ഈ വിരലുകള്‍ പതിഞ്ഞാല്‍ തബലയില്‍ മഴ തുളുമ്പും, കടലിരമ്പും, പക്ഷികള്‍ പറക്കും...

By Babu Ramachandran  |  First Published Mar 9, 2019, 10:51 AM IST

അപ്പോൾ അല്ലാ രഖ പറഞ്ഞു, " ഞാൻ തബ്‌ലയെ ഉപാസിക്കുന്നവനാണ്.. എന്റെ ഓരോ മൂച്ചിലും ഉള്ളത് ഇതിന്റെ കായ്‌ദകളാണ്.. എന്റെ ആയത്തുകൾ  ഈ ബോലുകൾ തന്നെയാണ്.. " 



ഇന്ന് തബല   മാന്ത്രികന്‍ സാക്കിര്‍ ഹുസൈന്റെ ജന്മദിനമാണ്. 1951 മാര്‍ച്ച് ഒമ്പതാം തീയതി രാത്രി പത്തുമണിയോടടുപ്പിച്ച് ബോംബെയിലെ മാഹിമിലെ ഒരു നഴ്സിങ്ങ് ഹോമില്‍ ബാവി ബീഗം എന്നൊരു കശ്മീരി യുവതി ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി.കുഞ്ഞു ജനിച്ച് രണ്ടാം ദിവസം തന്നെ വീട്ടിലേക്ക് മടങ്ങിയ അവര്‍ അവന് 'സാക്കിര്‍ ഹുസൈന്‍ ഖുറൈഷി' എന്നുപേരിട്ടു. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട ചില മതചടങ്ങുകളുണ്ടായിരുന്നു അവരുടെ വീട്ടില്‍. കുഞ്ഞിന്റെ ഒരു ചെവി അടച്ചുപിടിച്ച്, പിതാവ് മറ്റേ ചെവിയില്‍ ഖുര്‍ആനിലെ ഏതെങ്കിലും ഒരു ആയത്ത് ഓതണം. ആ പുണ്യസൂക്തം കേട്ടുകൊണ്ടുവേണം പുതിയ അതിഥി വീട്ടിലേക്ക്, ആ കുടുംബത്തിലേക്ക് കടന്നുവരാന്‍. എന്നാല്‍, ഒരു തബല ഉസ്താദായ അല്ലാ രഖാ ഖുറൈഷി അന്ന് കുഞ്ഞു സാക്കിറിന്റെ കാതില്‍ മന്ത്രിച്ചത്, ഖുറാനിലെ ഏതെങ്കിലും ആയത്തായിരുന്നില്ല. അത് ഒരു തബല കായ്ദയുടെ ബോലുകളായിരുന്നു - 'ധാഗെതിട്ട് ധാഗെതിട്ട് തിഡ്താതിട്ട് .'

അതുകേട്ടമ്പരന്ന ബാവി ബീഗം ചോദിച്ചു. 'പ്രാര്‍ത്ഥനയല്ലേ കുഞ്ഞിന്റെ കാതില്‍ ഓതേണ്ടത്. ഇതെന്താണിങ്ങനെ കായ്ദ ചൊല്ലി നിറയ്ക്കുന്നത് അവന്റെ കാത്.. ' അപ്പോള്‍ അല്ലാ രഖ പറഞ്ഞു, 'ഞാന്‍ തബലയെ ഉപാസിക്കുന്നവനാണ്.. എന്റെ ഓരോ ശ്വാസത്തിലും ഉള്ളത് ഇതിന്റെ കായ്ദകളാണ്.. എന്റെ ആയത്തുകള്‍ ഈ ബോലുകള്‍ തന്നെയാണ്.. '. അന്നത്തെ ആദ്യ പാഠത്തിന് ശേഷം സാക്കിറിന്റെ അച്ഛന്‍ ദിവസത്തില്‍ ഓരോ മണിക്കൂര്‍ വീതം അവന്റെ ചെവിയില്‍ ഇതുപോലെ കായ്ദകള്‍ ചൊല്ലാന്‍ തുടങ്ങി. ഒരു കൈ കൊണ്ട് ചെവികളില്‍ ഒന്ന് അടച്ചുപിടിച്ച്, തുറന്നിരിക്കുന്ന ചെവിയോട് ചുണ്ടുചേര്‍ത്ത്, പതിഞ്ഞ സ്വരത്തിലായിരുന്നു അദ്ദേഹത്തിന്റെ ചൊല്ലുകള്‍.

