"ഞാൻ എൻ്റെ ജീവിതത്തിൽ ഡൽഹിക്ക് അപ്പുറം യാത്ര ചെയ്തിട്ടില്ല. പക്ഷേ എൻ്റെ മകൾ അത് ചെയ്തു. വിമർശനങ്ങൾക്കിടയിലും അവൾ കഠിനാധ്വാനം ചെയ്യുകയും അവൾ ആഗ്രഹിച്ചത് നേടുകയും ചെയ്തു" എന്നാണ് അദ്ദേഹം പറഞ്ഞത്.
നാൻസി ത്യാഗിയുടെ പേര് കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. കാനിലെ റെഡ് കാർപെറ്റിൽ സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ചെത്തിയ ഇന്ത്യൻ ഫാഷൻ ഇൻഫ്ലുവൻസർ.
എന്നാൽ, ഉത്തർ പ്രദേശിലെ ബഘ്പത് ജില്ലയിലെ ബരൻവാ ഗ്രാമത്തിൽ നിന്നും കാനിലെ റെഡ് കാർപെറ്റ് വരെയുള്ള അവളുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. കഠിനാധ്വാനം ചെയ്യാനുള്ള മനസ് എങ്ങനെ ഉയരങ്ങളിലേക്കുള്ള യാത്രയ്ക്ക് വഴിയൊരുക്കുമെന്നതിന് ഉത്തമ ഉദാഹരണമാണ് നാൻസി ത്യാഗി. പക്ഷേ, എല്ലാത്തിനേക്കാളും ഇപ്പോൾ അവൾ വിലമതിക്കുന്ന മറ്റൊരു കാര്യമുണ്ട്. ഒരിക്കൽ അംഗീകരിക്കാതിരുന്ന അച്ഛൻ ഇന്ന് തന്നെ അംഗീകരിച്ചിരിക്കുന്നു.
പഠിക്കാൻ വേണ്ടി ഡെൽഹിയിലെത്തിയ നാൻസി ത്യാഗിയുടെ ജീവിതം അപ്രതീക്ഷിതമായിട്ടാണ് മാറിമറിഞ്ഞത്. ആദ്യം തഴഞ്ഞും പിന്നെ ചേർത്തുപിടിച്ചും സോഷ്യൽ മീഡിയ അവൾക്ക് തുണയായി. എന്നാൽ, അവളുടെ പിതാവിന് അത് മനസിലായില്ല. മകളുടെ ജീവിതം എന്താണെന്നോ, സോഷ്യൽ മീഡിയ ഒരാളുടെ ജീവിതം മാറ്റിമറിക്കാൻ തക്കതായി വളർന്നു നിൽക്കുന്ന ഒന്നാണെന്നോ അദ്ദേഹത്തിന് അറിയുമായിരുന്നില്ല. പക്ഷേ, കാനിലെ റെഡ് കാർപെറ്റിലേക്കുള്ള അവളുടെ യാത്ര അദ്ദേഹത്തിന്റെ കണ്ണ് തുറപ്പിച്ചു. മകളെയോർത്ത് തനിക്ക് അഭിമാനമുണ്ടെന്നും അവൾ കഠിനാധ്വാനിയാണെന്നുമാണ് അവളുടെ അച്ഛൻ ടിവി ടെക്നിഷ്യനായ ഗജേന്ദ്ര സിങ് പറയുന്നത്.
"ഞാൻ എൻ്റെ ജീവിതത്തിൽ ഡൽഹിക്ക് അപ്പുറം യാത്ര ചെയ്തിട്ടില്ല. പക്ഷേ എൻ്റെ മകൾ അത് ചെയ്തു. വിമർശനങ്ങൾക്കിടയിലും അവൾ കഠിനാധ്വാനം ചെയ്യുകയും അവൾ ആഗ്രഹിച്ചത് നേടുകയും ചെയ്തു" എന്നാണ് അദ്ദേഹം പറഞ്ഞത്. "തുടക്കത്തിൽ, അച്ഛൻ എൻ്റെ ജോലിയെ ഒട്ടും പിന്തുണച്ചിരുന്നില്ല. പക്ഷേ, ഇപ്പോൾ അദ്ദേഹം എന്നെ പിന്തുണക്കുന്നു. അതിനാൽ ഇപ്പോഴെനിക്ക് ടെൻഷനില്ല. സോഷ്യൽ മീഡിയയിലെ എൻ്റെ ജനപ്രീതിക്ക് ശേഷം കാര്യങ്ങൾ ഒരുപാട് മാറി. കാനിനുശേഷം വീഡിയോ ഉണ്ടാക്കിയാണെങ്കിലും ഒരാൾക്ക് വലുതാവാൻ സാധിക്കും എന്ന് അദ്ദേഹം മനസിലാക്കി” എന്ന് നാൻസി ത്യാഗി പറഞ്ഞതായി HT പറയുന്നു.
