കണ്ണ് നിറയാതെ വായിച്ചുതീര്‍ക്കാനാവില്ല; അമ്മയെ കുറിച്ച് ഉള്ളുലയ്ക്കുന്ന എഴുത്തുമായി ശീതള്‍ ശ്യാം

By Web Team  |  First Published May 13, 2024, 11:42 AM IST

വായിക്കുന്നവരുടെ കണ്ണ് നനയിക്കുന്ന, അത്രയും ഹൃദയസ്പര്‍ശിയായ എഴുത്താണ് ശീതളിന്‍റേതെന്ന് കുറിപ്പ് വായിച്ചവരെല്ലാം ഒരുപോലെ പറയുന്നു


തിരുവനന്തപുരം: മെയ് 12 മാതൃദിനത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രമുഖര്‍ അടക്കം നിരവധി പേര്‍ തങ്ങളുടെ അമ്മമാരെ കുറിച്ചെഴുതിയത് നമ്മള്‍ കണ്ടു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഉള്ളുലയ്ക്കും വിധം അമ്മയുടെ ഓര്‍മ്മകള്‍ കുറിച്ചിട്ടിരിക്കുകയാണ് ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും നടിയും മോഡലുമായ ശീതള്‍ ശ്യാം.

വായിക്കുന്നവരുടെ കണ്ണ് നനയിക്കുന്ന, അത്രയും ഹൃദയസ്പര്‍ശിയായ എഴുത്താണ് ശീതളിന്‍റേതെന്ന് കുറിപ്പ് വായിച്ചവരെല്ലാം ഒരുപോലെ പറയുന്നു. അമ്മയോടൊപ്പമുള്ള നല്ലൊരു  ഫോട്ടോ പോലും കയ്യില്‍ ഇല്ലല്ലോ എന്ന ശീതളിന്‍റെ വേദന അതേ തീക്ഷണതയില്‍ ഏവരിലേക്കും പടരുകയാണ്. 

Latest Videos

undefined

വായിക്കാം ശീതളിന്‍റെ എഴുത്ത്...

അമ്മയോടൊപ്പം ഉള്ള ഓർമ്മകൾ എപ്പോഴും ഉള്ളുനീറ്റൽ ഉള്ളവയാണ്. ഓർത്തെടുക്കാൻ പറ്റുന്ന നല്ല ദിവസം പോലും ചിലപ്പോൾ ഉണ്ടാകില്ല. നല്ല ഉടുപ്പ് വാങ്ങി തരുമ്പോൾ, നല്ല പലഹാരം വാങ്ങി തരുമ്പോൾ, തലയിൽ എണ്ണ തേച്ച് തരുമ്പോൾ, നല്ല ഭക്ഷണം ഉണ്ടാക്കി തരുമ്പോൾ മാത്രം അമ്മയെ പുകഴ്ത്തി പറയുന്ന ഒരാളായിരുന്നു ഞാൻ. അടുത്ത് ഉള്ള തയ്യൽ കടയിൽ പോയി വെട്ടി മാറ്റിയിട്ട തുണി കൊണ്ടുവന്ന് സാരി ആക്കി ചുറ്റി പാടത്തെ പർപടക പുല്ല് തലയിൽ മുടി ആക്കി മെടഞ്ഞു വേലിയിൽ ഉള്ള ചെടി പടർപ്പുകളെ സ്കൂൾ കുട്ടികൾ ആയി കരുതി വടി എടുത്തു അടിച്ചു ടീച്ചർ ആയി അഭിനയിക്കുന്ന സ്ഥിരം പരിപാടി കാഴ്ച്ച വെക്കും.

മറ്റ് കുട്ടികൾ കളിക്കുന്ന കളികൾക്ക് പോകാത്തതും ആരും കൂടാത്തതും മറ്റൊരു കാര്യം. പാടത്തു പുല്ല് അരിയാനോ പറമ്പിൽ വിറക് പെറുക്കാൻ വരുന്ന ചേച്ചിമാരോ അമ്മച്ചിമാരോ എന്റെ അമ്മയെ വിളിച്ച് കാര്യം പറയും (ഈ ചെക്കൻ പെണ്ണ് കളി കളിക്കുന്ന രാധേ ഇവനെ ഇങ്ങനെ വിട്ടാൽ പറ്റൂല നല്ല അടി കൊടുക്കണം ) അമ്മ അത് കേട്ട് അടുക്കളയിൽ നിന്ന് ഓടി വരും. ഞാനും ഓടും, അമ്മ കയ്യില്‍ തെങ്ങിൻ പട്ട മടൽ കരുതിയിട്ടുണ്ടാകും. ഞാൻ കണ്ട പാടെ ഓടും, അമ്മ പിറകെ അപ്പുറത്തെ പറമ്പിലെ തെങ്ങിൽ മറവിൽ ഒളിച്ചു കളിക്കും.

