ഹിര്‍ക്കണി കരഞ്ഞുകൊണ്ട് കാവൽക്കാരന്‍റെ അടുത്തേക്ക് ഓടി. തന്‍റെ കുഞ്ഞ് തനിച്ചാണെന്നും, അവന് വിശക്കുന്നുണ്ടാകുമെന്നും, അവൻ കരയുകയായിരിക്കുമെന്നും വിതുമ്പിക്കൊണ്ട് ഹിര്‍ക്കണി കാവൽക്കാരനോട് പറഞ്ഞു. എങ്ങനെയെങ്ങിലും ഈ കവാടം തുറന്ന് തന്നെ പുറത്തേക്ക് വിടണമെന്നും അവൾ കരഞ്ഞപേക്ഷിച്ചു.
അസാമാന്യ കഴിവുകളുള്ള വ്യക്തികളുടെ പോരാട്ടത്തിന്‍റെയും, ധീരതയുടെയും വീരകഥകൾ ചരിത്രത്തിലുടനീളം നമുക്ക് കാണാം. ഒരു സാധാരണ വ്യക്തി ഒരു വീരപുരുഷനായി മാറുന്ന അപ്രതീക്ഷിത സന്ദർഭങ്ങളും ചരിത്രത്തിൽ കുറവല്ല. പലപ്പോഴും സാഹചര്യങ്ങളുടെ സമ്മർദ്ദം കാരണം മറ്റുള്ളവർ ഭയക്കുന്ന കാര്യങ്ങൾ ചെയ്‍ത പലരും ചരിത്രത്തിൽ ഇടം നേടുന്നു. അത്തരത്തിൽ ഒരാളായിരുന്നു ഹിർക്കണി എന്ന ആ സ്ത്രീയും. മഹാരാജാവ് ഛത്രപതി ശിവജിയുടെ രാജ്യത്ത് വെറുമൊരു പാൽക്കാരിയായിരുന്ന അവർ, ഒരു സുപ്രഭാതത്തിൽ ഒരു ധീരവനിതയായി മാറുകയായിരുന്നു. ഒരമ്മയായ അവരെ അതിന് പ്രേരിപ്പിച്ചത് സ്വന്തം കുഞ്ഞിനോടുള്ള അളവറ്റ സ്നേഹമാണ്. മാതൃത്വത്തിന്‍റെ സ്നേഹത്തിൽ ഉരുക്കിയെടുത്ത അവളുടെ ധീരത ഒരുപാട് പേരെ അഭിമാനം കൊള്ളിച്ചു. ഒരമ്മ സ്വന്തം കുഞ്ഞിന് വേണ്ടി മരണത്തെ വെല്ലുവിളിക്കാൻ പോലും സന്നദ്ധയാണ് എന്ന് ഈ കഥ പറയുന്നു. ഇന്നും ആളുകൾക്ക് ബഹുമാനത്തോടെ മാത്രമേ അവരെ ഓർക്കാൻ കഴിയൂ.
ഛത്രപതി ശിവജി മഹാരാജാവ് ഒരിക്കൽ റായ്‍ഗഡിലെ കോട്ട ഏറ്റെടുക്കുകയും, അതിനെ തലസ്ഥാനമായി മാറ്റുകയും ചെയ്‍തു. വളരെ കുത്തനെയുള്ള ഒരു പർവതത്തിന്‍റെ മുകളിലായിരുന്നു ആ അതിമനോഹരമായ കോട്ട സ്ഥിതി ചെയ്യുന്നത്. അതിനകത്ത് ഒരു നഗരമുണ്ടായിരുന്നു. രാജാവിന്‍റെ അറിവോ അനുവാദമോ ഇല്ലാതെ ആർക്കും കോട്ടയിലേക്ക് പ്രവേശിക്കാനോ, പുറത്തുകടക്കാനോ കഴിഞ്ഞിരുന്നില്ല. പർവതത്തിന്‍റെ താഴ്‌വരയിൽ താമസിക്കുന്ന ആളുകൾക്ക് കോട്ടയിലേക്ക് പ്രവേശിക്കാൻ കോട്ടയുടെ ഭീമമായ വാതിലുകൾ രാവിലെ തുറക്കും. സൂര്യാസ്‍തമയ സമയത്ത് കോട്ടയുടെ വാതിലുകൾ വീണ്ടും അടയും. ഒരിക്കൽ അടച്ചാൽ മഹാരാജാവിന്‍റെ കല്പനയില്ലാതെ പിന്നീട് ആർക്കും കവാടം തുറക്കാൻ അവകാശമില്ല. പിറ്റേന്ന് രാവിലെ വരെ ആ കവാടം അടഞ്ഞുതന്നെ കിടക്കും.
