ടൊഫാന പ്രത്യേകം തയ്യാറാക്കിയ വിഷം അന്ന് വൻ ഹിറ്റായി. പല സ്ത്രീകളും രഹസ്യമായി അവളെ സമീപിച്ച് വലിയ പണം നൽകി ആ വിഷം കൈപ്പറ്റി. ഭർത്താക്കന്മാർക്ക് ഭക്ഷണത്തിൽ കലർത്തി നൽകി.
അതിമനോഹരമായൊരു കുപ്പി, കണ്ടാൽ സൗന്ദര്യവർധനയ്ക്ക് വേണ്ടിയുള്ള എന്തോ ദ്രാവകമാണ് എന്നേ തോന്നൂ. എന്നാൽ, അതിനുള്ളിലുണ്ടായിരുന്നത് ഒരു മാരകവിഷമായിരുന്നു -അക്വാ ടൊഫാന. ഒരു കാലത്ത് ഇറ്റലിയിൽ സ്വന്തം ഭർത്താക്കന്മാരെ കൊല്ലാൻ വേണ്ടി സ്ത്രീകളുപയോഗിച്ചിരുന്ന മാരകവിഷം. 17 -ാം നൂറ്റാണ്ടിൽ, ഈ വിഷം കാരണം കുറഞ്ഞത് 600 ഭർത്താക്കന്മാരെങ്കിലും കൊല്ലപ്പെട്ടു.
എന്നാലും, ഈ സ്ത്രീകൾക്ക് മുഴുവനും എങ്ങനെയാണ് ഈ വിഷം കിട്ടിയത് എന്ന് സ്വാഭാവികമായും സംശയം തോന്നാം. അതിനു പിന്നിൽ അവളായിരുന്നു -ഗിയൂലിയ ടോഫാന. ഭർത്താക്കന്മാരെ കൊല്ലാനാഗ്രഹിക്കുന്നവർക്ക് വിഷമെത്തിച്ച് കൊടുക്കുന്ന അവൾ അറിയപ്പെട്ടിരുന്നത് തന്നെ 'കഷ്‍ടതയനുഭവിക്കുന്ന സ്ത്രീകളുടെ കൂട്ടുകാരി' എന്നായിരുന്നു. മുഖത്തെ കറുപ്പ് മാറ്റാൻ വേണ്ടി അന്നത്തെ കാലത്ത് സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു എണ്ണയായിരുന്നു 'Manna of St Nicholas of Bari'. ആ പേരാണ് ടൊഫാന തന്റെ വിഷക്കുപ്പിക്ക് മുകളിൽ എഴുതിവച്ചിരുന്നത്.
undefined
അന്നത്തെ കാലത്ത് ഇറ്റലിയിലെ സ്ത്രീകൾ മിക്കവാറും ഭർത്താക്കന്മാരുടെ കൊടുംപീഡനങ്ങൾക്ക് ഇരയായിരുന്നു. ജോലിയില്ല, സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയില്ല. അതിനാൽ ഈ പീഡനങ്ങൾ അനുഭവിച്ച് തീർക്കുകയായിരുന്നു പലരും. അന്നത്തെ സ്ത്രീകൾക്ക് മുന്നിൽ ഉണ്ടായിരുന്നത് മൂന്ന് വഴികളാണ്, വിവാഹം കഴിക്കുക, ലൈംഗികത്തൊഴിലാളികളാവുക, അല്ലെങ്കിൽ സമ്പന്നയും മാന്യയുമായ ഒരു വിധവയാവുക. ഭർത്താക്കന്മാർ വെറും അടിമകളായി കണ്ട ഈ സ്ത്രീകൾക്ക് താല്പര്യം പലപ്പോഴും വിധവകളായി ജീവിക്കാനായിരുന്നു.
അതിനാൽ തന്നെ ടൊഫാന പ്രത്യേകം തയ്യാറാക്കിയ വിഷം അന്ന് വൻ ഹിറ്റായി. പല സ്ത്രീകളും രഹസ്യമായി അവളെ സമീപിച്ച് വലിയ പണം നൽകി ആ വിഷം കൈപ്പറ്റി. ഭർത്താക്കന്മാർക്ക് ഭക്ഷണത്തിൽ കലർത്തി നൽകി. ആഗ്രഹിച്ച പോലെ വിധവകളായി ജീവിച്ചു. നാല് മുതൽ ആറ് തുള്ളികൾ വരെയാണ് ഒരാളെ കൊല്ലാൻ ഈ വിഷം വേണ്ടിയിരുന്നത്. ഇത് പലപ്പോഴായിട്ടാണ് നൽകിയിരുന്നതത്രെ. ആദ്യത്തെ തുള്ളി നൽകുമ്പോൾ തളർച്ചയും തലകറക്കവും ഒക്കെയുണ്ടാകും. പിന്നത്തെ തുള്ളികൾ നൽകുമ്പോൾ ഛർദ്ദി, ദാഹം ഒക്കെ ഉണ്ടാവും. അവസാനത്തെ തുള്ളി നൽകുന്നതോടെ മരിക്കും.
ഒരിക്കൽ ടൊഫാനയോട് ഈ വിഷം വാങ്ങിയ ഒരു സ്ത്രീ തന്റെ ഭർത്താവിന് അത് സൂപ്പിൽ കലർത്തി നൽകി. എന്നാൽ, പെട്ടെന്ന് തന്നെ മനം മാറിയ അവൾ ആ ഭക്ഷണം കഴിക്കാൻ അയാളെ സമ്മതിച്ചില്ല. പകരം വിഷത്തിന്റെ കാര്യം തുറന്ന് പറഞ്ഞു. ഇതോടെയാണ് ടൊഫാനയുടെ വിഷത്തെ കുറിച്ച് പുറംലോകം അറിയുന്നതും അവൾ പിടിയിലാവുന്നതും.
പിന്നാലെ, 1659 -ൽ റോമിലെ കാമ്പോ ഡി ഫിയോറിയിൽ വച്ച് അവളെ വധിച്ചു. ഒപ്പം അവളുടെ മകളെയും മൂന്ന് സഹായികളെയും കൂടി അവൾക്കൊപ്പം വധിച്ചു. തീർന്നില്ല, അവളോട് വിഷം വാങ്ങിയവരിൽ 40 -ലധികം പേരെയും വധിച്ചു. എന്നാൽ, അപ്പോഴേക്കും 600 പുരുഷന്മാരുടെ ജീവനെങ്കിലും ഈ വിഷം എടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്.
വായിക്കാം: അച്ഛനെതിരെ പരാതി, 10 വയസ്സുകാരൻ പൊലീസ് സ്റ്റേഷനിലെത്തിയത് ഒരു വർഷത്തിൽ എട്ട് തവണ