ഓരോ സ്ഥലത്തെ രോഗവ്യാപനത്തിലും, 'കണ്ടാല്‍ ആരോഗ്യവതിയായ 40 വയസ് പ്രായമുള്ള ഐറിഷ് പാചകക്കാരിക്ക് പങ്കുണ്ട്' എന്നായിരുന്നു അയാള്‍ തന്‍റെ കണ്ടെത്തലില്‍ പറഞ്ഞത്. ഏതായാലും അയാള്‍ക്ക് മേരിയെ കണ്ടെത്താനായില്ല. കാരണം രോഗം ഓരോരുത്തരിലേക്കുമായി എത്തുമ്പോഴേക്ക് തന്നെ മേരി അവിടം വിടുമായിരുന്നു.
ഒരിക്കലും നാം കരുതിക്കാണില്ല, ഈ ലോകത്തെ മുഴുവന്‍ വാര്‍ത്താ ചാനലുകളും വാര്‍ത്താ സൈറ്റുകളുമെല്ലാം ലോകമാകെ അഭിമുഖീകരിക്കുന്ന ഒരു വലിയ ആഗോളമാരിയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന്, അതിനെ തോല്‍പ്പിക്കാനുള്ള പടയോട്ടത്തില്‍ ലോകത്താകെയുള്ള ജനങ്ങളും അണിചേരുമെന്ന്. പക്ഷേ, അങ്ങനെ സംഭവിച്ചിരിക്കുന്നു. ലോകത്താകെ ഇന്നൊരൊറ്റ പ്രധാന ചിന്തയേ ഉള്ളൂ, അത് ഈ മഹാമാരിയെ എങ്ങനെ മറികടക്കാം എന്നതാണ്.
എന്നാല്‍, ഇത് ആദ്യത്തെ തവണയല്ല സമൂഹത്തിന്‍റെ എല്ലാ സങ്കല്‍പങ്ങള്‍ക്കും അപ്പുറം ഒരു മഹാമാരിയെത്തി രാജ്യങ്ങളെ, ജനങ്ങളെ കഷ്ടത്തിലാക്കുന്നത്. 1918 മുതല്‍ 1920 വരെ നീണ്ടുനിന്ന സ്പാനിഷ് ഫ്ലൂ ലോകത്തിലെ ആകെ ജനസംഖ്യയുടെ പകുതിയേയും അക്രമിച്ചിരുന്നു. 17 മുതല്‍ 50 മില്ല്യണ്‍ വരെ ആള്‍ക്കാരെ കൊന്നിരുന്നു.
undefined
എന്നാൽ, അതിനുമുമ്പുതന്നെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ന്യൂയോർക്കിൽ പാചകക്കാരിയായി ജോലി ചെയ്തിരുന്ന ഐറിഷ് കുടിയേറ്റക്കാരി ടൈഫോയ്ഡ് മേരിയുടെ അസാധാരണമായ ഒരു കഥ ഉണ്ടായിരുന്നു. അത് രോഗത്തിന്റെയും മരണത്തിന്റെയും നീണ്ട വർഷത്തെ ക്വാറന്‍റൈന്‍റെയും കഥയാണ്.
സ്വന്തമായി ഒരു പ്രത്യേകവിഭവം തന്നെ തയ്യാറാക്കുന്ന ഐറിഷ് കുക്ക്
മേരി ഒരുകാലത്ത് മാധ്യമങ്ങളില്‍ തലക്കെട്ടായിരുന്നു. ചില കഥകളില്‍ മേരി പ്രത്യക്ഷപ്പെട്ടത് ഇരയായിട്ടാണ്. എന്നാല്‍, ചില കഥകളിലാകട്ടെ വില്ലത്തിയായിട്ടും. പക്ഷേ, എന്തിരുന്നാലും ഒന്നാം ലോക മഹായുദ്ധത്തിന് തൊട്ടുമുമ്പ് പ്രത്യേകിച്ചും ന്യൂയോർക്കിലും ലോകത്തിലാകെയും ടൈഫോയിഡ് മേരി ചര്‍ച്ചയായി.
