ആകാശത്ത് മിന്നൽ കണ്ടാൽ, എണ്ണിത്തുടങ്ങുക. 30 എണ്ണിത്തീരും മുമ്പ് ഇടിവെട്ടുന്ന ഒച്ച കേട്ടാൽ, അടുത്ത 30 മിനിറ്റ് നേരത്തേക്ക് വീടിനു പുറത്തിറങ്ങരുത്. ഇതാണ് 30-30 റൂൾ.
ഇന്നലെ രാത്രിയിൽ ബിഹാറിൽ മാത്രം പല ജില്ലകളിലായി ഇടിമിന്നലേറ്റ് മരിച്ചുപോയത് 93 പേരാണ്. ഉത്തർപ്രദേശിൽ മിന്നലേറ്റ് പൊലിഞ്ഞത് 24 ജീവനാണ്. ഇന്നലെ ഒരൊറ്റ രാത്രിയിലുണ്ടായ ഇടിമിന്നലുകളേറ്റ് ഉത്തരേന്ത്യയിൽ ആകെ മരിച്ചിരിക്കുന്നത് 114 പേരാണ്.
ഇന്ത്യയിൽ വർഷാവർഷം ചുരുങ്ങിയത് 2500 പേരെങ്കിലും കൊല്ലപ്പെടാറുണ്ട് എന്നാണ് കാലാവസ്ഥാവിഭാഗത്തിന്റെ ഏകദേശ കണക്ക്. അമേരിക്കയിൽ ഇത് വർഷത്തിൽ അൻപതും യുകെയിൽ ഇരുപതിൽ താഴെയുമാണ്. എന്തുകൊണ്ടാണ് ഇന്ത്യയിൽ മാത്രം, അതും വിശേഷിച്ച് ഉത്തരേന്ത്യയിൽ തന്നെ ഇത്രയധികം പേർ വർഷാവർഷം ഇടിമിന്നലേറ്റ് മരിക്കുന്നത്? അതും ബീഹാർ-ഉത്തർപ്രദേശ് ഭാഗങ്ങളിൽ. ഒന്നാമത്തെ കാരണം പാശ്ചാത്യ ലോകത്ത് നിലവിലുള്ള വളരെയധികം ആധുനികവൽക്കരിക്കപ്പെട്ട മിന്നൽ മുന്നറിയിപ്പ് സംവിധാനങ്ങളും, അവ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കുന്ന ജനങ്ങളുടെ ശീലവുമാണ്.
undefined
എന്നാൽ, അതുമാത്രമല്ല കാരണം, ജൂൺ-സെപ്റ്റംബർ മാസങ്ങളിൽ ഉത്തരേന്ത്യയിലേക്കെത്തുന്ന മൺസൂൺ സീസൺ ആണ് ഇവിടങ്ങളിലെ മിന്നലിന് പ്രധാനകാരണം. അമേരിക്കയെക്കാൾ കൂടുതലായി ജനങ്ങൾ പാടത്തും പറമ്പിലുമൊക്കെയായി തൊഴിലെടുക്കുന്നുണ്ട് ഉത്തരേന്ത്യയിൽ എന്നതും മരണസംഖ്യ കൂടിയിരിക്കാൻ കാരണമാണ്.
മറ്റൊരു കാരണം ബീഹാർ, ഉത്തർപ്രദേശ് എന്നിവയുടെ ഭൂപ്രകൃതിയാണ്. ഇവിടങ്ങളിൽ ഇടിമിന്നലുണ്ടാക്കുന്ന കുമുലസ്, കുമുലോനിംബസ് മേഘങ്ങൾക്ക് അടിഞ്ഞു കൂടാൻപറ്റിയ, മലകൾ നിറഞ്ഞ ഭൂപ്രകൃതിയാണുള്ളത്. ഈ പ്രദേശങ്ങളിൽ എല്ലാം തന്നെ മിന്നൽ പ്രവചന സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. അവയിൽ നിന്ന് ലഭിക്കുന്ന സിഗ്നലുകൾ പഠിച്ചാൽ കാലാവസ്ഥാ വിഭാഗത്തിന് ഇടിമിനലുകളെ 24 മണിക്കൂർ മുമ്പുതന്നെ പ്രവചിക്കാൻ സാധിക്കും. ഇങ്ങനെ ലഭിക്കുന്ന മുന്നറിയിപ്പുകൾ ദുരന്ത നിവാരണ അതോറിറ്റി സാധാരണ എസ്എംഎസ് വഴി ജനങ്ങളിലേക്ക് എത്തിക്കാറുണ്ട്. എന്നാൽ, പാടത്തും പാരമ്പത്തുമൊക്കെ ജോലി ചെയ്യുന്ന പലർക്കും സ്വന്തമായി മൊബൈൽ ഫോൺ ഒന്നുമില്ലാത്തതും, ഇത്തരം മുന്നറിയിപ്പുകൾ നിരന്തരം വരാറുള്ളതും ഒക്കെ അവരെ ഇതിന്റെ സഹായം പ്രയോജനപ്പെടുത്തുന്നതിൽ നിന്ന് തടയുന്നു. ഗ്രാമങ്ങളിലാണ് മിന്നൽ കൂടുതലായി ഉണ്ടാകുന്നത്. തുറസ്സായ സ്ഥലങ്ങളിലെ ഈർപ്പം മിന്നലിനു കൂടുതൽ സാധ്യത ഉണ്ടാക്കുന്ന ഒന്നാണ്.