കോട്ടയിലെ താമസക്കാർക്ക് പാൽ വിറ്റ് ഉപജീവനം നയിക്കുന്ന സ്ത്രീയായിരുന്നു ഹിര്‍ക്കണി. അവര്‍ താഴ്‌വാരത്തിൽ താമസിക്കുകയും, കുറച്ച് പശുക്കളെ പരിപാലിക്കുകയും പാൽ വിൽക്കുകയും ചെയ്‍തുപോന്നു. ഹിര്‍ക്കണിയുടെ ഭർത്താവ് ശിവജി മഹാരാജിന്‍റെ സൈന്യത്തിൽ ജോലി ചെയ്‍തിരുന്ന ഒരാളായിരുന്നു. മിക്ക ദിവസങ്ങളിലും ഓരോ സ്ഥലങ്ങളിലായിരുന്നു അദ്ദേഹത്തിന് ജോലി. ഒരിക്കൽ കൊട്ടാരത്തിൽ ഒരാഘോഷത്തിന് പാൽ ആവശ്യമായതിനെ തുടർന്ന് ഹിര്‍ക്കണിക്ക് പാലും കൊണ്ട് കൊട്ടാരത്തിലേക്ക് പോകേണ്ടിവന്നു. ഹിര്‍ക്കണിക്ക് ഒരു കൈക്കുഞ്ഞുണ്ടായിരുന്നു. തീരെ ചെറിയ ആ കുഞ്ഞിനെ നോക്കാൻ അമ്മായിയമ്മയെ ഏല്പിച്ച് ഹിര്‍ക്കണി കൊട്ടാരത്തിലേക്ക് യാത്രയായി. വളരെ പ്രായം ചെന്ന അമ്മായിയമ്മക്ക് കുഞ്ഞിനെ നോക്കാൻ ബുദ്ധിമുട്ടായിരുന്നു. എന്നാലും എളുപ്പം തിരിച്ച് വരാം എന്ന പ്രതീക്ഷയിൽ ഹിര്‍ക്കണി പോകാൻതന്നെ തീരുമാനിക്കുകയായിരുന്നു.
കോട്ടയിലേക്ക് പോയ ഹിര്‍ക്കണിക്ക് കോട്ടയ്ക്കകത്ത് താമസിക്കുന്ന ഒരു കൂട്ടുകാരിയുടെ പ്രസവമെടുക്കേണ്ടി വന്നു. അത് കഴിഞ്ഞപ്പോഴേക്കും, അല്പം വൈകിപ്പോയി. സൂര്യൻ അസ്‍തമിക്കാറായെന്നും, കോട്ടയുടെ വാതിലുകൾ ഉടനെ അടക്കുമെന്നും ഹിര്‍ക്കണി അറിഞ്ഞു. വീട്ടിൽ പോകാൻ കഴിഞ്ഞില്ലെങ്കിൽ തന്‍റെ കുട്ടി എന്തു ചെയ്യും? അവൻ വിശന്നു കരയുമല്ലോ എന്ന് ചിന്തിച്ച് അവർ കോട്ടയുടെ വാതില്‍ക്കലേക്ക് ഓടി. പക്ഷേ, അവർ കവാടത്തിനടുത്ത് എത്തിയപ്പോഴേക്കും ഒരു വലിയ ശബ്ദത്തോടെ കവാടം അടഞ്ഞു.