മേരി മലൻ ജനിച്ചത് 1869 -ല്‍ County Tyrone -ലെ കൂക്ക്സ്ടൌണിലാണ്. പക്ഷേ, കൗമാരത്തില്‍ തന്നെ അവര്‍ പുതിയൊരു ലോകം തേടി നാട്ടില്‍ നിന്നും പുറത്തിറങ്ങി. 1900 -ത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയിലെയും പരിസരത്തെയും സമ്പന്നരുടെ വീടുകളില്‍ പാചകക്കാരിയായിരുന്നു മേരി. അവര്‍ തയ്യാറാക്കുന്ന ഒരു പ്രത്യേകവിഭവം അന്ന് പ്രശസ്തമായിരുന്നു. പീച്ച് ഐസ്ക്രീം ആയിരുന്നു അതെന്നാണ് പറയുന്നത്.
അന്ന് ഒന്നോ രണ്ടോ ദശലക്ഷം ആളുകള്‍ സമ്പന്നകുടുംബത്തിലെ പാചകക്കാരായി ജോലി ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ, ഈ ഒരൊറ്റ വിഭവം കൊണ്ട് അവര്‍ക്കിടയിലെ ഒരേയൊരു റാണിയായി മാറി മേരി.
ടൈഫോയിഡെന്ന കൊലയാളിയെത്തുന്നു
അപ്പോഴാണ് ആ നാടിനെ ടൈഫോയിഡ് കീഴടക്കുന്നത്. ടൈഫോയിഡ് ഒരു കൊലപാതകി ആയിരുന്നു. പക്ഷേ, അത് ആദ്യമാദ്യം കീഴടക്കിക്കൊണ്ടിരുന്നത് ഏറെയും തിങ്ങിനിറഞ്ഞു പാര്‍ത്തിരുന്ന തെരുവുകളിലെ ആളുകളെയായിരുന്നു.
എന്നാല്‍, സമ്പന്നകുടുംബങ്ങളിലേക്കും പതിയെ അത് കടന്നുവരാന്‍ തുടങ്ങിയിരുന്നു. 1900 -ത്തിനും 1907 -നും ഇടയില്‍ ഏഴ് കുടുംബങ്ങളിലാണ് മേരി പ്രധാന പാചകക്കാരിയായി ജോലി ചെയ്തിരുന്നത്. മേരി ജോലി ചെയ്തിരുന്ന കുടുംബങ്ങളിലേക്കെല്ലാം ഈ അസുഖം പടര്‍ന്നു. 1900 -ത്തില്‍ ഒരു കുടുംബത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം രോഗം പ്രത്യക്ഷപ്പെട്ടു. 1901 -ല്‍ മേരി, മാന്‍ഹട്ടിലെ ഒരു കുടുംബത്തിലേക്ക് വന്നു. അവിടെയും മേരി ജോലി ചെയ്തിരുന്ന കുടുംബത്തിലെ അംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആ വീട്ടിലെ അലക്കുകാര്‍ അസുഖത്തെ തുടർന്ന് മരിക്കുകയും ചെയ്തു. അതിനുശേഷം ഒരു അഭിഭാഷകന്‍റെ കുടുംബത്തിലേക്കാണ് മേരി ജോലിക്കായി ചെന്നത്. അവിടെ എട്ടുപേരില്‍ ഏഴുപേര്‍ക്കും അസുഖം ബാധിച്ചതോടെ മേരി അവിടെനിന്നും ഇറങ്ങി.
1906 ആഗസ്തില്‍ ന്യൂയോര്‍ക്കിലെ ഒരു നഗരത്തിലെ വീട്ടിലായിരുന്നു മേരി. രണ്ടാഴ്ചക്കുള്ളില്‍ ആ കുടുംബത്തിലെ 11 -ലെ 10 പേരും അസുഖം വന്ന് ആശുപത്രിയിലായി. എന്നാല്‍, മേരി പിന്നെയും ജോലിസ്ഥലം മാറ്റി. പിന്നീട് മേരി ജോലിക്ക് നിന്ന മൂന്ന് വീടുകളിലും ഇതുതന്നെ സംഭവിച്ചു. ഒരു സമ്പന്നരായ ബാങ്കര്‍ കുടുംബത്തിന്‍റെ വീട്ടില്‍ മേരി ജോലിക്ക് നിന്നിരുന്നു. ചാള്‍സ് ഹെന്‍റി വാരണ്‍ എന്നായിരുന്നു അയാളുടെ പേര്. വാരണ്‍ 1906 -ല്‍ ഓയ്സ്റ്റര്‍ ബേയില്‍ ഒരു വീടെടുത്ത് പോയപ്പോള്‍ മേരിയേയും കൊണ്ടുപോയി. ആഗസ്ത് 27 നും സപ്തംബര്‍ മൂന്നിനുമിടയില്‍ കുടുംബത്തിലെ 11 പേര്‍ക്കും ടൈഫോയിഡ് ബാധിച്ചു. ആ സമയത്ത് ഓയ്സറ്റര്‍ ബേയില്‍ ആ അസുഖം സാധാരണമായിരുന്നില്ല.
എന്നാല്‍, 1906 -ന്‍റെ അവസാനം ഒരു കുടുംബം ജോര്‍ജ്ജ് സോപര്‍ എന്നൊരു ഗവേഷകനെ ഈ രോഗത്തിന്‍റെ തുടക്കവും വ്യാപനവും കണ്ടുപിടിക്കാന്‍ നിയമിച്ചു. അന്നയാള്‍ കണ്ടെത്തിയ കാര്യങ്ങള്‍ 1907 ജൂണ്‍ 15 -ന് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അയാള്‍ പറഞ്ഞത് മേരിയാണ് രോഗം ഓരോരുത്തരിലേക്കായി എത്തിച്ചത് എന്നായിരുന്നു.
ഓരോ സ്ഥലത്തെ രോഗവ്യാപനത്തിലും, കണ്ടാല്‍ ആരോഗ്യവതിയായ 40 വയസ് പ്രായമുള്ള ഐറിഷ് പാചകക്കാരിക്ക് പങ്കുണ്ട് എന്നായിരുന്നു അയാള്‍ തന്‍റെ കണ്ടെത്തലില്‍ പറഞ്ഞത്. ഏതായാലും അയാള്‍ക്ക് മേരിയെ കണ്ടെത്താനായില്ല. കാരണം രോഗം ഓരോരുത്തരിലേക്കുമായി എത്തുമ്പോഴേക്ക് തന്നെ മേരി അവിടം വിടുമായിരുന്നു. മാത്രവുമല്ല, ഒരു വിലാസവും അവളുടേതായി നല്‍കിയിരുന്നുമില്ല. അതിനിടയിലാണ് പാര്‍ക്ക് അവന്യൂവിലെ ഒരു സമ്പന്ന കുടുംബത്തിലും രോഗം സ്ഥിരീകരിച്ചതായി അറിയാന്‍ കഴിഞ്ഞത്. അവിടെയും പാചകക്കാരി മേരി തന്നെയായിരുന്നു. അവിടെ വീട്ടുടമയുടെ മകള്‍ ടൈഫോയിഡിനെ തുടര്‍ന്ന് മരിക്കുകയും രണ്ട് വേലക്കാര്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലാവുകയും ചെയ്തു.
ഏതായാലും സോപ്പര്‍, മേരിയെ സമീപിച്ചു. എന്നാല്‍ സോപ്പറിന്‍റെ എല്ലാ ആരോപണങ്ങളും മേരി നിഷേധിച്ചു. രോഗപരിശോധനക്കായി സാമ്പിള്‍ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും മേരി നല്‍കിയില്ല. അന്ന് മടങ്ങിയ സോപ്പര്‍ പിന്നീട് വന്നത് ഒരു ഡോക്ടറുമായിട്ടാണ്. എന്നാല്‍, അന്നും മേരി പരിശോധനയ്ക്ക് തയ്യാറായില്ല. അവസാനം അവളുമായുള്ള വാഗ്വാദത്തിനൊടുവില്‍ സോപ്പര്‍ പറഞ്ഞത് അവള്‍ ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ സമ്മതിക്കുകയാണെങ്കില്‍ അയാള്‍ അവളെ കുറിച്ച് ഒരു പുസ്തകം എഴുതുകയും അതിന്‍റെ റോയല്‍റ്റി അവള്‍ക്ക് നല്‍കും എന്നുമാണ്. എന്നാല്‍, മേരി പ്രതിഷേധ സൂചകമായി ബാത്ത്റൂമില്‍ കയറി വാതിലടക്കുകയും അയാള്‍ പോവാതെ തിരിച്ചിറങ്ങില്ല എന്ന് പറയുകയുമായിരുന്നു.
മേരിക്ക് ഒരിക്കലും രോഗലക്ഷണമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ തനിക്ക് രോഗമില്ലെന്ന് അവരുറപ്പിച്ചു. എന്നാല്‍, മേരിയില്‍ രോഗമുണ്ടായില്ലെങ്കിലും അത് മറ്റുള്ളവരിലേക്കെത്തിക്കുന്നതിന് മേരി കാരണമായി എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏതായാലും അത് മനസിലാക്കാനോ ആശുപത്രിയിലെത്താനോ ഒന്നും മേരി തയ്യാറായിരുന്നില്ല.
ആദ്യത്തെ ക്വാറന്‍റൈന്‍
ന്യൂയോര്‍ക്ക് സിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മേരിയെ രോഗവാഹകയായി തിരിച്ചറിഞ്ഞു. അങ്ങനെ പൊതുജനാരോഗ്യത്തിന് ഭീഷണിയാണ് എന്ന് കാണിച്ച് മേരി അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അന്ന് ചോദ്യം ചെയ്യലില്‍ താന്‍ വളരെ വിരളമായി മാത്രമേ കൈകഴുകാറുണ്ടായിരുന്നുള്ളൂവെന്ന് മേരി തുറന്ന് സമ്മതിച്ചു. ആ സമയത്ത് കൈ ഇടയ്ക്കിടെ കഴുകുക എന്ന ശീലം അത്രയധികമൊന്നുമില്ലായിരുന്നു. ഏതായാലും ചോദ്യം ചെയ്യലിനുശേഷം നോര്‍ത്ത് ബ്രദര്‍ ദ്വീപിലെ ഒരു ക്ലിനിക്കില്‍ മൂന്ന് വര്‍ഷം മേരിയെ ഐസൊലേഷനിലാക്കി.
അവിടെവച്ച് സാമ്പിളിനായി മൂത്രം നല്‍കേണ്ടിയും വന്നു മേരിക്ക്. അതില്‍നിന്നും മേരിയുടെ പിത്താശയത്തില്‍ നിരവധിക്കണക്കിന് ടൈഫോയിഡ് ബാക്ടീരിയകള്‍ കണ്ടെത്തി. അത് റിമൂവ് ചെയ്യാന്‍ അധികൃതരാവശ്യപ്പെട്ടു. എന്നാല്‍ അപ്പോഴും താന്‍ രോഗവാഹകയാണെന്ന് സമ്മതിക്കാന്‍ തയ്യാറാവാത്ത മേരി അത് നിഷേധിച്ചു. താനിനിയും പാചകക്കാരിയായി ജോലി ചെയ്യുമെന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. ഏതായാലും ആ സമയത്താണ് മേരി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയതും ടൈഫോയിഡ് മേരി എന്ന് അറിയപ്പെടാന്‍ തുടങ്ങിയതും.
പിന്നീട്, ന്യൂയോര്‍ക്ക് സ്റ്റേറ്റ് കമ്മീഷണര്‍ ഓഫ് ഹെല്‍ത്ത് രോഗവാഹകരെ ഇനിയും ഐസൊലേഷനില്‍ പാര്‍പ്പിക്കാനാവില്ല എന്ന് തീരുമാനിച്ചതിനെ തുടര്‍ന്ന് മേരി മൂന്ന് വര്‍ഷത്തിനുശേഷം മോചിപ്പിക്കപ്പെട്ടു. പാചകക്കാരിയായി ജോലി തുടരരുത് എന്നും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലെടുക്കണമെന്നുമുള്ള കര്‍ശന നിര്‍ദ്ദേശത്തിനു ശേഷമാണ് മേരി മോചിപ്പിക്കപ്പെടുന്നത്. അങ്ങനെ മേരി താന്‍ പാചക്കകാരിയെന്ന തൊഴില്‍ ഇനി തുടരില്ലെന്ന ഉറപ്പ് അധികൃതര്‍ക്ക് നല്‍കി. രോഗം പകരാതിരിക്കാനായി മറ്റുള്ളവരോട് ഇടപഴകുമ്പോള്‍ എല്ലാവിധത്തിലുമുള്ള മുന്‍കരുതലുകളുമെടുക്കുമെന്നും സത്യാവാങ്മൂലം നല്‍കി.
മോചിപ്പിക്കലും രണ്ടാം ക്വാറന്‍റൈനും
മോചിപ്പിക്കപ്പെട്ടശേഷം മേരി അലക്കുകാരിയായും മറ്റും ചെറിയ ചെറിയ ജോലികള്‍ ചെയ്തു തുടങ്ങി. അതിനൊക്കെ പാചകത്തിനേക്കാളും വളരെ ശമ്പളം കുറവായിരുന്നു. അലക്കുകാരിയായി ജോലി ചെയ്യുമ്പോള്‍ കിട്ടുന്ന തുച്ഛമായ കൂലിയുടെ കുറച്ച് വര്‍ഷങ്ങള്‍ കടന്നുപോയി. പേര് മാറ്റി മേരി ബ്രൌണ്‍ എന്നാക്കിയതിനുശേഷം മേരി വീണ്ടും പാചകക്കാരിയായി ജോലിക്ക് പോകാന്‍ തുടങ്ങി. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ ഒരുപാട് ഒരുപാട് അടുക്കളകളില്‍ മേരി ജോലി ചെയ്തു. എവിടെയൊക്കെ മേരി ജോലി ചെയ്തോ അവിടെയെല്ലാം ടൈഫോയിഡുമുണ്ടായി. രോഗം പിടിപെടുന്നുവെന്ന് കാണുന്ന ഉടനെ തന്നെ മേരി അവിടം വിട്ട് അടുത്ത വീട്ടിലെത്തും. സോപ്പര്‍ എത്ര ശ്രമിച്ചിട്ടും മേരിയെ കണ്ടെത്താനായില്ല.