ആരാണ് നാൻസി ത്യാഗി
ഉത്തർ പ്രദേശിലെ ബഘ്പത് ജില്ലയിലെ ബരൻവാ ഗ്രാമത്തിൽ ഒരു പാവപ്പെട്ട കുടുംബത്തിലാണ് നാൻസി ജനിച്ചത്. തന്റെ മകളുടെ ജീവിതവും തങ്ങളെ പോലെ ഈ ഗ്രാമത്തിൽ ഒതുങ്ങിപ്പോകുമോ എന്ന് ഭയന്ന നാൻസി ത്യാഗിയുടെ അമ്മ നാൻസിയുടെ അച്ഛന്റെ താല്പര്യം പോലും പരിഗണിക്കാതെ അവളെ ദില്ലിയിൽ വിട്ട് പഠിപ്പിക്കാൻ തീരുമാനിച്ചു. അതിനായി, അച്ഛനില്ലാതെ അവളും അമ്മയും ദില്ലിയിലേക്ക് പോന്നു. അവിടെ ഒരു കൽക്കരി ഫാക്ടറിയിലായിരുന്നു അമ്മയ്ക്ക് ജോലി. എന്നാൽ, കൊവിഡ് വ്യാപിച്ചതോടെ അവർക്ക് ജോലി നഷ്ടപ്പെട്ടു.
ദാരിദ്ര്യം ജീവിതത്തിൽ പിടി മുറുക്കിയതോടെ അവൾ പഠനമുപേക്ഷിച്ചു. സോഷ്യൽ മീഡിയയിലൂടെ പണമുണ്ടാക്കാനായി പിന്നെ ലക്ഷ്യം. ഡിസൈനിംഗിനോട് എന്നും അവൾക്ക് താല്പര്യമുണ്ടായിരുന്നു. അങ്ങനെ സെലിബ്രിറ്റികളുടെ വസ്ത്രങ്ങൾ നോക്കി അതുപോലെ തുന്നിയെടുത്തു. അമ്മ അവളെ പഠിപ്പിക്കാൻ വച്ച രണ്ട് ലക്ഷം രൂപയിൽ നിന്നാണ് അവൾ പണമെടുത്തത്. എന്നാൽ, അവളുടെ വീഡിയോ കരുതിയ പോലെ വിജയിച്ചില്ല. മാത്രമല്ല, മെലിഞ്ഞിരിക്കുന്ന നാൻസി ത്യാഗിക്ക് ബോഡിഷേമിംഗും ഒരുപാട് നേരിടേണ്ടി വന്നു. പക്ഷേ, കമന്റ് നെഗറ്റീവായാലും സാരമില്ല ഫോളോവേഴ്സിന്റെ എണ്ണം കൂടുന്നുണ്ടല്ലോ എന്നതിൽ അവൾ ആശ്വസിച്ചു.
ഒടുവിൽ, 'ഔട്ട്ഫിറ്റ് ഫ്രം സ്ക്രാച്ച്' എന്ന സീരീസിന് അവൾ തുടക്കം കുറിച്ചു. ആലിയ ഭട്ടും ദീപിക പദുക്കോണും അടക്കം ധരിക്കുന്ന സബ്യസാചി, മനീഷ് മല്‍ഹോത്ര ഡിസൈനിലുള്ള ചെയ്യുന്ന വസ്ത്രമാണ് അവൾ ചെയ്തത്. സരോജിനി മാർക്കറ്റിൽ നിന്നും തുണിയെടുക്കുന്നത് മുതൽ അത് തയ്ച്ച് ധരിക്കുന്നത് വരെയുള്ള യാത്രകൾ അവൾ സഹോദരന്റെ സഹായത്തോടെ വീഡിയോയാക്കി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഒടുവിൽ, ഫോളോവേഴ്സിന്റെ എണ്ണം ഒരു ലക്ഷത്തിലധികമായി.
ആ യാത്രയിൽ പിന്നീടവൾക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 'ഡിസ്‌റപ്റ്റര്‍ ഓഫ് ദ ഇയര്‍', 'ദി ഫേവറൈറ്റ് ഫാഷന്‍ ഹെറിറ്റേജ് ഐക്കണ്‍ ഓഫ് ദ ഇയര്‍' എന്നീ അവാർഡുകൾ കാനിലെ റെഡ് കാർപെറ്റിലേക്കുള്ള അവളുടെ യാത്രയ്ക്ക് വഴിയൊരുക്കി. ഒടുവിൽ ഉത്തർപ്രദേശിലെ ഒരു കൊച്ചുഗ്രാമത്തിൽ നിന്നും വന്ന ആ പെൺകുട്ടി ഇന്ത്യക്കാരെ നോക്കി കൈവീശി. സാഹചര്യങ്ങൾ പ്രതികൂലമായാലും തളരരുത്, പോരാടണം, വിജയം സുനിശ്ചിതമാണ് എന്ന ആത്മവിശ്വാസം നിറഞ്ഞ ചിരിയുണ്ടായിരുന്നു അവളുടെ മുഖത്ത് അപ്പോഴും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം