മൂന്നു ഗ്ലാസ് മദ്യം ഒറ്റയടിക്ക് കുടിക്കുക എന്നതായിരുന്നു യുവതിക്ക് നൽകിയ ഗെയിം. മേലുദ്യോഗസ്ഥന്റെ ചുംബന ഭീഷണിയെ ഭയന്ന് താൻ പൊട്ടിക്കരഞ്ഞുകൊണ്ട് മൂന്നു ഗ്ലാസ് മദ്യം കുടിച്ചുവെന്നും അതിനുശേഷം അയാൾ മറ്റൊരു പെൺകുട്ടിയുടെ അടുത്തേക്ക് അതേ ആവശ്യവുമായി ചെന്നുവെന്നും ഹ്യൂൻ കൂട്ടിച്ചേർത്തു.
ഓഫീസിലെ ആഘോഷ പരിപാടിക്ക് മുതിർന്ന പുരുഷ സഹപ്രവർത്തകൻ ചുംബിക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് വിയറ്റ്നാം സ്വദേശിയായ യുവതി ജോലി രാജിവച്ചു. കമ്പനിയുടെ ഒരു നിർബന്ധിത ആഘോഷ പരിപാടിയിലാണ് മേലുദ്യോഗസ്ഥൻ യുവതിയോട് തന്നെ ചുംബിക്കാൻ ആവശ്യപ്പെട്ടത് എന്നാണ് ആരോപണം. ചുംബിക്കാൻ തയ്യാറാവാതിരുന്ന യുവതി ജോലി രാജി വയ്ക്കുകയായിരുന്നു. ഈ ആഘോഷ പരിപാടിയിൽ പങ്കെടുക്കാത്തവർക്ക് പിഴയോ അധികജോലിയോ നൽകുന്നതായിരുന്നു കമ്പനിയുടെ രീതി. ഇത് ഭയന്ന് ജീവനക്കാർ മുഴുവൻ ഈ പരിപാടിയിൽ പങ്കെടുക്കുമായിരുന്നു.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിയറ്റ്നാം സ്വദേശിനിയായ ഹ്യൂൻ ആൻ എന്ന യുവതിക്കാണ് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായതിനെ തുടർന്ന് ജോലി രാജിവെക്കേണ്ടിവന്നത്. ഹനോയിലെ ഒരു കമ്പനിയിലായിരുന്നു ഇവർ ജോലി ചെയ്തു വന്നിരുന്നത്. എല്ലാമാസവും കൃത്യമായ ഇടവേളകളിൽ കമ്പനിയിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ആഘോഷ പരിപാടിയിലാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്.
കമ്പനിയിലെ ജീവനക്കാർ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നതെങ്കിലും ഒരുതരം റാഗിങ് ആയാണ് തനിക്ക് ഈ ആഘോഷ പരിപാടി അനുഭവപ്പെട്ടത് എന്നാണ് യുവതി പറയുന്നത്. ജീവനക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിവിധ ഗെയിമുകൾ ആണ് പരിപാടിയിലെ പ്രധാന ഇവന്റ്. ഏതെങ്കിലും ഗെയിമിൽ പരാജയപ്പെട്ടാൽ മനുഷ്യത്വരഹിതമായ ശിക്ഷകളാണ് നൽകിയിരുന്നത് എന്നും യുവതി പറയുന്നു. അത്തരത്തിൽ ഒരു ഗെയിമിൽ നിർബന്ധിതമായി തന്നെ പങ്കെടുപ്പിച്ചുകൊണ്ട് പരാജയപ്പെട്ടാൽ ശിക്ഷയായി മേലുദ്യോഗസ്ഥനെ ചുംബിക്കണമെന്ന് തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്നാണ് ഹ്യൂൻ ആൻ പറയുന്നത്.
മൂന്നു ഗ്ലാസ് മദ്യം ഒറ്റയടിക്ക് കുടിക്കുക എന്നതായിരുന്നു യുവതിക്ക് നൽകിയ ഗെയിം. മേലുദ്യോഗസ്ഥന്റെ ചുംബന ഭീഷണിയെ ഭയന്ന് താൻ പൊട്ടിക്കരഞ്ഞുകൊണ്ട് മൂന്നു ഗ്ലാസ് മദ്യം കുടിച്ചുവെന്നും അതിനുശേഷം അയാൾ മറ്റൊരു പെൺകുട്ടിയുടെ അടുത്തേക്ക് അതേ ആവശ്യവുമായി ചെന്നുവെന്നും ഹ്യൂൻ കൂട്ടിച്ചേർത്തു.
സംഭവത്തിനുശേഷം തനിക്ക് ദിവസങ്ങളോളം ഭയവും ഉത്കണ്ഠയും ആയിരുന്നുവെന്നും തന്റെ സഹപ്രവർത്തകരെ അഭിമുഖീകരിക്കാൻ പോലുമുള്ള ധൈര്യം ഇല്ലായിരുന്നുവെന്നും യുവതി പറയുന്നു. തൻറെ സൂപ്പർവൈസറെ ഈ ദുരനുഭവത്തെക്കുറിച്ച് അറിയിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും ഒടുവിൽ താൻ ജോലി രാജിവെക്കുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു. എന്തിനാണ് ഇത്തരത്തിലുള്ള ആഭാസകരമായ പ്രവൃത്തികൾ ഒരു തൊഴിൽ സ്ഥാപനത്തിൽ നടത്തുന്നത് എന്ന തനിക്ക് മനസ്സിലാകുന്നില്ല എന്നും അവർ പറഞ്ഞു.
വിയറ്റ്നാമിൽ, ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ നിന്ന് ലൈംഗിക പീഡനം നേരിടേണ്ടി വന്നാൽ അവരുടെ തൊഴിൽ കരാർ ഏകപക്ഷീയമായി അവസാനിപ്പിക്കാം, കുറ്റവാളികൾക്ക് $1,200 വരെ പിഴ ലഭിക്കും. ഇന്ത്യൻ രൂപയിൽ ഒരു ലക്ഷത്തോളം വരും ഇത്.
(ചിത്രം പ്രതീകാത്മകം)