Latest Videos

undefined

അങ്ങനെ തബലയുടെ ബാലപാഠങ്ങള്‍ കേട്ടുകേട്ട് സാക്കിര്‍ വളര്‍ന്നു. അവന്‍മുട്ടില്‍ ഇഴഞ്ഞുതുടങ്ങി.. ഒടുവില്‍ ഒരുദിവസം തബല  യില്‍ പിടിച്ചുകൊണ്ടുതന്നെ അവന്‍എഴുന്നേറ്റു നിന്നു. കൈയ്ക്ക് തബല  യില്‍ കൊട്ടാനുളള വലുപ്പം വന്നപ്പോള്‍ തബല  യില്‍ ആഞ്ഞൊരു അടിപറ്റിച്ചു സാക്കിര്‍. അങ്ങനെ തബല  യില്‍ പലവിധത്തില്‍ അടിച്ചടിച്ച്, തികഞ്ഞ കൗതുകത്തോടെ, ഓരോ ടോണുകളും അവന്‍ സാവധാനംതിരിച്ചറിഞ്ഞു തുടങ്ങി. അവനെ തലയില്‍, ഉപബോധമനസ്സില്‍ അച്ഛനില്‍ നിന്നും വീണ്ടും വീണ്ടും കേട്ട് ഹൃദിസ്ഥമായിക്കിടക്കുന്ന പരശ്ശതം കായ്ദകളും ടുക്ക്ഡകളും ഒക്കെ നിറഞ്ഞിരിക്കയാണ്. എന്നാല്‍ അതൊക്കെ എന്തെന്നും എന്തിനെന്നും മാത്രം അവനറിയില്ലായിരുന്നു.

അവിടെയാണ് അല്ലാ രഖ എന്ന പരിണിതപ്രജ്ഞനായ ഗുരുവിന്റെ മികവ് വെളിപ്പെടുന്നത്. അച്ഛനായ താന്‍, ആ ഒരു ഘട്ടത്തില്‍ നേരിട്ട് സാക്കിറിനെ പഠിപ്പിക്കാന്‍ തുനിഞ്ഞാല്‍ അവന് പെട്ടെന്നുതന്നെ മടുപ്പുവരും എന്നും അതോടെ എന്നെന്നേക്കുമായി അവന്റെ തബല  പഠിത്തം അവസാനിച്ചേക്കും എന്നും മനസ്സിലാക്കിയ അല്ലാ രഖ പല ശ്രുതികളില്‍ ട്യൂണ്‍ ചെയ്ത തബല കള്‍ മകന്റെ മുന്നില്‍ നിരത്തിവെച്ച ശേഷം മാറി നിന്നുകളഞ്ഞു. മകനെ തബല  യില്‍ ഒന്നും തന്നെ പഠിപ്പിക്കാന്‍ അച്ഛന്‍ തയ്യാറായില്ല. അക്കാര്യത്തില്‍ അവനെ പൂര്‍ണ്ണമായും അവഗണിച്ചു. അത് അവന് തന്റെ ജീവിതനിയോഗം പ്രഖ്യാപിക്കാന്‍ നല്‍കപ്പെട്ട ഒരു അവസരമായിരുന്നു. താന്‍ ജനിച്ചത് തബല  വായിക്കാന്‍ വേണ്ടി മാത്രമാണ് എന്ന് അവന്റെ ഹൃദയത്തെക്കൊണ്ടുതന്നെ ഉറക്കെ വിളിച്ചു കൂവിക്കണമായിരുന്നു അല്ലാ രഖയ്ക്ക്. അതുവരെ അദ്ദേഹം മാറിനിന്നു. ഒരു താളം പോലും സാക്കിറിന് അദ്ദേഹം ചൊല്ലിക്കൊടുത്തില്ല.

പക്ഷേ, സാക്കിറിന്റെ ഹൃദയത്തിനുള്ളില്‍ താളം ആഴത്തില്‍ ഉറച്ചുകഴിഞ്ഞിരുന്നു. തബല യില്‍ കൃത്യമായ താളങ്ങള്‍ പിടിക്കാന്‍ തുടങ്ങി, മെല്ലെ മെല്ലെ കുഞ്ഞു സാക്കിര്‍. തബല  കയ്യില്‍ കിട്ടാത്ത നേരത്ത് അടുക്കളയിലെ അലൂമിനിയപ്പാത്രങ്ങള്‍ കമിഴ്ത്തിവെച്ച് അതിന്റെ പുറത്തായി അഭ്യാസം. ഒന്നുരണ്ടുവട്ടം ഉള്ളില്‍ ചോറോടെകലം കമഴ്ത്തി അമ്മയുടെ കയ്യില്‍ നിന്നും തല്ലുവരെ വാങ്ങിക്കൂട്ടി അവന്‍.

പിന്നീടങ്ങോട്ട് ഏഴുവയസ്സു തികയുന്നതുവരെ അങ്ങനെ പോയി സാക്കിറിന്റെ ബാല്യം. ഇടക്കൊക്കെ അച്ഛന്റെ ശിഷ്യനായ തബല വാദകരില്‍ ആരെയെങ്കിലും കണ്ടുമുട്ടും. അപ്പോള്‍ അവരോട് എന്തെങ്കിലും സംശയനിവൃത്തി വരുത്തും അവന്‍. അവര്‍ ഏതെങ്കിലുമൊക്കെ കായ്ദ ചൊല്ലിയ ശേഷം തബലയില്‍ അത് വായിക്കും. അത് സശ്രദ്ധം നോക്കി നില്‍ക്കുന്ന സാക്കിറിന് ഒരേയൊരു തവണ വായിച്ചുകണ്ടാല്‍ ഏതൊരു കായ്ദയും പിന്നെ സ്വന്തമായി വായിക്കാന്‍ പറ്റുമായിരുന്നു. കാരണം, കുഞ്ഞുന്നാളില്‍ ചെവിയില്‍ ആവര്‍ത്തിച്ചു കേട്ട ഏതെങ്കിലും കായ്ദയാവും അത്.

ഒരൊറ്റപ്രാവശ്യം കാണുന്നതോടെ മനസ്സില്‍ കിടക്കുന്ന ആ താളക്രമം സാക്കിറിന്റെ കൈകളിലൂടെ തബലയിലേക്ക് ഒരിക്കലും മായാത്ത രീതിയില്‍ പതിയുകയായി. അങ്ങനെ അല്ലറചില്ലറ സംഗതികളൊക്കെ പഠിച്ചെടുത്ത ശേഷം സാക്കിര്‍ തന്റെ ഏഴാമത്തെ വയസ്സില്‍ സ്‌കൂളിലെ ആനിവേഴ്സറി ഫങ്ഷന്‍ നടക്കുന്ന വേദിയില്‍ ഒരു പ്രകടനം നടത്തി. അതുകാണാന്‍ ആരുമറിയാതെ അച്ഛന്‍ അല്ലാ രഖയും സദസ്സിന്റെ പിന്‍നിരയില്‍ വന്നിരിപ്പുണ്ടായിരുന്നു. അപ്പോള്‍ ഒരക്ഷരം പറഞ്ഞില്ല അല്ലാ രഖ മോനോട്.

വീട്ടിലെത്തി രാത്രി അത്താഴം കഴിച്ചുകൊണ്ടിരിക്കെ സാക്കിറിനോട് അല്ലാ രഖ ചോദിച്ചു, 'സാക്കിര്‍, നിനക്ക് തബല  സീരിയസായി പഠിക്കണം എന്നുണ്ടോ..? '. 
കണ്ണും കാതും ഉറച്ചുതുടങ്ങിയ അന്നുമുതല്‍ സാക്കിര്‍ തന്റെ പിതാവില്‍ നിന്നും ഇങ്ങനെയൊരു ചോദ്യം വരുന്നതും കാത്ത് ആറ്റുനോറ്റിരിക്കുകയായിരുന്നു. അതു കേള്‍ക്കേണ്ട താമസം അവന്‍ ദൃഢസ്വരത്തില്‍ മറുപടി നല്‍കി,'വേണം..'. അല്ലാ രഖ പറഞ്ഞു, 'എങ്കില്‍ ശരി, നാളെ മുതലാവാം നമ്മുടെ പഠിത്തം ഇന്നെന്തായാലും നന്നായി കിടന്നുറങ്ങിക്കോളൂ'. 

തലകുലുക്കി സമ്മതിച്ച് സാക്കിര്‍ കിടപ്പുമുറിയിലേക്ക് പോയി. അന്നത്തെ സാക്കിറിന്റെ ഉറക്കം അധികം നീളമുള്ളതായിരുന്നില്ല എന്നുമാത്രം. അടുത്ത ദിവസം രാവിലെ മൂന്നു മണിക്ക് അല്ലാ രഖ, ഇരുട്ടില്‍ ഒച്ചയുണ്ടാക്കാതെ ചെന്ന് മകനെ വിളിച്ചുണര്‍ത്തി. വളരെ ശാന്തമായ ഒരു നേരമാണത്. ബ്രാഹ്മമുഹൂര്‍ത്തം. ഫോണ്‍ വിളി ശബ്ദങ്ങളില്ല. ഒരാളും ശല്യപ്പെടുത്താനില്ല, ശുദ്ധമായ വായുപ്രവാഹം, തികഞ്ഞ നിശ്ശബ്ദത. കലാഭ്യാസനത്തിനു അനുയോജ്യമായ പശ്ചാത്തലം. ആ തണുത്ത പ്രഭാതത്തില്‍, വീടിന്റെ ഉമ്മറവരാന്തയിലിരുന്ന് അദ്ദേഹംതന്റെ മകനോട് തബലയുടെ രസകരമായ ചരിത്രവും, ഗുരുപരമ്പരകളുടെ കഥയും ഒക്കെ വിവരിച്ചുകൊടുക്കും. പിന്നെ കുറേക്കാലത്തേക്ക് ഇതുതന്നെയായിരുന്നു സാക്കിറിന്റെ പതിവ് ജീവിതക്രമം. 

