ആ 'ശപിക്കപ്പെട്ട മമ്മി', മമ്മിയെ തൊട്ടവരെ പിന്തുടരുന്നത് ആജീവനാന്തശാപവും മരണവും, സത്യമെന്ത്?

By Web Team  |  First Published Jan 2, 2020, 6:14 PM IST

 ടൂട്ടൻഖാമുൻ ഫറവോയുടെ ശവകുടീരത്തിൽ നിന്ന്  " ഈ ശവകുടീരത്തിൽ അതിക്രമിച്ചു കയറുന്നത് ആരായാലും, അവരെത്തേടി മരണം അതിന്റെ വിസ്താരമുള്ള ചിറകുകൾ വിരിച്ചു പറന്നെത്തും " എന്നെഴുതിയ ഒരു ഫലകം കിട്ടി 


1922 -ൽ പ്രസിദ്ധനായ ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായ ഹോവാർഡ് കാർട്ടർ ആണ് ഈജിപ്ത് കേന്ദ്രീകരിച്ചുകൊണ്ടുള്ള തന്റെ അന്വേഷണങ്ങൾക്കൊടുവിൽ ടൂട്ടൻഖാമുനിലെ ഫറവോയുടെ മമ്മിയെ കണ്ടെത്തുന്നത്. 3200 വർഷത്തിലധികം പഴക്കമുണ്ടായിരുന്ന ഈ മമ്മിയുടെ കണ്ടെത്തൽ അന്ന് ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. 1323 ബിസിയിൽ തന്റെ പതിനെട്ടാം വയസ്സിൽ കാലപുരി പൂകിയതാണ് ഈ ഈജിപ്ഷ്യൻ രാജാവ്. പത്താംവയസ്സിൽ രാജപദവിയിലെത്തിയ ഈ ഫറവോയെ അന്ന് ബാലരാജാവ് എന്നാണ് വിളിച്ചിരുന്നത്. കണ്ടെടുത്ത മമ്മിയുടെ കാലുകളിലും നെഞ്ചത്തും കണ്ട മുറിവുകൾ ഫറവോ ടൂട്ടൻഖാമുൻ എങ്ങനെ മരിച്ചു എന്ന കാര്യത്തിൽ സന്നിഗ്ധത സൃഷ്ടിച്ചു.  ഒരു തേരപകടത്തിലാണ് ഫറവോ മരിച്ചതെന്ന് പിൽക്കാലത്ത് കണ്ടെത്തപ്പെട്ടിരുന്നു. എന്നാൽ, അന്ന് അതിനുള്ള സാങ്കേതിക വിദ്യ ഇല്ലാതിരുന്നതുകൊണ്ട് ഫറവോയുടെ മരണകരണത്തെപ്പറ്റി പല തിയറികളും ഉരുത്തിരിഞ്ഞു വന്നിരുന്നു. ഫറവോ ശത്രുക്കളാൽ കൊലചെയ്യപ്പെട്ടതാണ് എന്നതായിരുന്നു അവയിൽ പ്രധാനം. ആ ശവകുടീരത്തെ ചുറ്റിപ്പറ്റി പല തരത്തിലുള്ള ശാപകഥകളും അന്ന് ഈജിപ്തിൽ പ്രചരിച്ചു. 