മരിച്ചവരുടെ വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുന്നതേയുള്ളൂ എന്നാണ് ബീഹാർ ദുരന്ത നിവാരണ അതോറിറ്റിയിലെ പ്രിൻസിപ്പൽ സെക്രട്ടറി പ്രത്യയ് അമൃത് പ്രതികരിച്ചിരിക്കുന്നത്. പല ജില്ലകളിലായി ഒരേസമയമാണ് ഇത്രയധികം പേർക്ക് ഇടിമിന്നലേറ്റത് എന്നതുകൊണ്ടുതന്നെ മരിച്ചവരുടെ എണ്ണത്തിൽ ഇനിയും വർദ്ധനവുണ്ടാകാൻ ഇടയുണ്ട്. കൃഷിപ്പണികൾക്കായി പാടത്ത് ഇറങ്ങിയവരായിരുന്നു മരിച്ചവരിൽ ഭൂരിഭാഗവും. മൺസൂൺ വരുമ്പോഴേക്കും കൃഷിയിടങ്ങൾ ഞാറുനട്ട് തയ്യാറാക്കാൻ വേണ്ടിയാണ് കർഷകർ നേരിയ മഴ പൊടിയുന്ന സമയത്തും പടങ്ങളിലിറങ്ങി പണി ചെയ്യുന്നത്. അങ്ങനെ പാടത്ത് പണിചെയ്തുകൊണ്ട് നിൽക്കുന്നവർ ഇടിമിന്നലുണ്ടായാൽ മരണപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
വരുന്ന ദിവസങ്ങളിൽ ഇനിയും ഇടിമിന്നലോടു കൂടിയ മഴകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ ദുരന്ത നിവാരണ അതോറിറ്റിയും ഇക്കാര്യത്തിൽ കർഷകർക്കും പൊതുജനങ്ങൾക്കും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. എന്നാൽ, ലോക്ക് ഡൌൺ കാരണം സാമ്പത്തികനില അവതാളത്തിലായി ഉത്തരേന്ത്യയിലെ ജനങ്ങളിൽ ഭൂരിഭാഗത്തിനും ഇനിയങ്ങോട്ടുള്ള ദിവസങ്ങളിലെ ചെലവ് കഴിക്കാനുള്ള ഒരേയൊരു പ്രതീക്ഷ മൺസൂണിനെ ആശ്രയിച്ചുകൊണ്ടുള്ള ഈ കൃഷി എന്നതിനാൽ ജനങ്ങൾക്ക് എത്രകണ്ട് ഈ മുന്നറിയിപ്പുകൾ പാലിക്കാനാകും എന്ന കാര്യത്തിൽ സംശയമുണ്ട്.
എന്താണ് ഈ ഇടിമിന്നൽ?
അന്തരീക്ഷത്തിലെ മേഘങ്ങളിൽ നിന്ന് താഴെ ഭൂമിയിലേക്കുള്ള ഒരു ഇലക്ട്രിക് ഡിസ്ചാർജ് ആണ് ഇടിമിന്നൽ. ആദ്യം കാണുക മിന്നലാണ്. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ഇടിവെട്ടുന്ന ഒച്ചയും കേൾക്കാം. ശബ്ദത്തേക്കാൾ വേഗത്തിൽ പ്രകാശം അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
നമ്മളിൽ നിന്ന് എത്ര ദൂരെയാണ് മിന്നൽ എന്നറിയണമെങ്കിൽ, ഇടിമിന്നൽ കണ്ട ശേഷം ഇടിവെട്ടുന്നതിനിടെ എത്ര സെക്കന്റുണ്ട് എന്ന് എണ്ണി നോക്കിയാൽ മതി. ഏകദേശം 3 സെക്കൻഡാണ് ശബ്ദത്തിന് ഒരു കിലോമീറ്റർ സഞ്ചരിക്കാൻ വേണ്ട സമയം. അതുവച്ച് കണക്കാക്കിയാൽ എത്ര സെക്കൻഡ് കഴിഞ്ഞാണ് ഒച്ച കേട്ടത് എന്നത് വെച്ച് എത്ര ദൂരെയാണ് ഇടിമിന്നൽ പതിച്ചത് എന്നും കണ്ടെത്താം. 30-30 എന്നൊരു നിയമമുണ്ട് ഇടിമിന്നലിന്റെ കാര്യത്തിൽ. ആകാശത്ത് മിന്നൽ കണ്ടാൽ, എണ്ണിത്തുടങ്ങുക. 30 എണ്ണിത്തീരും മുമ്പ് ഇടിവെട്ടുന്ന ഒച്ച കേട്ടാൽ, അടുത്ത 30 മിനിറ്റ് നേരത്തേക്ക് വീടിനു പുറത്തിറങ്ങരുത്. അത്രയും നേരത്തേക്കുള്ള എല്ലാ പ്ലാനും റദ്ദാക്കി അടങ്ങിയൊതുങ്ങി ഇരിക്കുക. ഇതാണ് 30-30 റൂൾ.