പുലര്‍ച്ചെ മൂന്നുമണി മുതല്‍ ആറുമണിവരെയുള്ള തബല   പഠനം. തബലയ്ക്ക് ചെറിയൊരു ഹൈന്ദവ ഇതിഹാസബന്ധവുമുണ്ട്. പഖാവജ് എന്ന കാഴ്ചയില്‍ മൃദംഗം പോലിരിക്കുന്ന ഒരു ഹിന്ദുസ്ഥാനി താളവാദ്യമുണ്ട്. പരിണാമത്തിന്റെ നാള്‍വഴികള്‍ നോക്കിയാല്‍, അതിന്റെ തുടര്‍ച്ചയാണ് തബല  . ഈ പഖാവജ് എന്നത് ഗണപതിയുടെ വാദ്യമാണ്. ശിവനില്‍ നിന്നുമാണ് ഗണപതിക്ക് പഖാവജിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നുകിട്ടുന്നത്. അതേ പാഠങ്ങളുടെ തുടര്‍ച്ചയാണ് ഏറെക്കുറെ തബലയിലും. അതുകൊണ്ടുതന്നെ അതിന്റെ പരിശീലന പദ്ധതികളുടെ ഭാഗമായി വരുന്ന ശ്ലോകങ്ങളില്‍ ഗണപതിയുടെയും, മഹാവിഷ്ണുവിന്റേയും, സരസ്വതീദേവിയുടെയും ഒക്കെ സ്തുതികള്‍ കടന്നുവരും പല കൃതികളിലായി.

അങ്ങനെയുള്ള സംസ്‌കൃതശ്ലോകങ്ങള്‍ പലതും ഹൃദിസ്ഥമാക്കി വീട്ടില്‍ നിന്നും ഏതാണ്ട് ഏഴുമണിയോടെ സ്‌കൂളിലേക്കു നടക്കും സാക്കിര്‍. അതിനിടെ പോവുന്നവഴിയില്‍ മദ്രസയില്‍ ഒന്ന് കേറണം. അവിടെ വെച്ച് ഏതാണ്ട്ഒരു മണിക്കൂറോളം നീളുന്ന ഖുര്‍ആന്‍ അധ്യയനം. അത് മുടക്കരുതെന്ന് സാക്കിറിന്റെ അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതും കഴിഞ്ഞാണ് സാക്കിര്‍ പഠിക്കുന്ന സെന്റ് മൈക്കിള്‍സ് കോണ്‍വെന്റ് സ്‌കൂളിലെ മോണിങ്ങ് അസംബ്ലി. അവിടെ കുറേ ക്രിസ്തീയ ഭക്തിഗാനങ്ങളോടെയാണ് പ്രഭാതം തുടങ്ങുന്നത്. അതും മനസ്സിലേക്കെടുത്ത ശേഷം പകലത്രയും അക്കാദമികമായ വിവരങ്ങളുടെ പ്രവാഹം. സ്‌കൂള്‍ വിട്ട് തിരിച്ചു വീട്ടില്‍ വന്ന ശേഷം പിന്നെയും രാത്രിയിലേക്ക് നീളുന്ന തബല അഭ്യാസം.

സംഭവത്തിന്റെ ഒരു സൗന്ദര്യമെന്നത് മേല്‍പ്പറഞ്ഞ വ്യതിരിക്തങ്ങളായ പ്രക്രിയകള്‍ എല്ലാം തന്നെ പരസ്പര പൂരകങ്ങളായി സാക്കിര്‍ അനുവര്‍ത്തിച്ചു എന്നുള്ളതാണ്. ഒന്നും തന്നെ മറ്റൊന്നിനെ വിലക്കുന്നതായിരുന്നില്ല. മദ്രസയിലെ മൊല്ലാക്കമാര്‍ ഒരിക്കലും സാക്കിറിനോട് സരസ്വതീസൂക്തങ്ങള്‍ ഹൃദിസ്ഥമാക്കരുത് എന്ന് പറഞ്ഞില്ല. സെന്റ് മൈക്കിള്‍സിലെ കന്യാസ്ത്രീകളായ ടീച്ചര്‍മാര്‍ ഒരിക്കലും സാക്കിറിനെ അവന്റെ ഇസ്ലാമിക പശ്ചാത്തലത്തിന്റെ പേരില്‍ വേര്‍തിരിച്ചു കണ്ടില്ല. ഇതെല്ലാം വളരെ സ്വാഭാവികമായി പരസ്പരം ചേര്‍ന്നുനില്‍ക്കുന്ന ഒരു അന്തരീക്ഷത്തില്‍ വളരാനുള്ള ഒരു ഭാഗ്യം അദ്ദേഹത്തിന് കുട്ടിക്കാലത്ത് കിട്ടി. എല്ലാം പറഞ്ഞത് ഒന്നു മാത്രം.. ' നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക..' പതിനൊന്നാമത്തെ വയസ്സില്‍ സാക്കിര്‍ തന്റെ ആദ്യത്തെ പ്രൊഫഷണല്‍ കച്ചേരി നടത്തി. നൂറുരൂപയായിരുന്നു പ്രതിഫലം. അന്നത്തെ കാലത്ത് ഒരു വലിയ സംഖ്യയായിരുന്നു.


