ട്രംപിന്‍റെ വിചാരണ തള്ളിവച്ച് വനിതാ ജഡ്ജി, ലോകം തിരഞ്ഞത് ഫ്ലോറിഡയിലെ മറ്റൊരു വനിതയെ...

By Web TeamFirst Published Dec 2, 2023, 8:19 PM IST
Highlights

ഫ്ലോറിഡയില്‍ 1989നും 1990നും ഇടയിൽ ദേശീയ പാതയിലെ സഞ്ചാരികളുടെ പേടിസ്വപ്നമായിരുന്നു എയ്ലിന്‍ വുർനോസ്. 12 മാസത്തിനിടെ ഏഴ് പുരുഷന്മാരെയാണ് എയ്ലിന്‍ കൊന്നുതള്ളിയത്.

രഹസ്യ രേഖകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തെന്ന ആരോപണത്തിൽ അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ വിചാരണ വൈകുന്നതിന് പിന്നിൽ ഒരു വനിതാ ജഡ്ജിനെതിരെ വിമർശനം ഉയരുന്നതിനിടെ സമൂഹമാധ്യമങ്ങളിൽ ആളുകൾ തിരഞ്ഞത് മറ്റൊരു വനിതയെ. മെയ് മാസത്തിലേക്കാണ് ട്രംപിന്റെ വിചാരണ വനിതാ ജഡ്ജ് എയ്ലിന്‍ കനോണ്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആളുകൾ തിരഞ്ഞിരിക്കുന്നത് ഇതേ പേരിലുള്ള ഒരു കൊടും ക്രിമിനലിനെയാണ്.

അമേരിക്കയിലെ ആദ്യത്തെ വനിതാ സീരിയൽ കില്ലറായ എയ്ലിനാണ് ഇത്. ഫ്ലോറിഡയില്‍ 1989നും 1990നും ഇടയിൽ ദേശീയ പാതയിലെ സഞ്ചാരികളുടെ പേടിസ്വപ്നമായിരുന്നു എയ്ലിന്‍ വുർനോസ്. 12 മാസത്തിനിടെ ഏഴ് പുരുഷന്മാരെയാണ് എയ്ലിന്‍ കൊന്നുതള്ളിയത്. കൊല്ലപ്പെട്ടവരുടെ പ്രായം 40 നും 65നും ഇടയിലാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. കൊന്ന് തള്ളിയവരിൽ പൊലീസ് മേധാവി വരെ ഉൾപ്പെട്ടതാണ് ഇവർക്ക് അതിഭീകര വില്ലത്തി പരിവേഷം നൽകിയത്. ചെറുപ്രായത്തിൽ നേരിട്ട ലൈംഗിക അതിക്രമങ്ങളും അവഗണനയും പീഡനങ്ങളുമാണ് എയ്ലിനെ ഇത്തരമൊരു മാനസിക നിലയിലേക്ക് എത്തിച്ചതെന്ന് വിലയിരുത്തിയെങ്കിലും 2002ൽ ഇവരെ വധശിക്ഷയ്ക്ക് വിധേയ ആക്കിയിരുന്നു.

Latest Videos

വളരെ ചെറിയ പ്രായത്തിലേ ലഹരിയും മദ്യവും എയ്ലിന്റെ ജീവിതം കൊണ്ടുചെന്നെത്തിച്ചത് ലൈംഗിക തൊഴിലിലായിരുന്നു. തന്നോട് ക്രൂരമായി പെരുമാറിയിരുന്നവരേയാണ് വക വരുത്തിയതെന്നാണ് എയ്ലിന്‍ അവകാശപ്പെട്ടിരുന്നത്. 1956 ഫെബ്രുവരിയിലായിരുന്നു എയ്ലിന്റെ ജനനം. ചെറുപ്പത്തില്‍ സഹോദരനും മുത്തശ്ശനും അടക്കമുള്ളവരുടെ ലൈംഗിക അതിക്രമത്തിനിരയായ എയ്ലിനെ ഒരു ബന്ധുവിന്റെ പീഡനത്തിൽ ഗർഭിണിയുമായിരുന്നു. 15ാം വയസിൽ മുത്തശ്ശന്റേയും മുത്തശ്ശിയുടേയും ഒപ്പമുള്ള ജീവിതം ഉപേക്ഷിച്ച എയ്ലിന്‍ ഫ്ലോറിഡയിലെ ഒരു യാച്ച് ക്ലബ് പ്രസിഡന്റിലെ 1976ൽ വിവാഹം ചെയ്തു. വളരെ ചെറുപ്രായത്തിൽ 69കാരനുമായുള്ള വിവാഹം സുരക്ഷിതത്വം ലക്ഷ്യമിട്ടായിരുന്നെങ്കിലും ആ ബന്ധം നീണ്ട് നിന്നില്ല. വെറും 9 ആഴ്ച മാത്രമായിരുന്നു ഈ ബന്ധം നീണ്ടത്.

