അലക്കിക്കൊണ്ടിരുന്ന വീട്ടമ്മ ഭൂമി പിളർന്ന് അയൽവക്കത്തെ കിണറ്റിലെത്തിയത് എങ്ങനെ?

By Babu Ramachandran  |  First Published Dec 12, 2020, 1:55 PM IST

താഴെ ഇങ്ങനെ ഒരു തുരങ്കമോ, തുരങ്കജാലമോ ഉള്ളതിന്റെ യാതൊരു വിധ ലക്ഷണങ്ങളും പക്ഷേ, ഭൂമിയുടെ ഉപരിതലത്തിൽ പ്രകടമായിക്കൊള്ളണമെന്നില്ല.



കണ്ണൂരിലെ ഇരിക്കൂറിൽ അലക്കിക്കൊണ്ടിരിക്കെ ഒരു വീട്ടമ്മ ഭൂമി താഴ്ന്ന് ഗർത്തത്തിലേക്ക് പതിച്ച സംഭവം എല്ലാവരെയും ഞെട്ടിച്ച ഒരു വാർത്തയായിരുന്നു. സ്വന്തം വീടിന്റെ പിന്നാമ്പുറത്ത് തുണിയലക്കിക്കൊണ്ടിരിക്കെ കാൽക്കീഴിലെ മണ്ണ് പിളർന്നു മാറിയുണ്ടായ ഗർത്തത്തിലെ ഇരുട്ടിലേക്ക് പതിച്ച ആ വീട്ടമ്മ, ഏതാനും നിമിഷങ്ങൾക്കുള്ളിൽ കണ്ണുതുറന്നുനോക്കുമ്പോൾ എത്തിപ്പെട്ടത് അയൽവാസിയുടെ കിണറ്റിലായിരുന്നു. 

തുണി അലക്കുന്നതിനിടെ ഗര്‍ത്തത്തിലേക്ക് പതിച്ച വീട്ടമ്മ പൊങ്ങിയത് അയല്‍വാസിയുടെ കിണറ്റില്‍

Latest Videos

undefined

ഉമൈബ തുണിയലക്കിക്കൊണ്ടിരിക്കെ അവരുടെ ആദ്യ നിലവിളി കേൾക്കുന്നു. പിന്നാമ്പുറത്തെത്തി നോക്കുന്നവർ അവരെ അവിടെങ്ങും കാണുന്നില്ല. പകരം കാണുന്നത് വലിയൊരു ഗർത്തം മാത്രം. അമ്പരന്നു നിന്ന അവർ നിമിഷങ്ങൾക്കുള്ളിൽ ഉമൈബയുടെ നിലവിളി വീണ്ടും കേൾക്കുന്നു. ഇത്തവണ പത്തുമീറ്റർ മാറി, അയൽവക്കത്തെ വീട്ടിലെ കിണറ്റിൽ നിന്നായിരുന്നു ശബ്ദം. അവിടെ കിടന്നു രക്ഷിക്കണേ എന്ന് അലമുറയിട്ട ഉമൈബയെ പിന്നീട് ഫയർഫോഴ്‌സ് എത്തിയാണ് രക്ഷിച്ചത്. ആ കിണറിന്റെ മുകൾ ഭാഗം ഇരുമ്പുകമ്പിയിട്ട് മറച്ചിരുന്നതിനാൽ ഉമൈബ വീണത് മുകളിലൂടെ അല്ല എന്നത് ഉറപ്പാണ്. പിന്നെ എങ്ങനെയാണ് സ്വന്തം വീട്ടിൽ അലക്കിക്കൊണ്ടിരുന്ന ഉമൈബ, ഒരു നിമിഷാർദ്ധം കൊണ്ട് പത്തുമീറ്റർ അപ്പുറത്തുള്ള അയൽവാസിയുടെ കിണറ്റിൽ എത്തിപ്പെട്ടത്? ഇത് അവിടെ തടിച്ചുകൂടിയ പ്രദേശവാസികളെ ഒക്കെ ഒരുപോലെ അമ്പരപ്പിച്ച ഒരു ചോദ്യമായിരുന്നു. 

