പവിഴപ്പുറ്റ് പോലുള്ള സമുദ്ര ജൈവവൈവിധ്യങ്ങളുടെ തകർച്ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധന മേഖലയെയും ബാധിക്കും
ഉഷ്ണതരംഗം കരയിലെ ജീവജാലങ്ങളെ മാത്രമല്ല കടലിലെ ആവാസ വ്യവസ്ഥയെയും ദോഷകരമായി ബാധിക്കുകയാണ്. സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഉയരുന്നതോടെ പ്രകൃതിയുടെ മഹാവിസ്മയമാണ് നമ്മുടെ കണ്‍മുന്നിൽ നശിക്കുന്നത്. കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ബ്ലീച്ചിംഗിന് വിധേയമായി ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ പഠനത്തിൽ കണ്ടെത്തി.
സമുദ്രത്തിലെ താപനില അസാധാരണമാംവിധം ഏറെക്കാലം ഉയർന്നുനിൽക്കുന്ന അപൂർവ കാലാവസ്ഥാ സ്ഥിതിയാണ് ഉഷ്ണതരംഗം. ഇത്തരം ഉഷ്ണതരംഗങ്ങൾ സമുദ്രത്തിലെ ജൈവവൈവിധ്യത്തിനും ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നത്. താപ സമ്മർദ്ദം അളക്കുന്ന ഡിഗ്രി ഹീറ്റിംഗ് വീക്ക് (ഡി.എച്ച്.ഡബ്ല്യു) സൂചകം ലക്ഷദ്വീപിൽ 4 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. ഇതാണ് പവിഴപ്പുറ്റുകളുടെ നാശത്തിനും അതുവഴി വൈവിധ്യമാർന്ന സമുദ്ര ജൈവ സമ്പത്തിന്റെ തകർച്ചക്കും വഴിയൊരുക്കുന്നത്.
അമിതമായ താപസമ്മർദം കാരണം പവിഴപ്പുറ്റുകളിലെ സിംബയോട്ടിക് ആൽഗകൾ നശിക്കുന്നതാണ് ബ്ലീച്ചിംഗിന് കാരണമാകുന്നതെന്ന് സിഎംഎഫ്ആർഐയിലെ ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. ഡിഎച്ച്ഡബ്ല്യു 12 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയാണെങ്കിൽ അത്യസാധാരണമായ ജൈവവൈവിധ്യ പ്രതിസന്ധിക്ക് കാരണമാകുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐയിലെ സീനിയർ സയന്റിസ്റ്റ് ഡോ കെ ആർ ശ്രീനാഥ് പറഞ്ഞു. അന്തരീക്ഷത്തിലെ അമിതമായ ചൂടും സമുദ്ര പ്രവാഹത്തിലെ മാറ്റവുമാണ് കടലിലെ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണങ്ങളെന്ന് സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റ് ഡോ ഷൽട്ടൺ പാദുവ പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബർ 27 മുതൽ ലക്ഷദ്വീപിൽ ഈ സാഹചര്യമാണുള്ളത്.
പവിഴപ്പുറ്റ് പോലുള്ള സമുദ്ര ജൈവവൈവിധ്യങ്ങളുടെ തകർച്ച വിനോദസഞ്ചാരത്തെയും മത്സ്യബന്ധന മേഖലയെയും ബാധിക്കും. ഇത് തീരദേശ സമൂഹത്തിന്‍റെ ഉപജീവനത്തിന് ഭീഷണിയാണ്. കടൽപ്പുല്ല് പോലെയുള്ള സമുദ്രസമ്പത്തിനും ഉഷ്ണതരംഗം ഭീഷണിയാണ്. ഈ സാഹചര്യം കടൽ ഭക്ഷ്യശൃംഖലയെ സാരമായി ബാധിക്കും. മീനുകളുടെയും സസ്തനികളുടെയും നിലനിൽപ്പ് അപകടത്തിലാകുമെന്ന് സിഎംഎഫ്ആർഐയുടെ പഠനം പറയുന്നു. പവിഴപ്പുറ്റുകളുടെ ദീർഘകാല സുസ്ഥിരത ഉറപ്പാക്കുന്ന പഠന - പരിപാലന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരികയാണെന്ന് സിഎംഎഫ്ആർഐ അറിയിച്ചു.
കോറൽ ബ്ലീച്ചിംഗ് ഭീതി ലോകത്തിലെ മറ്റ് ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രസീലിലെയും ഓസ്ട്രേലിയയിലെയും പവിഴപ്പുറ്റുകളെ കോറൽ ബ്ലീച്ചിംഗ് പിടികൂടി. ബ്രസീലിൽ കോറൽ കോസ്റ്റ് എന്ന 120 കിലോമീറ്റർ നീളമുള്ള മറൈൻ പാർക്ക് ഉൾപ്പെടെ, അലഗോസ് മുതൽ റിയോ ഗ്രാൻഡെ ഡോ നോർട്ടെ വരെയുള്ള വിശാലമായ അറ്റ്ലാന്‍റിക് തീരപ്രദേശത്ത് പവിഴപ്പുറ്റുകളിൽ കോറൽ ബ്ലീച്ചിംഗിന് സംഭവിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം