കറുത്തവർഗക്കാരന്റെ കഴുത്തിലമരുന്ന വംശവെറിയുടെ കാൽമുട്ടുകൾ

By Web Team  |  First Published May 29, 2020, 12:37 PM IST

ഇപ്പോൾ മിനിയാപോളിസ് പൊലീസ് സേനയുടെ തലവനായ മെഡാറിയാ അരാഡോൺടോ തന്നെ തന്റെ കരിയറിന്റെ തുടക്കത്തിൽ, ഡിപ്പാർട്ടുമെന്റിൽ 'വംശീയവെറി' വെച്ചുപൊറുപ്പിക്കുന്ന അന്നത്തെ മേലുദ്യോഗസ്ഥർക്കെതിരെ കോടതിയിൽ അന്യായം ഫയൽ ചെയ്ത സംഭവം വലിയ ചർച്ചയായിട്ടുണ്ട് മുമ്പ്.


" പ്ലീസ്.. പ്ലീസ്... പ്ലീസ്.. എനിക്ക് ശ്വാസം മുട്ടുന്നു. എന്റെ കഴുത്ത് വേദനിക്കുന്നു. വയറ് വേദനിക്കുന്നു. എന്നെ വിടൂ.. പ്ലീസ്.. പ്ലീസ്... പ്ലീസ്.. എനിക്ക് ശ്വാസം മുട്ടുന്നു..." ഇത് ജോർജ് ഫ്ലോയ്‌ഡ് എന്ന 46 -കാരനായ ആഫ്രിക്കൻ അമേരിക്കൻ പൗരൻ, തന്റെ കഴുത്തിൽ കാൽമുട്ടുകൊണ്ട് അമർത്തിപ്പിടിച്ച ഡെറിക് ചൗവിൻ എന്ന മിനിയാപോളിസ്‌ പൊലീസ് ഓഫീസറോട് നടത്തിയ അപേക്ഷയായിരുന്നു. അത് അയാളുടെ അവസാനത്തെ സംഭാഷണമായിരുന്നു. ഫ്ലോയ്‌ഡിന് ശരിക്കും ശ്വസിക്കാൻ പറ്റുന്നില്ല എന്നുള്ള കാര്യം അവിടെ കൂടിനിന്നവരിൽ ചിലർ  ഓഫീസർ ചൗവിനോട് പറഞ്ഞപ്പോൾ അയാൾ പ്രതികരിച്ചത് ഇങ്ങനെ,"ശ്വാസം മുട്ടുന്നുണ്ടെന്ന് പറയാൻ പറ്റുന്നുണ്ടെങ്കിൽ അയാൾക്ക് ശ്വസിക്കാനും പറ്റുന്നുണ്ട്.

ചൗവിൻ അടക്കമുള്ള നാല് ഓഫീസർമാർ ചേർന്ന് കസ്റ്റഡിയിൽ എടുത്ത ‌ജോർജ് ഫ്ലോയ്‌ഡ് മണിക്കൂറുകൾക്ക് ശേഷം സ്റ്റേഷൻ കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടു. അതോടെ മിനിയാപോളിസ്‌ നഗരം ഇളകിമറിഞ്ഞു. സ്റ്റേഷനുമുന്നിൽ സംഘടിച്ചെത്തിയ  പ്രതിഷേധക്കാർ സ്റ്റേഷന് തീവെച്ചു. പ്രദേശത്തെ പല കെട്ടിടങ്ങളും അഗ്നിക്കിരയാക്കി. ആകെ കലാപസമാനമായ അന്തരീക്ഷമാണ് ഇപ്പോൾ മിനിയാപോളിസ്‌ നഗരത്തിലുള്ളത്. 