 

സാക്കിര്‍ വളര്‍ന്നുവലുതായപ്പോള്‍ വിവാഹം കഴിച്ചത് ഇറ്റലിക്കാരിയായ കഥക് നര്‍ത്തകി 'ടോണി' എന്ന് വിളിപ്പേരുള്ള അന്റോണിയ മിനെകോളയെ ആയിരുന്നു. അവര്‍ തമ്മില്‍ ആദ്യമായി കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും സാക്കിര്‍ അമേരിക്കയില്‍ അലി അക്ബര്‍ ഖാന്റെ സംഗീത വിദ്യാലയത്തില്‍ തബല   അധ്യാപകനായിരുന്ന കാലത്താണ്. ടോണി അവിടെ കഥക് അഭ്യസിക്കാനായി വന്ന കാലം. അവിടെ വെച്ചാണ് സാക്കിര്‍ ടോണിയോട് തന്റെ പ്രണയം അറിയിക്കുന്നതും അവര്‍ ഡേറ്റിങ്ങ് തുടങ്ങുന്നതും. പിന്നീട്, അല്ലാ രഖയുടെ സമശീര്‍ഷയായിരുന്ന, സുപ്രസിദ്ധ കഥക് നര്‍ത്തകി സിതാരാ ദേവിയുടെ കീഴിലും ടോണി കഥക് അഭ്യസിച്ചു. സിതാരാ ദേവിയുടെ നിരവധി പരിപാടികള്‍ക്ക് സാക്കിര്‍ തബല  വായിച്ചു. അവര്‍ തമ്മിലുള്ള വിവാഹത്തിന് മൂന്നു ചടങ്ങുകളുണ്ടായിരുന്നു. ഒരു സിവില്‍ മാരേജ്. പിന്നെ ഒരു ഇസ്ലാമിക വിവാഹച്ചടങ്ങ്. ഒടുവില്‍ ടോണിയുടെ കുടുംബത്തിനായി ഒരു ക്രിസ്ത്യന്‍ വെഡിങ്ങ്.

സംഗീതം ഒരു 'ഭാഷ'യാണെന്നാണ് സാക്കിറിന്റെ അഭിപ്രായം. അമേരിക്കയില്‍ ദീര്‍ഘകാലം ജീവിച്ച അദ്ദേഹംപറയുന്നത്, കഠിനാദ്ധ്വാനത്തിലൂടെ ഇംഗ്ലീഷ് എന്ന ഭാഷയില്‍ പ്രാവീണ്യം നേടാനും ഇംഗ്ലീഷില്‍ തന്നെ ചിന്തിച്ച്, കാല്‍പനികമായ സംസാരിക്കാനും ഒക്കെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തനിക്കായി എന്നാണ്. അതുപോലെ തന്നെയാണ് സംഗീതവും എന്ന് സാക്കിര്‍ പറയുന്നുണ്ട്. രണ്ടു സംഗീതജ്ഞര്‍ ഒരു ഫ്യൂഷന്‍ കച്ചേരിക്കായി സ്റ്റേജില്‍ ഒന്നിക്കുമ്പോള്‍ അവര്‍ തമ്മില്‍ യഥാര്‍ത്ഥത്തില്‍, സംഗീതമെന്ന ചിലപ്പോള്‍ കണ്ടിരിക്കുന്നവര്‍ക്ക് അത്രയെളുപ്പം പിടികൊടുക്കാത്ത, ഭാഷയില്‍ സംവദിക്കുകയാണ്.