സ്വാഭാവികമായും മനസ്സിലാവുക, ഉമൈബയുടെ വീടിന്റെ പിന്നാമ്പുറത്തെ അലക്കുകല്ലിന്റെ അടുത്ത് പുതുതായി രൂപം കൊണ്ട ഗർത്തം, ഉമൈബയ്ക്ക് കടന്നുപോകാൻ മാത്രം വലിപ്പമുള്ള ഒരു തുരങ്കത്തിന്റെ രൂപത്തിൽ, അയൽവാസിയുടെ കിണറുവരെ എത്തുന്നുണ്ട് എന്നുതന്നെയാണ്. എന്നാൽ അതെങ്ങനെ? എന്താണ് ഈ ഒരു അത്ഭുത സംഭവത്തിന് പിന്നിൽ ഒളിച്ചിരിക്കുന്ന ശാസ്ത്രപ്രതിഭാസം? - ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സമീപിച്ചത്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസി(KUFOS)ലെ റിമോട്ട് സെൻസിങ് ആൻഡ് ജിഐഎസ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. ഗിരീഷ് ഗോപിനാഥിനെയാണ്.  പത്തുവർഷത്തോളം കോഴിക്കോട്ടെ സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റ് ആൻഡ് മാനേജ്‌മെന്റിൽ (CWRDM) ശാസ്ത്രജ്ഞനായിരുന്ന കാലത്ത് ഇരിക്കൂർ ഭാഗത്തെ മണ്ണിന്റെ ഘടന വിശദമായി പഠിച്ചിട്ടുള്ളയാൾ കൂടിയാണ് ഡോ. ഗിരീഷ് ഗോപിനാഥ്.

തുരങ്കമുണ്ടാക്കിയത് 'സോയിൽ പൈപ്പിങ്' എന്ന പ്രതിഭാസം

ഉമൈബയെ ഒരു നിമിഷം കൊണ്ട് അയൽവാസിയുടെ കിണറ്റിലേക്ക് കൊണ്ടെത്തിച്ചതിനു പിന്നിൽ സോയിൽ പൈപ്പിങ് എന്നറിയപ്പെടുന്ന ഒരു പ്രതിഭാസമാണ് എന്ന്  ഡോ. ഗിരീഷ് ഗോപിനാഥ് സ്ഥിരീകരിക്കുന്നു. ഭൂമിക്കടിയിൽ രൂപം കൊള്ളുന്ന തുരങ്കസമാനമായ നിർമിതിയാണ് സോയിൽ പൈപ്പിങ് എന്നറിയപ്പെടുന്നത്. ഉറപ്പു കുറഞ്ഞ മണ്ണുള്ളിടത്ത് ശക്തമായി പെയ്തു ഭൂമിക്കടിയിലേക്കിറങ്ങുന്ന മഴവെള്ളം, ചെറു തുരങ്കങ്ങളുണ്ടാക്കി കുറച്ചു ദൂരം ഒഴുകിയ ശേഷം, മണ്ണ് ദുർബലമായിരിക്കുന്ന പ്രതലങ്ങൾ ഭേദിച്ച് പുറത്തേക്ക് കുത്തിയൊഴുകും. അതോടൊപ്പം, ആ വഴി ഒലിച്ചു വരുന്ന മണ്ണും പുറത്തേക്ക് കുത്തിയൊഴുകിവന്നടിയും. ഇതിന്റെ ഫലമായി ഭൗമാന്തർഭാഗത്തുണ്ടാകുന്ന ബലക്ഷയം, ചിലപ്പോൾ ഭൂമിയുടെ ഉപരിതലത്തിൽ വലിയ പിളർപ്പിന് വരെ കാരണമാകാറുണ്ട്. ചില സാഹചര്യങ്ങളിൽ ഇത് മണ്ണിടിച്ചിൽ വരെ ഉണ്ടാക്കാം. 

 

 

'സോയിൽ കോൺടാക്റ്റ് ഇറോഷൻ' എന്ന പേരിലും അറിയപ്പെടുന്ന ഈ പ്രതിഭാസം, മൃദുലവും, പരുക്കനുമായ മണ്ണുകൾ തമ്മിലുള്ള വേർതിരിവ് വരുന്ന സമ്പർക്കമേഖലകളിലാണ് സാധാരണ കണ്ടുവരുന്നത്. താരതമ്യേന നേർത്ത മണ്ണിന്റെ അടരിൽ നിന്ന് മണ്ണ് ഇളകി, പരുക്കനായ അടരിന്റെ ഭാഗത്തേക്ക് വീഴുകയാണ് ഇവിടെ സംഭവിക്കുന്നത്.