Latest Videos

undefined

ഈജിപ്തിന്റെ തെക്കൻ നഗരമായ ലക്സറിൽ നിന്ന് നൈൽ നദി മുറിച്ചുകടന്നാൽ അക്കരെ കാണുന്നതാണ് രാജാക്കന്മാരുടെ താഴ്വര (Kings Valley). ബിസി പതിനാറാം നൂറ്റാണ്ടു മുതൽ പതിനൊന്നാം നൂറ്റാണ്ടുവരെ മരണം തേടിയെത്തുന്ന ഫറവോമാരെ സ്ഥിരമായി മമ്മികളാക്കി അടക്കിയിരുന്നത് ഈ താഴ്വരയിലാണ്. മമ്മിയുടെ ശവകുടീരങ്ങളിൽ വിലപിടിപ്പുള്ള പലതും കാണും എന്നതിനാൽ അബദ്ധവശാൽപ്പോലും മനുഷ്യസ്പർശമേൽക്കാൻ ഇടയായ ശവകുടീരങ്ങൾ എല്ലാം തന്നെ കൊള്ളയടിക്കപ്പെട്ടിരുന്നു. ടൂട്ടൻഖാമുനിലെ മമ്മിയുടെ കുടീരമാണ് പുരാവസ്തുഗവേഷകർക്ക്, കൊള്ളയടിക്കപ്പെടാതെ കണ്ടുകിട്ടുന്ന ആദ്യത്തേത്. കാർണർവോണിലെ അഞ്ചാം പ്രഭു എന്ന കുതുകിയായൊരു ഈജിപ്റ്റോളജിസ്റ്റ് ആയിരുന്നു ഈ പ്രോജക്ടിന് വേണ്ട ധനസഹായം നൽകിയിരുന്നത്. കാർട്ടറുടെ സംഘത്തോടൊപ്പം പ്രഭുവും അവർ കണ്ടെത്തിയ ശവകുടീരത്തിനുള്ളിലേക്ക് കയറിച്ചെല്ലാൻ ധൈര്യം കാണിച്ചു. മരണാന്തര ജീവിതത്തിലേക്ക് ഫറവോയ്ക്ക് ഉതകുമെന്നു കരുതി അവർ മമ്മിക്കൊപ്പം ആ ശവകുടീരത്തിൽ അടക്കിയ പല അമൂല്യവസ്തുക്കളുമുണ്ടായിരുന്നു സംഘത്തിന് കണ്ടെടുക്കാൻ. 

എന്നാൽ ഈ കണ്ടെത്തൽ അന്ന് തിരികൊളുത്തിയത് നിരവധി അഭ്യൂഹങ്ങൾക്കാണ്. അവയിൽ ഏറ്റവും പ്രധാനം, ആ ശവകുടീരത്തിനുള്ളിലേക്ക് കാലെടുത്തുവെച്ചവർ, അഭിശപ്തമായ ടൂട്ടൻഖാമുനിലെ ഫറവോയുടെ മമ്മിയെ കൈകൊണ്ടുതൊട്ടവർ ഒക്കെ നൂറ്റാണ്ടുകൾ കടന്നു നീളുന്ന ആജന്മ ശാപത്തിന് ഇരകളാകും എന്നതായിരുന്നു. അന്നത്തെ പ്രസിദ്ധീകരണങ്ങൾ, ബെസ്റ്റ് സെല്ലർ നോവലിസ്റ്റായ മേരി കൊറേലിയുടെ നാവിൽ നിന്ന് പുറപ്പെട്ട ആ ശാപകഥയ്ക്ക് പരമാവധി പ്രചാരമേകി. ജനം അതൊക്കെ കണ്ണടച്ച് വിശ്വസിക്കുകയും ചെയ്തു. ആ അഭ്യൂഹങ്ങൾ ശരിയാണ് എന്നു തോന്നിപ്പിക്കുന്നതായിരുന്നു അതേത്തുടർന്നുണ്ടായ പല സംഭവങ്ങളും. ശാപത്തിന്റെ ആദ്യ ഇര കാർണർവോണിലെ പ്രഭുവായിരുന്നു. തന്റെ 56-ാം വയസ്സിൽ കെയ്‌റോവിൽ വെച്ച് കാർണർവോൺ പ്രഭു മരണപ്പെട്ടു. ഖനനത്തിന് ഒരു ഇടവേളക്കൊടുത്ത് മകൾക്കൊപ്പം ഒരു സമുദ്രയാത്രക്ക് പോയതായിരുന്നു പ്രഭു. അതിനിടെ പ്രഭുവിന്റെ കവിളിൽ ഒരു കൊതുക് കടിച്ചു. അടുത്ത ദിവസം താടിവടിക്കുന്നതിനിടെ കത്തികൊണ്ട് പ്രഭുവിന്റെ കവിളിൽ ഒരു മുറിവുമുണ്ടായി. രണ്ടു ദിവസത്തിനുള്ളിൽ ജ്വരബാധിതനായി എഴുന്നേറ്റു നടക്കാനാവാത്ത അവസ്ഥയിലായി പ്രഭു. വൈദ്യസഹായം ലഭ്യമാക്കി എങ്കിലും, രക്തത്തിൽ അണുബാധയ്‌ക്കൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതോടെ മരണം പ്രഭുവിനെ കീഴ്‌പ്പെടുത്തി. മരണം നടന്ന അതേ സമയത്തുതന്നെ കെയ്‌റോ നഗരത്തിലെ വൈദ്യുതവിളക്കുകൾ എല്ലാം തന്നെ അണയുകയും ചെയ്തത് അഭ്യൂഹങ്ങൾക്ക് ബലമേകി. കാർണർവോൺ പ്രഭു അങ്ങ് ഇംഗ്ലണ്ടിൽ വിട്ടുപോന്ന ഫോക്സ് ടെറിയർ വളർത്തുനായയും അത്തരത്തിൽ ഒരു കഥയുടെ ഭാഗമായി. ഇവിടെ കെയ്‌റോയിൽ പ്രഭു മരിച്ച കൃത്യം അതേ സമയത്തുതന്നെ ഇംഗ്ലണ്ടിൽ അദ്ദേഹത്തിന്റെ വളർത്തുനായ എണീറ്റുനിന്ന് നിർത്താതെ കുരച്ചുപോലും. ഈ സൂക്ഷ്മാംശങ്ങൾ ഒക്കെ കഥയ്ക്ക് വിശ്വാസ്യതയേറ്റി. ഷെർലക്ക് ഹോംസിന്റെ കഥാകാരനായ ആർതർ കോനൻ ഡോയൽ പറഞ്ഞത്, ആ ഫറവോയുടെ മൃതദേഹം മറവുചെയ്ത സമയത്ത് പുരോഹിതർ സൃഷ്‌ടിച്ച 'ദുർമന്ത്രവാദത്തിന്റെ സംരക്ഷണ വലയ'മാണ് കാർണർവോൺ പ്രഭുവിന്റെ പ്രാണൻ അപഹരിച്ചത് എന്നായിരുന്നു. 