 

I am heartbroken, I feel Scared walking in the streets in all this white Supremacy . I can't breathe Please let me live pic.twitter.com/7X5h9QUZIP

— Asad (@AsadJatt23)

Latest Videos

undefined

 

മെയ് 26 ചൊവ്വാഴ്ച 'കപ്പ് ഫുഡ്സ്' എന്ന ഗ്രോസറി സ്റ്റോറിന്റെ മുന്നിൽ വെച്ചാണ് സംഭവം നടക്കുന്നത്. മൈക്ക് അബുമയ്യാലെ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. സംഭവം നടക്കുന്നതിന് മിനിറ്റുകൾ മുമ്പ് മൈക്ക് സ്റ്റോറിൽ നിന്ന്  ഒരത്യാവശ്യത്തിന് പുറത്തേക്ക് പോയിരുന്നു. അയാൾക്ക് തന്റെ സ്റ്റോറിലെ ഒരു ജീവനക്കാരന്റെ ഫോൺ വരുന്നു. വിളിച്ചയാളുടെ ശബ്ദം ആകെ പതറിയിട്ടുണ്ടായിരുന്നു. കരയുകയായിരുന്നു അയാൾ. സ്റ്റോറിൽ വന്ന് ഒരു കള്ളനോട്ട് നൽകി എന്ന സംശയത്തിന്റെ പുറത്ത് ഒരാളെ പുറത്തുവെച്ച് പോലീസ് അറസ്റ്റുചെയ്യുകയാണ് എന്നവിവരം ഉടമസ്ഥനെ അറിയിക്കാൻ വേണ്ടിയാണ് ജീവനക്കാരൻ വിളിച്ചത്. " മൈക്ക്.. മൈക്ക്.. ഞാൻ എന്താണ് ചെയ്യേണ്ടത്? ആ മനുഷ്യന് ശ്വസിക്കാൻ പറ്റുന്നില്ല. ആ പൊലീസുകാർ കൊല്ലുകയാണ്..." 

"നിങ്ങൾ ഒരു കാര്യം ചെയ്യ്.. ഈ പൊലീസുകാരുടെ അക്രമം റിപ്പോർട്ട് ചെയ്യാൻ നിങ്ങൾ ഒരിക്കൽ കൂടി 911 -ൽ വിളിക്ക്, എല്ലാം റെക്കോർഡ് ചെയ്തേക്ക്..." 

മൈക്ക് സ്റ്റോറിൽ എത്തിയപ്പോഴേക്കും ഫ്ലോയ്‌ഡിനെ അവർ കൊണ്ടുപോയിട്ടുണ്ടായിരുന്നു.  സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഫ്ലോയ്‌ഡിനെ അയാൾ തിരിച്ചറിഞ്ഞു. തന്റെ സ്റ്റോറിൽ സ്ഥിരമായി വരുന്ന ഒരാളാണ് ജോർജ് ഫ്ലോയ്‌ഡ് എന്നും അയാളുമായി ഇതിനു മുമ്പ് ഒരിക്കലും പ്രശ്നങ്ങൾ ഒന്നുമുണ്ടായിട്ടില്ല എന്നുമാണ് മൈക്ക് പറയുന്നത്. എന്നാൽ, മൈക്ക് ഇല്ലാത്ത സമയത്താണ് അന്ന്  ഒരു സ്ത്രീക്കും പുരുഷനും ഒപ്പം ഫ്ലോയ്‌ഡ് എത്തിയത്. അയാളുടെ കൂടെയുണ്ടായിരുന്ന പുരുഷൻ കള്ളനോട്ട് എന്ന് ജീവനക്കാരന് സംശയം തോന്നിയ ഒരു 20 $ നോട്ട് കൗണ്ടറിൽ നൽകി. എന്നാൽ നോട്ട് വ്യാജമാണ് എന്ന് സംശയം തോന്നി ജീവനക്കാരൻ അത് അയാൾക്കുതന്നെ തിരികെ നൽകുന്നു.അതുംകൊണ്ട് അവർ തിരിച്ചുപോകുന്നു. 