എന്നാല്‍, 1915 -ല്‍ ഒരു വലിയ രോഗവ്യാപനത്തിനാണ് മേരി തുടക്കമിട്ടത്. അത് ന്യൂയോര്‍ക്ക് സിറ്റിയിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ആശുപത്രിയിലായിരുന്നു. അവിടെ പാചകക്കാരിയായി ചെന്നതാണ് മേരി. 25 പേര്‍ക്കാണ് ഇവിടെ അസുഖം ബാധിച്ചത്. അവിടെനിന്നും മേരി ഉടനെ തന്നെ സ്ഥലം വിട്ടു. പൊലീസ് അവളെ കണ്ടെത്തുന്നത് ഒടുവില്‍ ഒരു സുഹൃത്തിന്‍റെ കൂടെ ഭക്ഷണം കഴിക്കവെയാണ്. അറസ്റ്റ് ചെയ്യപ്പെട്ട മേരി വീണ്ടും നോര്‍ത്ത് ബ്രദര്‍ ദ്വീപില്‍ ക്വാറന്‍റൈന്‍ ചെയ്യപ്പെട്ടു. 1915 മാര്‍ച്ച് 27 -നാണ് ഇത്. അപ്പോഴും മേരി തന്‍റെ പിത്താശയം നീക്കം ചെയ്യാന്‍ സമ്മതിച്ചില്ല.
പിന്നീട് നീണ്ട 23 വര്‍ഷവും അവര്‍ ക്വാറന്‍റൈനില്‍ തന്നെയായിരുന്നു. അവര്‍ പിന്നീട് അറിയപ്പെടുകയും വിവിധ മാധ്യമങ്ങളില്‍ അവരുടെ അഭിമുഖം പ്രത്യക്ഷപ്പെടുകയുമെല്ലാം ചെയ്തു. മേരി പിന്നീടുള്ള തന്റെ ജീവിതകാലം മുഴുവൻ റിവർസൈഡ് ഹോസ്പിറ്റലിൽ ചെലവഴിച്ചു. മരണത്തിന് ആറുവർഷം മുമ്പ് അവൾക്കൊരു ഹൃദയാഘാതവുമുണ്ടായി. 1938 നവംബർ 11 -ന് ന്യുമോണിയ ബാധിച്ച് 69 -ാം വയസ്സിൽ അവൾ മരിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ അവളുടെ പിത്തസഞ്ചിയിൽ ടൈഫോയ്ഡ് ബാക്ടീരിയയുടെ തെളിവുകൾ കണ്ടെത്തിയെന്ന് പറയുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പുള്ള കണ്ടെത്തലുകൾ സ്ഥിരീകരിച്ചുവെന്നും. എന്നാൽ, സോപ്പര്‍ പറഞ്ഞത് അവളുടെ ശരീരം പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നില്ലായെന്നാണ്.
ഇത്ര നീണ്ടകാലം ഐസൊലേഷനില്‍ പാര്‍പ്പിച്ചിരുന്നതിന് ന്യായീകരണമായിട്ടാണ് മേരിയില്‍ ഇപ്പോഴും ടൈഫോയിഡ് ബാക്ടീരിയകളുണ്ട് എന്ന് അധികൃതര്‍ പറഞ്ഞിരുന്നത് എന്നും അന്ന് ആക്ഷേപമുണ്ടായി. ഏതായാലും ടൈഫോയിഡ് മേരിയുടെ പ്രധാന വിഭവമായിരുന്ന അവള്‍ തയ്യാറാക്കിയിരുന്ന ഐസ്ക്രീമിലൂടെയാവാം രോഗം പകര്‍ന്നത് എന്നാണ് കരുതപ്പെടുന്നത്.