് തന്റെ അമ്മ ഷു സിയോറോംഗിനൊപ്പം വീട്ടിലേക്ക് നടക്കുമ്പോഴാണ് വഴിയിൽ ഒരു ഒരു വെളുത്ത ബാഗ് കിടക്കുന്നത് കണ്ടത്. ബാഗ് തുറന്ന് അതിലെന്താണ് എന്ന് നോക്കിയ അവൻ ഞെട്ടിപ്പോയി. 

ഒട്ടും പ്രതീക്ഷിക്കാത്ത കാഴ്ചയാണ് അവൻ കണ്ടത്. അതിൽ നിറയെ പണമായിരുന്നു. വീട്ടിലെ അവസ്ഥ വളരെ മോശമായിരുന്നു എങ്കിലും ആ പണം സ്വന്തമാക്കാൻ അവൻ ആ​ഗ്രഹിച്ചിരുന്നില്ല. അതുവഴി ബൈക്കിൽ പോയ ഒരാളുടെ കയ്യിൽ നിന്നും വീണതാണ് ആ പണമടങ്ങിയ ബാ​ഗ് എന്ന് മനസിലാക്കിയ അവൻ ആ ബാ​ഗുമായി ബൈക്കിന് പിന്നിലൂടെ ഓടിയെങ്കിലും അത് വളരെ വേ​ഗത്തിൽ അവിടെ നിന്നും പോയി. 

പിന്നാലെ, യാങ് അവന്റെ അമ്മയോട്, 'അയാളെന്തോ തിരക്കിലാണ്. ഈ പണം അയാൾക്ക് അത്യാവശ്യം ആയിരിക്കാം. ചിലപ്പോൾ ഏതെങ്കിലും ജീവൻ രക്ഷിക്കാനുള്ളതാവാം. അയാളുടെ പണം എങ്ങനെയെങ്കിലും അയാളിലെത്തിക്കണം' എന്ന് പറയുകയായിരുന്നു. അങ്ങനെ യാങ്ങിന്റെ ആവശ്യപ്രകാരം അമ്മ പൊലീസിനെ വിളിച്ചു. പൊലീസ് ഉടനെ സ്ഥലത്തെത്തി. യാങ്ങുമായി സ്റ്റേഷനിലെത്തി. ഒടുവിൽ ബാ​ഗിന്റെ ഉടമയെ കണ്ടെത്തി ആ പണം തിരികെ ഏൽപ്പിക്കുകയും ചെയ്തു. 

യാങ്ങിനെ അഭിനന്ദിക്കാൻ അവന്റെ സ്കൂളിൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങളിലെല്ലാം അവൻ വാർത്തയായി. അച്ഛന്റെയും അവന്റെ വീടിന്റെയും ഈ അവസ്ഥയിലും ആ പണം തിരികെ ഏൽപ്പിക്കാൻ അവൻ കാണിച്ച മനസിനെ ലോകം മുഴുവനും അഭിനന്ദിക്കുകയാണിപ്പോൾ. 

വായിക്കാം: 17 മണിക്കൂർ, 20 മിനിറ്റ്, ന​ഗ്നപാദനായി ഓടിയത് 104 കിലോമീറ്റർ; ആകാശിന്റെ ഓട്ടത്തിന് പിന്നിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!