മദ്യത്തിലായിരുന്നു വിവാഹം ബന്ധം തകർന്നതോടെ എയ്ലിന്‍ ആശ്രയം തേടിയത്. ഇതിനിടെ ക്യാന്‍സർ ബാധിച്ച് മരിച്ച സഹോദരന്റെ പേരിലുള്ള ഇൻഷുറൻസ് തുക എയ്ലിന് ലഭിച്ചിരുന്നു. 1980കളുടെ ആദ്യത്തിൽ നിയമലംഘനങ്ങളുടെ പാതയിലേക്ക് എയ്ലിന്‍ എത്തി. ആയുധങ്ങളുമായി കവർച്ചയും വാഹന മോഷണങ്ങളും ഇതിനിടയ്ക്ക് എതിർക്കുന്നവരെ ക്രൂരമായി ആക്രമിക്കുന്നതും എയ്ലിന്‍ പതിവാക്കി. 1986ലാണ് ഒരു ഗേ ബാറിൽ വച്ച് കണ്ടുമുട്ടിയ 24കാരിയായ ഹോട്ടൽ ജീവനക്കാരി ടിരിയ മൂർ എയ്ലിനുമായി അടുക്കുന്നത്. കൊള്ളമുതലിന്റെ ഓഹരിയടക്കം ടിരിയ മൂറിന് നൽകാന്‍ എയ്ലിന്‍ മടി കാണിച്ചിരുന്നില്ല. ഇലക്ട്രോണിക് കട ഉടമയായ 51കാരന്‍ റിച്ചാർഡ് മല്ലോറി എന്നയാളെയാണ് ആദ്യമായി എയ്ലിന്‍ കൊലപ്പെടുത്തുന്നത്. 1989 നവംബർ 30നായിരുന്നു ഇത്. വെടിയുണ്ടകളേറ്റ് തുളകൾ വീണ നിലയിൽ രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തുന്നത്. ജോലിക്കിടെ അടിക്കാനും ബലാത്കാരം ചെയ്യാനും ശ്രമിച്ചതോടെ സ്വയ രക്ഷയ്ക്കായി ചെയ്തതാണ് ഈ കൊലപാതകമെന്നാണ് എയ്ലിന്‍ വാദിച്ചത്.

എയ്ലിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട അഞ്ച് പുരുഷന്മാരുടെ മൃതദേഹം 1990 ജൂണിനും നവംബറിനും ഇടയിലുള്ള കാലത്താണ് പിന്നീട് കണ്ടെത്തിയത്. ആദ്യ കൊലപാതക കേസിൽ അറസ്റ്റിലായ എയ്ലിന്‍ നടത്തിയ കുറ്റ സമ്മതത്തിന് പിന്നാലെയായിരുന്നു ഇത്. കെട്ടിട നിർമ്മാണ തൊഴിലാളിയായ 47കാരന്‍ ഡേവിഡ് ആന്ഡ്രൂ, 40 കാരനായ ചാൾസ് എഡ്മണ്ട്, 50കാരനായ ടോറി യൂജിന്‍, വിരമിച്ച സൈനികനും പൊലീസ് മേധിവിയുമായിരുന്ന ചാൾസ് റിച്ചാർഡ് ഹംപ്രി, 62കാരനായ വാൾട്ടർ ജീനോ ആന്‍റോണിയോ എന്നിവരായിരുന്നു ഇരകളാക്കപ്പെട്ടത്. ഇതിന് പുറമേ 67കാരനായ പീറ്റർ അബ്രഹാമിനേയും എയ്ലിനാണ് കൊന്നതെന്നാണ് പൊലീസ് വിലയിരുത്തുന്നത്. എന്നാൽ ഇയാളുടെ മൃതദേഹം കണ്ടെത്താനായില്ല.

വിചാരണക്കാലയളവിലാണ് മാനസികാരോഗ്യ വിദഗ്ധന്‍ എയ്ലിന്‍റെ മാനസിക നില അടക്കമുള്ള കാര്യങ്ങളേക്കുറിച്ച് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. ബോർഡറിംഗ് പേഴ്സണാലിറ്റി അടക്കമുള്ള മാനസികാരോഗ്യ തകരാറുകളാണ് എയ്ലിന് നേരിട്ടിരുന്നത്. ജൂണ്‍ ആറിന് വീണ്ടും തിരികെ വരുമെന്നായിരുന്നു എയ്ലിന്‍ വധശിക്ഷ സമയത്ത് പ്രതികരിച്ചത്. 2002 ഒക്ടോബറിൽ മരണശിക്ഷയ്ക്ക് വിധേയ ആവുന്നതിന് മുന്‍പ് അന്ത്യ അത്താഴമായ് ഇവർ ആവശ്യപ്പെട്ടത് ഒരു കപ്പ് കാപ്പി മാത്രമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!