ആയിരക്കണക്കിനാളുകൾ ഒഴുകിയെത്തുന്നു, ഈ മരത്തെ കാണാനായി മാത്രം, കരഞ്ഞുകൊണ്ട് മടങ്ങുന്നു

By Web Team  |  First Published Apr 1, 2024, 4:30 PM IST

നിലവിൽ വേലി കെട്ടിത്തിരിച്ച നിലയിലാണ് സ്റ്റംപി. സ്റ്റംപിയെ സംരക്ഷിക്കുക എന്നെഴുതിയ ധാരാളം ബാനറുകളും പോസ്റ്ററുകളും വേലിക്കെട്ടുകളിൽ കാണാം.


ദിവസങ്ങൾ എണ്ണപ്പെട്ടു കഴിയുന്ന പ്രിയപ്പെട്ട ഒന്നിനെ കാണാനായി വാഷിങ്ടനിലെ ടൈഡൽ ബേസിൻ റിസർവോയറിന് സമീപത്തേക്ക് നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി എത്തുന്നത്. പക്ഷെ, ഇവിടെ മരണം കാത്തുകഴിയുന്നത് മനുഷ്യരാരുമല്ല എന്ന് മാത്രം. ഒരു മരമാണ് അത്. 

Latest Videos

undefined

ജാപ്പനീസ് ചെറി ബ്ലോസം മരമായ സ്റ്റംപിക്ക് യാത്രയയപ്പു നൽകുന്നതിനാണ് ജനങ്ങൾ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്. മെലിഞ്ഞുണങ്ങിയ രൂപമുള്ള സ്റ്റംപി കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലമായാണ് മുറിച്ചു മാറ്റപ്പെടാൻ പോകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കടൽഭിത്തിയിൽ അറ്റകുറ്റപ്പണികൾ നടത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് മരങ്ങൾ മുറിച്ചുമാറ്റാൻ ഭരണകൂടം തീരുമാനിച്ചത്. പ്രദേശത്ത് വെട്ടി മാറ്റപ്പെടുന്ന 158 ചെറി ബ്ലോസം മരങ്ങളുടെ പട്ടികയിൽ സ്റ്റംപിയും ഉൾപ്പെടുകയായിരുന്നു.

1912 മുതൽ സ്റ്റംപി ഇവിടെയുണ്ട്. അമേരിക്കയും ജപ്പാനും തമ്മിലുള്ള സൗഹൃദത്തിന്റെ അടയാളമായി ജപ്പാനിൽനിന്നു സമ്മാനമായി ലഭിച്ചതാണ് ഈ മരം. അതു മുറിച്ചു മാറ്റാൻ തീരുമാനമായതോടെ ഏതാനും ദിവസം മുൻപ് ജാപ്പനീസ് എംബസിയിലെ ഉദ്യോഗസ്ഥരും ഇവിടെയെത്തി സ്റ്റംപിക്ക് ആദരം അർപ്പിച്ചിരുന്നു. സ്റ്റംപിക്കും മറ്റ് ചെറി ബ്ലോസം മരങ്ങൾക്കും ഇത്രയും കാലം വേണ്ട പരിചരണവും ശ്രദ്ധയും നൽകിയ നാഷനൽ പാർക്കിന് പ്രത്യേക നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റും ജാപ്പനീസ് എംബസി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. സ്റ്റംപി ഇവിടെനിന്നും പോയാലും പരസ്പര സഹകരണത്തിന്റെയും സൗഹൃദത്തിന്റെയും പാരമ്പര്യം അതിന്റെ ഓർമകളിലൂടെ നിലനിൽക്കുമെന്നും എംബസി കുറിച്ചു.

ശോചനീയാവസ്ഥയിലായിട്ടും എല്ലാ വേനലിലും നിറഞ്ഞു പൂക്കുന്ന മരത്തെ പ്രതീക്ഷയുടെയും അതിജീവനത്തിന്റെയുമൊക്കെ പ്രതീകമായും ആളുകൾ കണക്കാക്കിയിരുന്നു. എന്നാൽ ജലനിരപ്പിൽ ഉണ്ടായ ക്രമാതീതമായ വർധന മൂലം സ്റ്റംപിയുടെ വേരുകളുടെ ബലം ക്ഷയിച്ച അവസ്ഥയിലാണ്. ഇത്രത്തോളം ആളുകൾ ഇഷ്ടപ്പെടുന്ന മരമായിട്ടും അതിന് ആയുസ്സ് അധികമില്ലാത്തതാണ് മുറിച്ചു മാറ്റപ്പെടുന്ന മരങ്ങളുടെ കൂട്ടത്തിൽ സ്റ്റംപിയെ ഉൾപ്പെടുത്താനുള്ള കാരണവും.

കടൽഭിത്തിയുടെ പുനർനിർമാണത്തിനായി 113 ദശലക്ഷം ഡോളറിന്റെ പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്.  ഇത്തരത്തിൽ ഭീഷണി നേരിടുന്ന മരങ്ങൾ നീക്കം ചെയ്ത് വെള്ളം കയറുന്നതിന് തടയിടാത്തപക്ഷം കൂടുതൽ മരങ്ങൾക്ക് നാശം സംഭവിക്കാൻ ഇടയുണ്ട്. കാലപ്പഴക്കവും ബലക്ഷയവും മൂലം, ട്രാൻസ്പ്ലാന്റ് ചെയ്താലും നിലനിൽക്കാത്ത അവസ്ഥയിലാണ് സ്റ്റംപി. അതിനാൽ  മരം മുറിച്ചു നീക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോവുകയാണ് അധികൃതർ. 

നിലവിൽ വേലി കെട്ടിത്തിരിച്ച നിലയിലാണ് സ്റ്റംപി. സ്റ്റംപിയെ സംരക്ഷിക്കുക എന്നെഴുതിയ ധാരാളം ബാനറുകളും പോസ്റ്ററുകളും വേലിക്കെട്ടുകളിൽ കാണാം. മരത്തെ സംരക്ഷിക്കാനായി ആരംഭിച്ച ഓൺലൈൻ പെറ്റീഷനിലും നൂറുകണക്കിനാളുകൾ ഒപ്പുവച്ചിട്ടുണ്ട്.

വായിക്കാം: ഈ ലോകത്ത് ഇനി ആകെ അവശേഷിക്കുന്നത് പത്തെണ്ണം മാത്രം, എന്നേക്കുമായി ഇല്ലാതായിത്തീരുകയാണോ വാക്വിറ്റകൾ? 

tags
click me!