undefined
ഹിര്‍ക്കണി കരഞ്ഞുകൊണ്ട് കാവൽക്കാരന്‍റെ അടുത്തേക്ക് ഓടി. തന്‍റെ കുഞ്ഞ് തനിച്ചാണെന്നും, അവന് വിശക്കുന്നുണ്ടാകുമെന്നും, അവൻ കരയുകയായിരിക്കുമെന്നും വിതുമ്പിക്കൊണ്ട് ഹിര്‍ക്കണി കാവൽക്കാരനോട് പറഞ്ഞു. എങ്ങനെയെങ്ങിലും ഈ കവാടം തുറന്ന് തന്നെ പുറത്തേക്ക് വിടണമെന്നും അവൾ കരഞ്ഞപേക്ഷിച്ചു. കാവൽക്കാരൻ ഒരു വികാരവുമില്ലാതെ അവളെ നോക്കി. കണ്ണുകളിൽ ഒരു നിസ്സംഗതയോടെ അദ്ദേഹം പറഞ്ഞു, “ക്ഷമിക്കണം, മഹാരാജിന്‍റെ ഉത്തരവിന് വിരുദ്ധമായി എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല, ഒരിക്കൽ അടച്ച വാതിലുകൾ പിറ്റേന്ന് രാവിലെ മാത്രമേ തുറക്കാവൂ എന്നാണ് അദ്ദേഹത്തിന്‍റെ ഉത്തരവ്." വിശന്ന് കരയുന്ന തന്‍റെ കുഞ്ഞിന്‍റെ മുഖം, ആ അമ്മയുടെ മനസ്സിൽ നിറഞ്ഞു. എന്തുചെയ്യണമെന്ന് അറിയാതെ ഹിര്‍ക്കണി കരഞ്ഞു കൊണ്ടിരുന്നു. എങ്ങനെയും വീട്ടിൽ എത്തണം എന്നവർ നിശ്ചയിച്ചു.
പർവതത്തിന്‍റെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന കോട്ടയുടെ അതിരുകളിലൂടെ ഹിര്‍ക്കണി നടന്നു. മതിൽ ഇല്ലാതിരുന്ന പർവതത്തിന്‍റെ ഒരു ഭാഗം അവർ ശ്രദ്ധിച്ചു. വളരെ കുത്തനെയുള്ള അവിടെ നിന്ന് അവർ താഴോട്ട് നോക്കി. കൂരിരുട്ടിൽ മുള്ളുകൾ നിറഞ്ഞ കുറ്റിക്കാടുകൾ മാത്രമേ അവർക്ക് കാണാൻ കഴിഞ്ഞുള്ളൂ. വളരെ ആഴമുള്ള ആ പർവതച്ചെരുവിൽനിന്ന് മുകളിലേക്ക് കയറാനും ഇറങ്ങാനും ആർക്കും കഴിയില്ല. തന്‍റെ കുഞ്ഞിന്‍റെ കരച്ചിൽ കാതിൽ മുഴങ്ങുന്നതായി അവൾക്ക് തോന്നി. അവൾ രണ്ടും കല്പിച്ച് ഇറങ്ങാൻ തന്നെ തീരുമാനിച്ചു. മുള്ളുകളുള്ള കുറ്റിച്ചെടികളെ മുറുകെ പിടിച്ച് അവൾ മലയിൽ നിന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങി.
അവർ ഒരു കൈകൊണ്ട് മുള്ളുള്ള ഒരു കമ്പിൽ പിടിച്ചു. മൂർച്ചയുള്ള മുള്ളുകൾ ഹിര്‍ക്കണിയുടെ ശരീരത്തിൽ തുളച്ചുകയറി. അവരുടെ കൈയിൽ നിന്ന് ചോരപൊടിഞ്ഞുകൊണ്ടിരുന്നു. പക്ഷേ, അതവരെ വേദനിപ്പിച്ചില്ല, മറിച്ച് തന്‍റെ കുഞ്ഞ് വിശന്ന് കരയുന്ന ചിത്രം മാത്രമായിരുന്നു അവരുടെ മനസ്സിൽ. ഹിര്‍ക്കണിയുടെ വസ്ത്രം പലയിടത്തും ഉടക്കികീറി. പിന്നെയും അവർ താഴേക്ക് പിടിച്ച് ഇറങ്ങിക്കൊണ്ടിരുന്നു. ശാഖകളെ പിടിക്കാൻ ഹിര്‍ക്കണിയുടെ കൈകൾ ഇരുട്ടിൽ തപ്പി. അവരുടെ ശരീരം മുഴുവൻ മുറിഞ്ഞു. ചോര പലയിടത്തുനിന്നും ഒലിച്ചിറങ്ങി. പക്ഷേ, അവർക്കുവേണ്ടി കരയുന്ന മകന്‍റെ മുഖം അവരെ മുന്നോട്ട് നയിച്ചു. കുറച്ച് സമയത്തിനുള്ളിൽ അവർ താഴെ ഇറങ്ങി. എന്നാൽ, അപകടങ്ങൾ അവിടെ അവസാനിച്ചില്ല.