 അൽപനേരം കഴിഞ്ഞ് വീണ്ടും വന്ന ഫ്ലോയ്‌ഡ് മറ്റൊരു 20 $ നോട്ട് കൗണ്ടറിൽ നൽകുന്നു. അതും വ്യാജമായിരുന്നു എന്ന് കാഷ്യർർക്ക് സംശയം തോന്നുന്നു. എന്നാൽ ആ നോട്ട് വാങ്ങി വെച്ച സമയത്ത് അങ്ങനെ ഒരു സംശയം തോന്നിയിരുന്നില്ല. ഫ്ലോയ്‌ഡ് സ്റ്റോറിൽ നിന്ന് പുറത്തിറങ്ങിപ്പോവുകയും ചെയ്തു. സ്ഥാപനത്തിന്റെ പ്രോട്ടോക്കോൾ പ്രകാരം കാഷ്യർ 911 -ൽ വിളിച്ച് സംഭവം റിപ്പോർട്ട് ചെയ്തു. ആ ഡിസ്ട്രസ് കോളിനോട് പ്രതികരിച്ചുകൊണ്ട് വന്നെത്തിയ സംഘത്തിലാണ് ഓഫീസർ ചൗവിൻ ഉണ്ടായിരുന്നത്. പൊലീസ് സ്റ്റോറിൽ എത്തിയപ്പോഴും പുറത്ത് ഫ്ലോയ്‌ഡ് നിൽപ്പുണ്ടായിരുന്നു. അയാളെ അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടെയാണ് മേൽപ്പറഞ്ഞ അക്രമം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത്. 

അടുത്ത ദിവസത്തോടെ ജോർജ് ഫ്ലോയ്‌ഡ് മരിച്ച വാർത്ത  നഗരത്തിലെങ്ങും പരന്നു. ബുധനാഴ്ച രാവിലെ മുതൽ നഗരത്തിൽ പ്രതിഷേധക്കാർ സംഘടിച്ച് തെരുവിലിറങ്ങാൻ തുടങ്ങി. മിനിയാപോളിസ് നഗരത്തിലെ പൊലീസുകാർ, പൗരന്മാർക്കുമേൽ, വിശേഷിച്ച് കറുത്ത വർഗക്കാർക്കു നേരെ, അനാവശ്യമായി കുതിരകയറുന്നു എന്ന ആക്ഷേപങ്ങൾ വരാൻ തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു. അത്തരത്തിലുള്ള പരാതികൾ ഡിപ്പാർട്ടുമെന്റിനുള്ളിൽ നിന്നുവരെ ഉയർന്നിരുന്നു.

 

'മിനിയാപോളിസ് പൊലീസ്  ചീഫ് മെഡാറിയാ അരാഡോൺടോ' ​​​​​​​

ഇപ്പോൾ മിനിയാപോളിസ് പൊലീസ് സേനയുടെ തലവനായ മെഡാറിയാ അരാഡോൺടോ തന്നെ തന്റെ കരിയറിന്റെ തുടക്കത്തിൽ, ഡിപ്പാർട്ടുമെന്റിൽ 'വംശീയവെറി' വെച്ചുപൊറുപ്പിക്കുന്ന അന്നത്തെ മേലുദ്യോഗസ്ഥർക്കെതിരെ കോടതിയിൽ അന്യായം ഫയൽ ചെയ്ത സംഭവം വലിയ ചർച്ചയായിട്ടുണ്ട് മുമ്പ്. അരാഡോൺടോ പൊലീസ് സേനയുടെ തലപ്പത്തെത്തിയിട്ട് മാസങ്ങൾ ആകുന്നതേയുള്ളൂ. സേനയിലെ വംശീയവിവേചനങ്ങൾ തുടച്ചു നീക്കും എന്ന് അദ്ദേഹം ചാർജെടുത്തപാടെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിവരം അറിഞ്ഞപാടെ അതുമായി ബന്ധമുണ്ടായിരുന്ന നാലുദ്യോഗസ്ഥരെയും പിരിച്ചുവിട്ടതായി അരാഡോൺടോ പ്രഖ്യാപിച്ചു. കൂടുതൽ അന്വേഷണത്തിന് എഫ്ബിഐ ഇടപെടണം എന്നും അദ്ദേഹം നിർദേശിച്ചു. 