മിന്നൽ നമ്മളെ ബാധിക്കുന്നത് എങ്ങനെ?
ഇടിമിന്നൽ ഒറ്റയടിക്ക് വലിയ അളവിൽ വൈദ്യുതി നമ്മുടെ ശരീരത്തിലേക്ക് കടത്തിവിടും അത് നമ്മുടെ ഹൃദയത്തിന്റെ പ്രവർത്തന താളം, കാർഡിയാക് റിഥം, തെറ്റിക്കുകയും ചെയ്യുന്നതാണ് മരണത്തിനുള്ള പ്രധാന കാരണം. ഷോക്ക് കാരണം അപസ്മാരബാധ വരികയോ, ശ്വാസംമുട്ട് അനുഭവപ്പെടുകയോ ഒക്കെ ചെയ്യാം. കടന്നുപോകുന്നിടങ്ങളിലൊക്കെ അത് പൊള്ളലും ഏൽപ്പിക്കും. അതും മരണത്തിന് കാരണമാകും.
ഇടിമിന്നലുണ്ടാകുന്ന ദിവസങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ
ഇടിമിന്നൽ, പേമാരി, കൊടുങ്കാറ്റ് തുടങ്ങിയവയ്ക്കുള്ള സാധ്യതയുണ്ട് എന്ന കാലാവസ്ഥാ പ്രവചനം ഉള്ള ദിവസങ്ങളിൽ യാത്ര കഴിവതും ഒഴിവാക്കുക.
ഇടിവെട്ടുന്ന ഒച്ചകേട്ടാൽ ഉടൻ ഓടി വീടിനകത്ത് കയറി സുരക്ഷിതമായി ഇരിക്കുക. 30-30 റൂൾ പാലിക്കാൻ ശ്രദ്ധിക്കുക.
കോൺക്രീറ്റ് ചുവരുകളിൽ നിന്നും നിലങ്ങളിൽ നിന്നും മാറിയിരിക്കുക. ജനലരികിൽ ചെന്ന് കമ്പിയിൽ പിടിച്ച് മിന്നൽ നോക്കി ഇരിക്കരുത്. വീട്ടിനുള്ളിൽ ഇരുന്നാലും മിന്നൽ ഏൽക്കാം. പരമാവധി മിന്നൽ ഏൽക്കാൻ ഇടയില്ലാത്ത സ്ഥലത്ത് ചെന്നിരിക്കുക.
നല്ല ഇടിമിന്നൽ ഉണ്ടെങ്കിൽ ഷവറിൽ കുളിക്കുന്നതും ടാപ്പ് ഉപയോഗിക്കുന്നതും ഒഴിവാക്കാം.
ലാൻഡ് ഫോൺ ഒരു കാരണവശാലും ഉപയോഗിക്കരുത്.
അടുത്ത് നിങ്ങളുടെ കാർ ഉടനടി അതിനുള്ളിൽ കയറി ഇരിക്കുക. കാറിനുള്ളിലിരുന്നാൽ ഇടിമിന്നൽ ഏൽക്കില്ല.
നടന്നു പോകുന്നതിനിടെ ഇടിമിന്നൽ ഉണ്ടായാൽ മുട്ടുകുത്തി കൈകൾ കാൽമുട്ടിൽ ചേർത്ത് പിടിച്ച് തല കാൽമുട്ടുകൾക്കിടയിൽ അമർത്തി ഇരുന്നാൽ പരമാവധി മിന്നലിൽ നിന്ന് രക്ഷനേടാം. ഇടിമിന്നലുള്ളപ്പോൾ തുറസ്സായ ഇടങ്ങളിൽ നിന്ന് കുട, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കാതിരിക്കാൻ കഴിവതും ശ്രദ്ധിക്കുക.
ഇടിമിന്നലേറ്റ് ആരെങ്കിലും നിലത്തുവീണാൽ ഉടനടി ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ ലഭ്യമാക്കണം. അവരെ തൊട്ടതുകൊണ്ട് നിങ്ങൾക്ക് ഷോക്കടിക്കുമെന്ന ഭീതി വേണ്ട. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിച്ചാൽ ചിലപ്പോൾ ജീവൻ രക്ഷിക്കാനാകും.
ഇടിമിന്നലുണ്ടാകുമ്പോൾ കഴിയുന്നതും പുറത്തിറങ്ങാതിരിക്കുക. ഒരു കൊടുങ്കാറ്റ് കടന്നുപോയാൽ സാധാരണ അരമണിക്കൂർ നേരം വരെ ഇടിമിന്നൽ തുടരാനുള്ള സാധ്യതയുണ്ട്.