അമ്മ ഇങ്ങോട്ട് നോക്കും ഞാൻ അങ്ങോട്ട്‌ തിരിച്ചു നോക്കും... നിക്കവിടെ എന്നും പറഞ്ഞു എന്നെ അടിക്കാൻ ഓടിക്കും...  ഞാൻ ഓടും... പക്ഷേ അമ്മക്ക് ശരിക്കും എന്നെ അടിക്കാൻ പാകത്തിന് കിട്ടിയാൽ അടിക്കൂല, എറിയാൻ കിട്ടിയാൽ എറിയൂല. ഞാൻ കൊഞ്ഞനം കുത്തി കാണിക്കുമ്പോൾ പട്ടമടൽ ദൂരെ എറിഞ്ഞ് എന്നെ ഓടി വന്ന് കെട്ടിപ്പിടിക്കും. എന്നിട്ട് പറയും ഈ തയ്യൽ കടയിലെ വെട്ടുപീസ് മാറ്റി ഒരു ഷാൾ ആക്കികൂടെ അപ്പോ നല്ല ചന്തം ഉണ്ടാകും, പർപ്പടക പുല്ല് മാറ്റി ബ്ലാക്ക് നെറ്റ് വെച്ചാൽ മതി... ഇങ്ങനെ ഐഡിയ പറയും. 

എന്നെ തല്ലി ശരിയാകാൻ നിൽക്കുന്ന ചേച്ചിമാരും അമ്മച്ചിമാരും ഇത് കേട്ട് അവരുടെ പണി നോക്കും. ഞാൻ അമ്മയെ ഇറുക്കി കെട്ടിപ്പിടിക്കും. അമ്മ സാരിത്തലപ്പ് കൊണ്ട് എന്‍റെ മുഖം തുടയ്ക്കും, വാ വല്ലതും കഴിക്കാം എന്ന് പറയും.

വലുതായപ്പോ ബാംഗ്ലൂർ ജീവിതം തുടങ്ങി.  ആ നാട് എന്നെ ഒത്തിരി ആകർഷിച്ചു. ജോലി ആയി ബദ്ധപെട്ടിരിക്കുമ്പോ അമ്മ വിളിക്കും. അന്ന് ഫോൺ ഉണ്ടായിരുന്നു.  അമ്മ നാട്ടിൽ നിന്ന് വിളിച്ച് വല്ലോം കഴിച്ചോ എന്ന് ചോദിക്കും. ഞാൻ തിരിച്ച് ചൂടായി മറുപടി പറയും... 

എന്തിനാ എപ്പോഴും വിളിക്കുന്നത്,  ഞാൻ എന്തെങ്കിലും കഴിച്ചോളാം എപ്പോഴും ഇങ്ങനെ വിളിക്കണ്ട... 

2008ൽ പാടവരമ്പത്ത് തണുത്ത ആ ശരീരം നിറം മങ്ങി അടുക്കളക്കരി പുരണ്ട സാരിയിൽ ചത്തുമലച്ചു കിടക്കുന്ന കണ്ടത് മുതൽ പിന്നെ ആരും എന്നോട് ചോയ്ച്ചില്ലാ, വല്ലോം കഴിച്ചോ എന്ന്... ആ ഫോൺ വിളി ഇപ്പോ വന്നിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിക്കുന്നു.
കൂടെ ഒരു നല്ല ചിത്രം പോലും നമ്മൾ തമ്മിൽ ഇല്ലാലോ 

 

Also Read:- അനാഥനായി മടങ്ങേണ്ടി വന്നില്ല സലീമിന്, അന്ത്യയാത്രയില്‍ മാലാഖയെ പോലെ കൂടെ നിന്നു സുരഭി...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!