നെറ്റിസൺസിൽ ചിലർ തങ്ങൾ ഒരേ സമയം ആറ് വസ്ത്രങ്ങൾ വരെ ധരിച്ച് യാത്ര ചെയ്തിട്ടുണ്ട് വെളിപ്പെടുത്തി. ചിലർ ലഗേജ് ഫീസ് ലാഭിക്കാൻ U അകൃതിയിലുള്ള തലയിണയായി വസ്ത്രങ്ങൾ പാക്ക് ചെയ്തുകൊണ്ടുപോയ അനുഭവങ്ങളും പങ്കുവെച്ചു.
വിമാനയാത്രയിൽ വസ്ത്രങ്ങൾ ബാഗിലാക്കി കൊണ്ടു പോകുന്നതിന് പകരം, നിരവധി വസ്ത്രങ്ങൾ ഒന്നിച്ച് ധരിച്ച് യാത്ര ചെയ്ത് ചൈനയിലെ ചെറുപ്പക്കാർ. വിമാനയാത്രയിലെ ലഗേജ് ഫീസ് ഒഴിവാക്കാനാണ് ഈ അതിബുദ്ധി എന്നതാണ് ഏറെ രസകരമായ കാര്യം. ഇത്തരത്തിൽ യാത്ര ചെയ്ത നിരവധി യുവതീയുവാക്കളുടെ ചിത്രങ്ങൾ ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞതോടെ സംഭവം രസകരമായ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.
സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ട്രാവൽ വ്യവസായ കുതിച്ചുചാട്ടത്തിൽ, ചൈനയിലെ ബജറ്റ് എയർലൈനുകൾക്ക് ലാഭം വൻതോതിൽ കൂടുകയാണ്. ഉദാഹരണത്തിന്, സ്പ്രിംഗ് എയർലൈൻസ് 2023 -ൽ രണ്ട് ബില്യൺ യുവാൻ (US$280 ദശലക്ഷം) വരുമാനം ആണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, വിമാനയാത്രകളിൽ ലഗേജ് കൊണ്ടുപോകാനുള്ള കർശന പരിമിതികൾ മറികടക്കാനും ചെലവ് ചുരുക്കാനും വേണ്ടിയാണ് യുവതീ യുവാക്കൾ ഇത്തരത്തിൽ ഓരേ സമയം ഒന്നിലധികം വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് യാത്ര ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ സംഗതി ചർച്ചയായതോടെ പലരും തങ്ങളുടെ സമാനമായ യാത്രാ അനുഭവങ്ങൾ പങ്കുവെച്ചു.
മറ്റ് ചെലവ് ചുരുക്കൽ നുറുങ്ങുകൾ പങ്കുവെക്കാനും നെറ്റിസൺസ് മടിച്ചില്ല. നെറ്റിസൺസിൽ ചിലർ തങ്ങൾ ഒരേ സമയം ആറ് വസ്ത്രങ്ങൾ വരെ ധരിച്ച് യാത്ര ചെയ്തിട്ടുണ്ട് വെളിപ്പെടുത്തി. ചിലർ ലഗേജ് ഫീസ് ലാഭിക്കാൻ U അകൃതിയിലുള്ള തലയിണയായി വസ്ത്രങ്ങൾ പാക്ക് ചെയ്തുകൊണ്ടുപോയ അനുഭവങ്ങളും പങ്കുവെച്ചു. കൂടാതെ നിരവധി പോക്കറ്റുകൾ ഉള്ള വസ്ത്രങ്ങൾ ധരിച്ച് അതിനുള്ളിൽ പവർബാങ്ക് മുതൽ ലാപ്ടോപ്പ് വരെ സൂക്ഷിച്ച് യാത്ര ചെയ്തവരും കുറവല്ല. എന്തായാലും, പണം ലാഭിക്കാൻ വേണ്ടി യുവാക്കൾ കണ്ടെത്തിയ ഈ മാർഗം കൊള്ളാമല്ലേ?