 

ജോർജ് ഫ്ലോയ്‌ഡ്

മിനിയാപോളിസ് നഗരത്തിൽ താമസിക്കുന്നവരിൽ 20 ശതമാനത്തോളം പേരും ആഫ്രിക്കൻ അമേരിക്കൻ പൗരന്മാരാണ്. അതേസമയം, എണ്ണൂറോളം ഓഫീസർമാരുള്ള പൊലീസ് സേനയിൽ ഭൂരിഭാഗം പേരും വെള്ളക്കാരാണ്. അവരുടെ വംശീയവെറിക്ക് നഗരത്തിലെ കറുത്തവർഗക്കാർ നിരന്തരം ഇരയാകുന്നു എന്ന പരാതി കുറേക്കാലമായി നിലവിലുണ്ട്. വെള്ളക്കാർക്കെതിരെ അറസ്റ്റോ മറ്റെന്തെങ്കിലും നിയമ നടപടികളോ വേണ്ടിവന്നാൽ തികഞ്ഞ സൗമ്യത പുലർത്തുന്ന ഓഫീസർമാർ, കുറ്റാരോപിതർ ആഫ്രിക്കൻ അമേരിക്കൻ പൗരന്മാരാണെങ്കിൽ അവരോട് തികഞ്ഞ അപമര്യാദയോടെയാണ് പെരുമാറാറുള്ളത്. കഴിഞ്ഞ വർഷം നഗരത്തിലെ പൊലീസുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള വെടിവെപ്പ് കേസുകളിൽ ഭൂരിഭാഗത്തിലും ഇരകൾ കറുത്തവർഗക്കാരാണ്. എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാൽ, ന്യായം ആരുടെ പക്ഷത്തായാലും പൊലീസ് ആഫ്രിക്കൻ അമേരിക്കൻ പൗരന്മാരെ അറസ്റ്റുചെയ്യുക പതിവാണത്രേ.

പൊലീസിന്റെ വെടിയേറ്റ് പൗരന്മാർ കൊല്ലപ്പെടുന്ന കേസുകളിലെ നടപടികളിലും ഈ വിവേചനം ദൃശ്യമാണ്. ഉദാ. 2017 -ൽ ജസ്റ്റിൻ റസിക്ക് എന്ന ഒരു യുവതി  വെടിയേറ്റ് മരിച്ചപ്പോൾ, ഓഫീസർ കുറ്റക്കാരനാണ് എന്ന് കണ്ടെത്തപ്പെട്ട് മൂന്ന് ദിവസത്തിനുള്ളിൽ പൊലീസിന്റെ ഭാഗത്തുനിന്ന് 20 മില്യൺ ഡോളറിന്റെ നഷ്ടപരിഹാരമാണ് മരിച്ചയാളിന്റെ കുടുംബത്തിന് കിട്ടിയത്. എന്നാൽ 2018 -ൽ നടന്ന സമാനമായ മറ്റൊരു കേസിൽ, തുർമാൻ ബ്ലേവിൻസ്‌ എന്ന ഒരു കറുത്തവർഗക്കാരന് നേരെ തോക്കും ചൂണ്ടി നടന്നടുത്ത വെള്ളക്കാരായ പൊലീസുകാരോട് അയാൾ "എന്നെ വെടിവെക്കരുതേ...." എന്ന് പലവുരു കെഞ്ചിപ്പറഞ്ഞിട്ടും അവർ അയാളെ വെടിവെച്ചു കൊന്നുകളഞ്ഞു. അന്നും സമാനമായ പ്രതിഷേധങ്ങൾ നഗരത്തിലുണ്ടായി. അതുപോലെ ചിയാഷെർ ഫൊങ് വ്യൂ എന്ന ഒരു മോങ് വംശജനെ ഒമ്പതു പൊലീസുകാർ ചേർന്ന് വെടിവെച്ചു കൊന്നപ്പോൾ അയാൾക്ക്‌ നേരെ ഉതിർക്കപ്പെട്ടത് നൂറിലധികം വെടിയുണ്ടകളാണ്. ആഫ്രിക്കൻ അമേരിക്കൻ വംശജരോടുള്ള ഇടപെടലിൽ,  മിനിയാപോളിസ് പൊലീസിന്റെ ചരിത്രം അത്രയ്ക്ക് സൗഹാർദ്ദപരമല്ല എന്ന് ചുരുക്കം. 