ആ ഭാഷയില്‍ നല്ല ഗ്രാഹ്യമുള്ള രണ്ടു പ്രതിഭകള്‍ തമ്മില്‍ കൈമാറുന്ന ഒരു ചെറിയ നോട്ടം പോലും, അടുത്തു വരാന്‍ പോവുന്ന എത്രയോ താളങ്ങളുടെ സൂചകമായിരിക്കും. ഒരു ചൊല്ല് വായിച്ചുകൊണ്ടിരിക്കെ അവര്‍ക്ക് വളരെ നൈസര്‍ഗ്ഗികമായ അറിയാനാവും കൂടെ വായിക്കുന്ന മറ്റൊരു വാദ്യക്കാരന്‍ അടുത്ത് കടക്കാന്‍ പോവുന്നത് ഏത് ചൊല്ലിലേക്കാണെന്ന്. അങ്ങനെ ഒരു മാത്ര പോലും തെറ്റാതെ താളം ചേര്‍ന്ന് വായിക്കാനും, തന്റെ വാദ്യത്തിലൂടെ വളരെ രസകരമായ മനോധര്‍മ്മപ്രകടനങ്ങള്‍ നടത്താനും ഒരു കലാകാരന് കഴിയും. കണ്ടിരിക്കുന്നവരെ, കേട്ടിരിക്കുന്നവരെ അത് അതിശയിപ്പിച്ചേക്കുമെങ്കിലും, അവരെ സംബന്ധിച്ചിടത്തോളം ഏറെ സ്വാഭാവികമായ ഒരു അഭ്യാസം മാത്രമായിരിക്കും അത്. അങ്ങനെ പരസ്പരം മനസ്സറിഞ്ഞ് വായിക്കണമെങ്കില്‍ രണ്ടു സംഗീതജ്ഞര്‍ തമ്മിലും ഒരു മാനസികമായ അടുപ്പം വേണം.തന്റെ അച്ഛന്‍ അല്ലാ രഖയുമൊത്ത് സാക്കിര്‍ ഹുസൈന്‍ നടത്തിയ ലോകപര്യടനങ്ങള്‍ ഇത്തരത്തിലുള്ള സംഗീതസംഭാഷണങ്ങളാല്‍ സമ്പന്നമാണ്. അവര്‍ക്കിടയില്‍ നിലനിന്നിരുന്ന പിതൃപുത്ര, ഗുരുശിഷ്യ ബന്ധങ്ങളുടെ ഊഷ്മളത തന്നെയാവും ആ കച്ചേരികളുടെ തെളിമയ്ക്കും കാരണം.


സുപ്രസിദ്ധ സിത്താര്‍ വാദകനായ നീലാദ്രി കുമാറുമായി നടത്തിയ ഒരു ഫ്യൂഷന്‍ കണ്‍സര്‍ട്ടിനെപ്പറ്റി 'ഗൂഗിളി'ന് വേണ്ടി നടത്തിയ ഒരു അഭിമുഖത്തില്‍ സാക്കിര്‍ ഇങ്ങനെ ഓര്‍ക്കുന്നുണ്ട്, ' സ്റ്റേജില്‍ കേറുന്നതിനു മുമ്പ്, ഡ്രെസിങ്ങ് റൂമിലെ ഒരു ചെറിയ ഇടവേളയുണ്ട്. അത് വാദകര്‍ക്ക് തമ്മില്‍ സംവദിക്കാനുള്ള ഒരു അവസരമാണ്. ഞങ്ങള്‍ തമ്മില്‍ രാഷ്ട്രീയവും സിനിമയും ക്രിക്കറ്റും എന്ന് മാത്രമല്ല ബോംബെയിലെ കാലാവസ്ഥയെപ്പറ്റി വരെ സംസാരിച്ചു. പല തമാശകളും പറഞ്ഞ് ഞങ്ങള്‍ പൊട്ടിച്ചിരിച്ചു. തമ്മില്‍ പറയാതിരുന്നത് അന്ന് ഒരേയൊരു വിഷയം മാത്രം. സംഗീതം. ഞങ്ങള്‍ സംഗീതത്തെപ്പറ്റി ഒരു പരാമര്‍ശമായിപ്പോലും തമ്മില്‍ പറഞ്ഞില്ല. എന്നാല്‍ സ്റ്റേജില്‍ കയറിയപ്പോള്‍ ഞങ്ങള്‍ തമ്മില്‍ നേരത്തെ ഡ്രസ്സിങ്ങ് റൂമില്‍ വെച്ച് പാതിയില്‍ നിര്‍ത്തിയ സംഭാഷണം ഞങ്ങള്‍ തുടര്‍ന്നു. ഭാഷ പക്ഷേ, വാമൊഴിയായിരുന്നില്ല. എന്റെ കൈകള്‍ തബലയിലും അദ്ദേഹത്തിന്റേത് സിതാറിലും വിശ്രമമില്ലാതെ ചലിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ രഹസ്യങ്ങള്‍ കൈമാറി. സംസാരത്തിന്റെ മാധ്യമം, ഭാഷ.. അത് നിഷ്‌കളങ്കമായ സംഗീതമായിരുന്നു. '