കണ്ണുകൾക്ക് മുന്നിൽ, ഇരുട്ടിൽപോലും നീളമുള്ള പാമ്പുകൾ ഇഴഞ്ഞുനീങ്ങുന്നത് അവർ കണ്ടു. ജീവികളുടെ വിവിധ ശബ്ദങ്ങൾ അവരെ ഭയപ്പെടുത്തി. കുറ്റിക്കാടുകളും, വനവും കടന്ന് അവർ വീട്ടിലേക്കുള്ള യാത്ര തുടർന്നു. ഹിര്‍ക്കണി എത്താൻ വൈകിയതിനെ തുടർന്ന് കുഞ്ഞ് നിർത്താതെ കരയുകയും, അമ്മായിയമ്മ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയും ചെയ്തു. കുഞ്ഞിന്‍റെ കരച്ചിൽ ദൂരെനിന്ന് കേട്ട അവർ ഓടി മകന്‍റെ അടുത്തെത്തി. ഹിര്‍ക്കണിയെ കണ്ടതും, അവൻ കൈകൾ രണ്ടും അവള്‍ക്ക് നേരെനീട്ടി ചിരിക്കാൻ തുടങ്ങി. അപ്പോഴും അവന്‍റെ കണ്ണിൽനിന്ന് കണ്ണുനീർ വീണുകൊണ്ടിരുന്നു. മുറിവുകൾ വേഗത്തിൽ കഴുകി, ഹിര്‍ക്കണി തന്‍റെ കുഞ്ഞിനെ എടുത്ത് ഉമ്മ വച്ചു. അവനെ കളിപ്പിച്ച്, ഭക്ഷണം നൽകി, അവസാനം കുഞ്ഞിനെ കെട്ടിപ്പിടിച്ച് സമാധാനത്തോടെ അവർ ഉറങ്ങി.
അടുത്ത ദിവസം, മറ്റെല്ലാ ദിവസങ്ങളെയും പോലെ, ഹിര്‍ക്കണി പാലുമായി കോട്ടയ്ക്ക് അകത്ത് കടന്നു. അവരെ കണ്ട കാവൽക്കാരൻ ഞെട്ടി. നിയമങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് അയാൾ ഉടൻ തന്നെ ഛത്രപതി ശിവജിയുടെ അടുത്തേക്ക് ഹിര്‍ക്കണിയെ കൊണ്ടുപോയി. ശിവജി ഹിര്‍ക്കണിയുടെ കഥ കേട്ട് അവരുടെ കൈകളിലെയും മുഖത്തെയും പോറലുകൾ നോക്കി. ശിക്ഷിക്കുന്നതിന് പകരം, അവരുടെ ധീരതയെയും, മാതൃസ്നേഹത്തെയും പ്രശംസിച്ച അദ്ദേഹം ആ കോട്ടയ്ക്ക് അവളുടെ പേര് നൽക്കാൻ ഉത്തരവിട്ടു.
ആ കോട്ട ഇപ്പോഴും മഹാരാഷ്ട്രയിൽ കാണാം. ഹിർക്കണിക്ക് മാന്ത്രികശക്തിയൊന്നുമില്ലായിരുന്നു. എന്നിട്ടും ആർക്കും ഇറങ്ങാൻ സാധിക്കാതിരുന്ന ദുഷ്‍കരമായ ആ പർവ്വതം അവർക്ക് ഇറങ്ങാൻ കഴിഞ്ഞത്, വിശന്ന തന്‍റെ കുഞ്ഞിന്‍റെ അടുത്തെത്താനുള്ള ഒരമ്മയുടെ ആധി കാരണമാണ്.