ടൂട്ടൻഖാമുൻ ഫറവോയുടെ ശവകുടീരത്തിൽ നിന്ന്  " ഈ ശവകുടീരത്തിൽ അതിക്രമിച്ചു കയറുന്നത് ആരായാലും, അവരെത്തേടി മരണം അതിന്റെ വിസ്താരമുള്ള ചിറകുകൾ വിരിച്ചു പറന്നെത്തും " എന്നെഴുതിയ ഒരു ഫലകം കിട്ടി എന്ന ഒരു വാർത്ത പ്രചരിച്ചപ്പോൾ സകലരും അത് വിശ്വസിച്ചു. അങ്ങനെ ഒരു ഫലകം കിട്ടിയപ്പോൾ കാർട്ടർ അത് പുറത്തുവിടാത്ത ആ വാർത്ത ഒളിപ്പിക്കുകയായിരുന്നു എന്നുകൂടി ജാമ്യമെടുത്തതോടെ അതിന്റെ വിശ്വാസ്യത ഇരട്ടിച്ചു. ഈ ശാപകഥയെ ശരിവെക്കുന്ന മറ്റൊരു ആത്മഹത്യകൂടി പ്രഭുവിന്റെ മരണത്തോടടുപ്പിച്ചു നടന്നു. ലീഡ്സ് യൂണിവേഴ്സിറ്റിയിലെ ആർക്കിയോളജി പ്രൊഫെസ്റ് എവെലിൻ വൈറ്റ് ഒരു ടാക്സിയിൽ ജീവനൊടുക്കി. പ്രൊഫസറുടെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ എഴുത്ത് വളരെ ആവേശത്തോടെയാണ് പത്രങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. അതിൽ ഇങ്ങനെ എഴുതിയിരുന്നു, "എനിക്കറിയാം, എന്നെ ശാപം ബാധിച്ചിരിക്കുന്നു, അതെന്നെ പിടികൂടും മുമ്പ് ഞാൻ പോകുന്നു."  