സാങ്കേതികവിദ്യ കലയില്‍ ചെലുത്തിയ സ്വാധീനം വലുതാണ് എന്ന സാക്കിര്‍ അഭിപ്രായപ്പെടുന്നുണ്ട്. അത് കലാകാരന്മാര്‍ക്കുമുന്നില്‍ തുറന്നുകൊടുത്ത സാധ്യതകള്‍ വളരെ വലുതാണ്. ആംപ്ലിഫിക്കേഷനും, മൈക്രോഫോണും, സ്പീക്കറും ഒക്കെ വന്നതോടെ ആയിരക്കണക്കിന് കാണികള്‍ക്കുമുന്നില്‍ വലിയ സ്റ്റേഡിയം കച്ചേരികള്‍ വരെ സാധ്യമായി. ആ ഒരു സാമ്പത്തികമായ നേട്ടമുണ്ടാക്കുന്ന മാറ്റത്തിന് പുറമെ മറ്റൊരു ഗുണം കൂടി സാങ്കേതികവിദ്യ കൊണ്ട് സിദ്ധിച്ചതായി സാക്കിര്‍ നിരീക്ഷിക്കുന്നു. പണ്ടത്തെ കലാകാരന്മാര്‍ക്ക് തങ്ങളുടെ ഉപകരണങ്ങളെ കൂടുതല്‍ 'ഹാര്‍ഡ്' ആയി സമീപിക്കേണ്ടി വന്നിരുന്നു. തബല  യായാലും സിതാര്‍ ആയാലും തങ്ങളുടെ സംഗീതത്തെ എക്പ്രസ് ചെയ്യാന്‍ വേണ്ടി 'വലിച്ചടിക്കുന്ന' ഒരു പ്രവണതയുണ്ടായിരുന്നു. എന്നാല്‍ തബല  യെന്ന വാദ്യോപകരണം പുറപ്പെടുവിക്കുന്ന ഫ്രീക്വന്‍സികള്‍ തിരിച്ചറിഞ്ഞ് ആ ഫ്രീക്വന്‍സികളെ മാത്രം മുന്നോട്ടുവെക്കാനും വളരെ സൗമ്യമായ രീതിയില്‍, താളബദ്ധത നിലനിര്‍ത്തിക്കൊണ്ടുതന്നെ, വളരെ 'മെലോഡിക്ക്' ആയ രീതിയിലും ഒരു താളവാദ്യത്തെ സമീപിക്കാന്‍ ഇന്ന് സാങ്കേതികവിദ്യ അനുവദിക്കുന്ന സ്ഫുടം ചെയ്ത കേള്‍വിസൗകര്യങ്ങളിലൂടെ കലാകാരന് സാധിക്കുന്നുണ്ട്.


തബല യില്‍ സാക്കിര്‍ ഹുസൈന്‍ നടത്തിയ പരീക്ഷണങ്ങള്‍ വിശ്വപ്രസിദ്ധമാണ്. 1992-ല്‍ ഗസല്‍ മാന്ത്രികന്‍ ഹരിഹരന്‍ സാക്കിര്‍ ഹുസൈന്റെ പതിഞ്ഞ തബല  യുടെ അകമ്പടിയോടെ പുറത്തിറക്കിയ 'ഹാസിര്‍' എന്ന ആല്‍ബത്തിലെ മറീസ്-എ-ഇഷ്‌ക് കാ.., 'ഷെഹര്‍ ദര്‍ ഷെഹര്‍' തുടങ്ങിയഗസലുകള്‍ വളരെ ജനപ്രിയതയാര്‍ജിച്ചവയാണ്. ഗായകന്റെ ശബ്ദത്തിനു മേലോട്ട് ഒരിക്കലും കേറി നില്‍ക്കാത്ത, യഥാര്‍ത്ഥ 'അകമ്പടി' സ്വഭാവമുള്ളവയായിരുന്നു സാക്കിറിന്റെ തബല വാദനം. സുപ്രസിദ്ധ വയലിന്‍ വാദകന്‍ കുന്നക്കുടി വൈദ്യനാഥനുമായി ചേര്‍ന്നുകൊണ്ട് 1994 അദ്ദേഹം 'കളേഴ്സ്' എന്നൊരു ഫ്യൂഷന്‍ ആല്‍ബം പുറത്തിറക്കി.