ചൊവ്വാഴ്ചത്തെ സംഭവം മിനിയാപോളിസ് പൊലീസിന്റെ പ്രതിച്ഛായക്കുമേൽ മറ്റൊരു കളങ്കം കൂടി ചാർത്തി നൽകിയിരിക്കുകയാണ്. ചൗവിൻ എന്ന ഓഫീസർ ഫ്ലോയ്‌ഡിന്റെ കഴുത്തിൽ കാൽമുട്ട് കയറ്റിവെച്ച് ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കെ കൂടെയുണ്ടായിരുന്ന മറ്റു മൂന്ന് ഓഫീസർമാർ അതിനെ തടയാൻ ശ്രമിച്ചില്ല എന്നതും ഏറെ വിവാദത്തിന് ഇടയായിരിക്കുകയാണ്. സംഭവത്തിന്റെ പൊലീസ് ഭാഷ്യം പാടെ നിഷേധിക്കുന്ന തെളിവുകളാണ് ദൃക്‌സാക്ഷികളിൽ ഒരാൾ തന്റെ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിൽ ഉള്ളത്. അതുകൊണ്ട് ഈ വീഡിയോ കൂടുതൽ വൈറലാകും തോറും മിനിയാപോളിസിലെ പൊലീസിനെതിരെ ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിൽ നിന്ന് കടുത്ത രോഷം പുകഞ്ഞു കത്തിക്കൊണ്ടിരിക്കുകയാണ്.

 

 

ഈ സംഭവത്തോടെ  പ്രദേശത്താകെ അശാന്തി പടർന്നിട്ടുണ്ട്. സ്വന്തം വീടുകൾ അഗ്നിക്കിരയാക്കപ്പെടുമോ എന്ന ഭയം കൊണ്ട്, തീപിടിക്കാതിരിക്കാൻ വേണ്ടി വീടിനുമേൽ നിരന്തരം വെള്ളമൊഴിച്ചുകൊണ്ടിരിക്കുന്ന ചിലരെയും കാണാനായി. ഫ്ലോയ്‌ഡിനെ ശ്വാസംമുട്ടിച്ച ഓഫീസർ ചൗവിന്റെ വീടിനു പുറത്തും പ്രതിഷേധങ്ങൾ അരങ്ങേറി. മിനിയാപോളിസിനു പുറമെ മെംഫിസിലും ലോസ് ആഞ്ചെലസിലും ഒക്കെ പ്രതിഷേധങ്ങൾ നടന്നു. അമേരിക്കയിൽ കറുത്തവർഗക്കാർക്ക് നേരെ അടുത്തിടെ നടന്ന എല്ലാ സംഭവങ്ങളുമായും സാമൂഹ്യമാധ്യമങ്ങളിൽ ഈ സംഭവം താരതമ്യം ചെയ്യപ്പെട്ടു.  കുറ്റാരോപിതനായ ഓഫീസർ ചൗവിനെതിരെ ഇതിനുമുമ്പും നിരവധി തവണ പരാതികൾ വന്നിട്ടുണ്ട്. 2008 -ൽ ഒരാളെ വെടിവെച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അവർ അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ട് ഇപ്പോഴും തെരുവിൽ തന്നെ തുടരുകയാണ്. അക്രമാസക്തരായ പ്രതിഷേധക്കാരികൾ കലാപത്തിലേക്ക് കടന്നതോടെ ടിയർഗ്യാസും റബ്ബർ ബുള്ളറ്റും ഒക്കെയായി അവരെ നിയന്ത്രിക്കാനുള്ള നടപടികളും പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. 

"സംഭവം വളരെ ഖേദകരമാണ് "എന്ന് പ്രസിഡന്റ് ട്രംപ് പ്രതികരിച്ചുകഴിഞ്ഞു. "ഈ രാജ്യത്ത് നിലനിൽക്കുന്ന അനീതിയുടെ ഏറ്റവും പുതിയ ഉദാഹരണം " എന്നാണ് ട്രംപിന്റെ എതിർ സ്ഥാനാർഥി ജോസഫ് ബൈഡൻ പറഞ്ഞത്. മരണപ്പെട്ട ഫ്ലോയ്ഡ് ജന്മനാടായ ഹൂസ്റ്റണിൽ നിന്ന്  മിനിയാപോളിസിലേക്ക് കുടിയേറിയിട്ട് അഞ്ചുവർഷം തികയുന്നതേ ഉണ്ടായിരുന്നുള്ളു. പ്രദേശവാസികൾക്ക് അയാൾ അറിയപ്പെടുന്ന ഒരു സോക്കർ, ബാസ്കറ്റ് ബോൾ കളിക്കാരനാണ്. അദ്ദേഹത്തിന്റെ അസ്വാഭാവികമരണം അവരെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. 

 


പൊലീസുകാർക്കെതിരെ ഉയരുന്ന പരാതികളിൽ നടപടികൾ ഉണ്ടാവുന്നതും വളരെ വിരളമായാണ്. പരാതികളിൽ ഒരു ശതമാനത്തിൽ മാത്രമാണ് എന്തെങ്കിലും അച്ചടക്ക നടപടികൾ ഉണ്ടായിട്ടുള്ളത്. നഗരത്തിലെ പൊലീസുകാരുടെ യൂണിയൻ വളരെ ശക്തമാണ് എന്നതും പൊലീസുകാർക്കെതിരെ നടപടികൾ ഉണ്ടാകുന്നതിനു തടസ്സമായി നിൽക്കുന്നുണ്ട് പലപ്പോഴും. ഡിപ്പാർട്ടുമെന്റ് തല അന്വേഷണങ്ങൾ മിക്കവാറും കേസുകളിൽ വെറും പ്രഹസനങ്ങളായി മാറാറുണ്ട്. മിക്കവാറും കേസുകളിൽ ഒരു നടപടിയും ഉണ്ടാവാറില്ല. എന്തൊക്കെ അതിക്രമങ്ങൾ പ്രവർത്തിച്ചാലും തങ്ങളെ ആർക്കും ഒന്നും ചെയ്യാനാവില്ല എന്ന തികഞ്ഞബോധ്യം പൊലീസുകാർക്കുണ്ട്. ആ ബോധ്യം പകരുന്ന ആത്മവിശ്വാസത്തിന്റെ പുറത്താണ്, ഇത്രയധികം പേർ നോക്കി നിൽക്കെ, ചിലരൊക്കെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിക്കൊണ്ടിരിക്കെ, അതുകൊണ്ടൊന്നും കൂസാതെ ആ ഓഫീസർ എട്ടുമിനിറ്റോളം നേരം ജോർജ് ഫ്ലോയ്ഡ് എന്ന മനുഷ്യന്റെ കഴുത്തിൽ കാൽമുട്ട് ചേർത്ത് അമർത്തിവെച്ച് അയാളെ ശ്വാസം മുട്ടിച്ചത്.  

 

 

ഇപ്പോൾ 38 സ്ട്രീറ്റിനും ഷിക്കാഗോ അവന്യൂവിനും ഇടയിൽ ജോർജ് ഫ്ലോയ്ഡിന്റെ പേരിൽ ഒരു സ്മാരകം പൊന്തി വന്നിട്ടുണ്ട്. ആ മുക്കിലെ ഒരു ചുവരിൽ അയാളുടെ ഒരു ചിത്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വംശീയവെറി എന്നെന്നേക്കുമായി അമേരിക്കൻ മണ്ണിൽ നിന്ന് തുടച്ചുനീക്കണം എന്ന ആവശ്യവുമായി മിനിയാപോളിസിലെ തെരുവുകളിൽ ഈ നിമിഷവും പ്രതിഷേധങ്ങൾ കത്തുക തന്നെയാണ്. 
 

click me!