 
കണ്ടെത്തൽ നടന്നതിന് ശേഷമുള്ള വർഷങ്ങളിൽ ഇതുപോലെ തുടർച്ചയായി കടന്നു വന്ന അന്വേഷണ സംഘാംഗങ്ങളുടെ ദുർമരണങ്ങൾ അങ്ങനെ ഒരു അഭ്യൂഹം കെടാതെ നിലനിർത്തി. ആ മരണങ്ങളിൽ എല്ലാം എന്തെങ്കിലും തരത്തിലുള്ള അക്രമമോ, കുറ്റകൃത്യമോ സൃഷ്‌ടിച്ച അസ്വാഭാവികതയുണ്ടായിരുന്നു. ആ ദുർമരണങ്ങളുടെ ലിസ്റ്റ് ഏറെ നീണ്ടതായിരുന്നു. 1923 -ൽ അലി കാമിൽ ഫാഹ്‌മി ബേ എന്ന ഈജിപ്തിലെ രാജകുമാരൻ സ്വന്തം ഭാര്യയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. 1924 -ൽ ഫറവോയുടെ മമ്മിയെ എക്സ്റേ ചെയ്ത റേഡിയോളജിസ്റ്റ്, സർ ആർച്ചിബാൾഡ് ഡഗ്ലസ് റീഡ് വളരെ ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടു. സർ ലീ സ്റ്റേക്ക് എന്ന സുഡാൻ ഗവർണർ ജനറൽ, അതേ വർഷം കെയ്‌റോയിൽ വധിക്കപ്പെട്ടു. കാർട്ടറുടെ ഖനനസംഘത്തിലെ അംഗം  ആർതർ മെയ്‌സ് 1928 -ൽ ആഴ്സനിക് എന്ന കൊടുംവിഷം ഉള്ളിൽ ചെന്നാണ് മരിച്ചത്. കാർട്ടറുടെ സെക്രട്ടറി റിച്ചാർഡ് ബെഥേൽ 1929 -ൽ തന്റെ കിടപ്പുമുറിയിൽ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അയാളുടെ അച്ഛൻ വെസ്റ്റ്ബറി പ്രഭു, ഏഴാം നിലയുടെ ജനാലയിലൂടെ പുറത്തേക്ക് ചാടി ആത്മഹത്യ ചെയ്തു. പ്രഭുവിന്റെ ശവമഞ്ചവും വഹിച്ചുകൊണ്ട്  സെമിത്തേരിയിലേക്ക് പോയ കുതിരവണ്ടി തട്ടി മറ്റൊരു എട്ടുവയസ്സുകാരനും മരിച്ചു. അങ്ങനെ തുടർച്ചയായി നടന്ന നിരവധി സംഭവങ്ങളാൽ, 'ടൂട്ടൻഖാമുനിലെ മമ്മിയുടെ ശാപം' എന്ന കഥയ്ക്ക് നാട്ടിൽ ക്ലച്ചു പിടിച്ചു എന്നു സാരം. 

എന്നാൽ, അന്ന് ഈ ശവകുടീരം സന്ദർശിച്ച, മമ്മിയിൽ തോറ്റ പലരും ആയുസ്സിന് ഒരു ചേതവും പറ്റാതെ സുദീർഘകാലം ജീവിച്ചു. എന്നാൽ അതൊന്നും ആരുടെയും ചെവിയിൽ എത്തിയില്ല. അതേ സമയം ദുർമരണങ്ങളെക്കുറിച്ചുള്ള കഥകൾ ഒന്നിന് പത്തായി പ്രചരിക്കുകയും ചെയ്തു. അതോടെ 'ശപിക്കപ്പെട്ട മമ്മി' എന്ന മിത്തിന് വാൻ പ്രചാരവും കിട്ടി. ആ പ്രചാരണങ്ങൾക്ക് കിട്ടിയ ഏറ്റവും വലിയ കാറ്റും, അതൊക്കെ കള്ളക്കഥകളാണ് എന്ന് സാദാ തള്ളിപ്പറഞ്ഞ കാർട്ടർ തന്നെ, 1939 -ൽ, തന്റെ 64-ാം വയസ്സിൽ ദുരൂഹസാഹചര്യങ്ങളിൽ മരിച്ചപ്പോഴാണ്. അന്നുതൊട്ടിന്നുവരേയും ഈ ശാപത്തിന്റെ കഥ തലമുറകൾ കൈമാറി ഇന്നും പ്രചാരത്തിൽ തുടരുന്നു. 

click me!