അക്കാലത്തെ ഹിന്ദുസ്ഥാനി സംഗീത സര്‍ക്യൂട്ടിലെ ഉസ്താദ് വിലായത് ഖാന്‍, പണ്ഡിറ്റ് ശിവ് കുമാര്‍ ശര്‍മ്മ, പണ്ഡിറ്റ് രവിശങ്കര്‍,പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ഭീംസെന്‍ ജോഷി, പണ്ഡിറ്റ് ജസ്‌രാജ്  എന്നിങ്ങനെ പലര്‍ക്കും അകമ്പടി സേവിച്ചു സാക്കിര്‍. മറ്റുള്ള പല വാദ്യോപകരണങ്ങളുടെ കൂടെ തബലയില്‍ അദ്ദേഹം നടത്തിയ ജുഗല്‍ ബന്ദികളും ശ്രദ്ധേയമായി. ഉദാഹരണത്തിന് വയലിനില്‍ എല്‍. ശങ്കര്‍, ഗിത്താറില്‍ ജോണ്‍ മക്ലോഗിന്‍, മൃദംഗത്തില്‍ രാംനാട് രാഘവന്‍, ഘടത്തില്‍ വിക്കു വിനായഗം എന്നിവരുമായി ഒത്തുചേര്‍ന്ന് 1975 - ല്‍ അദ്ദേഹം രൂപീകരിച്ച 'ശക്തി' എന്ന ഗ്രൂപ്പ് ഏറെ പ്രസിദ്ധമായി. ഒരുപാട് ഫ്യൂഷന്‍ കണ്‍സേര്‍ട്ടുകള്‍ അവര്‍ നടത്തി. അതിന് ഇരുപതുവര്‍ഷങ്ങള്‍ക്കിപ്പുറം 'റിമംബര്‍ ശക്തി' എന്നപേരില്‍ മാന്‍ഡലിന്‍ ശ്രീനിവാസ്, മൃദംഗം സെല്‍വ ഗണേഷ്, വോക്കലിസ്റ്റ് ശങ്കര്‍ മഹാദേവന്‍ എന്നിവര്‍ ചേര്‍ന്ന് ഒരു പുനര്‍ജ്ജനി നടത്തിയപ്പോഴും, തബലയില്‍ കാലാതിവര്‍ത്തിയായി സാക്കിര്‍ തന്നെയായിരുന്നു കൂട്ട്.

അമേരിക്കന്‍ പെര്‍കഷനിസ്റ്റും 'ഗ്രേറ്റ്ഫുള്ളി ഡെഡ്' എന്ന റോക്ക് ബാന്‍ഡ് അംഗവുമായ മിക്കി ഹാര്‍ട്ടുമായി ചേര്‍ന്ന് സാക്കിര്‍ 'പ്ലാനറ്റ് ഡ്രം' എന്നപേരില്‍ ഫ്യൂഷന്‍ ആല്‍ബങ്ങള്‍ പുറത്തിറക്കി. 1983 -ല്‍ പുറത്തിറങ്ങിയ ഇസ്മായില്‍ മര്‍ച്ചന്റിന്റെ 'ഹീറ്റ് ആന്‍ഡ് ഡസ്റ്റ് ' ആണ് ആദ്യമായി സാക്കിര്‍ ഹുസൈന്‍ സംഗീതം പകര്‍ന്ന ചിത്രം 1991 ഇറങ്ങിയ ആദ്യത്തെ 'പ്ലാനറ്റ് ഡ്രമ്മി'ന് 1992 -ലെ ഗ്രാമി അവാര്‍ഡ് കിട്ടി. 1999-ല്‍ പുറത്തിറങ്ങിയ ഷാജി എൻ കരുൺ ചിത്രമായ  ചിത്രമായ വാനപ്രസ്ഥത്തിനും ഈണം പകർന്നത് അദ്ദേഹമായിരുന്നു . കപ്പോളയുടെ 'അപ്പൊകലിപ്‌സെ നൗ', ബെര്‍ട്ടലൂച്ചിയുടെ 'ലിറ്റില്‍ ബുദ്ധ' എന്നിവയ്ക്കുവേണ്ടി അദ്ദേഹം തബല  വായിച്ചിട്ടുണ്ട്. 

1988 - ല്‍ പദ്മശ്രീയും, 1990 -ല്‍ സംഗീത നാടക അക്കാദമി അവാര്‍ഡും 2002 -ല്‍ പദ്മഭൂഷണും സാക്കിര്‍ ഹുസൈനെ തേടിയെത്തിയിട്ടുണ്ട്. തന്റെ അറുപത്തിയെട്ടാം വയസ്സിലും ലോകത്തിന്റെ പലയിടങ്ങളിലായി നടത്തപ്പെടുന്ന കച്ചേരികളിൽ  ആത്‌മസാഫല്യം കണ്ടെത്തുകയാണ്, വിരലുകളില്‍ താളങ്ങളുടെ ജീവരഹസ്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന സാക്കിര്‍ ഹുസൈന്‍ എന്ന മഹാ മാന്ത്രികന്‍.

click me!