 

 

ശക്തമായ മഴ പെയ്യുമ്പോൾ ഇങ്ങനെ ഉണ്ടാവുന്ന നേരിയ വിടവിലൂടെ വെള്ളം താഴേക്ക് ഒഴുകിത്തുടങ്ങുന്നു. ഭൂമിക്കടിയിൽ ഇത് സോയിൽ പൈപ്പ് എന്നറിയപ്പെടുന്ന ചെറുതുരങ്കങ്ങൾ ഉണ്ടാക്കുന്നു. ഈ ചെറു തുരങ്കങ്ങളിലൂടെ വെള്ളം ഊറി ഇറങ്ങുന്നതിന്റെ  ഇത് നിരവധി ശാഖകളായി പടർന്നു പന്തലിച്ചു കിടക്കുന്ന പ്രദേശങ്ങളിൽ കാലക്രമേണ മുകളിലേക്കും അത് വ്യാപിച്ച്, ഒടുവിൽ അത് ഒരു മണ്ണിടിച്ചിൽ തന്നെ ഉണ്ടാക്കുന്നു. ചില കേസുകളിൽ വെട്ടിമാറ്റപ്പെടുന്ന മരങ്ങളുടെ വേരുകൾ ദ്രവിച്ചു രൂപപ്പെടുന്ന സുഷിരങ്ങളും വികസിച്ചു തുരങ്കരൂപം ആർജിക്കാറുണ്ട്. 

 

 

2018 -ൽ പ്രളയമുണ്ടായപ്പോൾ, ബാധിത പ്രദേശങ്ങളിൽ മണ്ണുപരിശോധനകൾ നടത്തിയ ദേശീയ മണ്ണ് ഗവേഷണ കേന്ദ്ര National Centre for Earth Science Studies (NCESS)ത്തിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഇങ്ങനെ ഉണ്ടാകുന്ന സോയിൽ പൈപ്പിങ് ആണ് പ്രദേശത്ത് വ്യാപകമായി മണ്ണിടിച്ചിൽ ഉണ്ടാകാനും, പല വീടുകളും ഇടിഞ്ഞു താഴാൻ വരെ കാരണമായത് എന്നാണ്. പ്രളയത്തെ തുടർന്ന് കേരള ദുരന്ത നിവാരണ അതോറിറ്റിയും ഒരു സോയിൽ പൈപ്പിങ് സ്റ്റഡി നടത്തിയിരുന്നു. ഈ പഠനത്തിൽ ഇരിക്കൂർ ബ്ലോക്കിനെ സോയിൽ പൈപ്പിങ് സാധ്യത കൂടിയ പ്രദേശമെന്നുതന്നെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. 

വീട്ടമ്മയുടെ കേസിൽ സംഭവിച്ചതെന്ത്?

ഉമൈബയുടെ കേസിൽ, അവർക്ക് അസാമാന്യമായ ഭാഗ്യമുണ്ടായിരുന്നു എന്നുവേണം കരുതാൻ എന്ന് ഡോ. ഗിരീഷ് അഭിപ്രായപ്പെട്ടു. അവരുടെ വീടിന്റെ പിന്നാമ്പുറത്തു വെളിപ്പെട്ട തുരങ്കത്തിന്റെ ശാഖ കൃത്യമായി അപ്പുറത്തെ വീട്ടിലെ കിണറിലേക്ക് വെള്ളം ഊരിയെത്തിയിരുന്ന നീർച്ചാൽ ആയിരുന്നതും, അതിന്റെ തുരങ്കത്തിന് അങ്ങോളമിങ്ങോളം അവരെയും വഹിച്ചുകൊണ്ട് പോകാനും മാത്രം വ്യാസമുണ്ടായിരുന്നതും, തുരങ്കത്തിന്റെ മാർഗത്തിൽ പറയത്തക്ക വളവുകൾ ഇല്ലാതിരുന്നതും, ഇരു സ്ഥലങ്ങളും തമ്മിലുള്ള പത്തുമീറ്റർ ദൂരം പിന്നിടാനും, കിണറ്റിൽ ചെന്ന് പഠിക്കാനും ഉമൈബയെ സഹായിച്ചു. സോയിൽ പൈപ്പിംഗിന്റെ മണ്ണിനടിയിൽ തന്നെ ചെന്നുനിന്നിരുന്ന വല്ല ശാഖയിലെ തുരങ്കത്തിലുമാണ് ഉമൈബ പതിച്ചിരുന്നതെങ്കിൽ, ഒരു പക്ഷെ അവർക്ക് ജീവൻ പോലും നഷ്ടപ്പെട്ടേക്കാമായിരുന്നു.  

താഴെ ഇങ്ങനെ ഒരു തുരങ്കമോ, തുരങ്കജാലമോ ഉള്ളതിന്റെ യാതൊരു വിധ ലക്ഷണങ്ങളും പക്ഷേ, ഭൂമിയുടെ ഉപരിതലത്തിൽ പ്രകടമായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ ഉമൈബയുടെ കേസിൽ ഉണ്ടായപ്പോൾ ഒരു മണ്ണിടിച്ചിൽ ഉണ്ടാകുമ്പോൾ മാത്രമാണ് ഈ തുരങ്കങ്ങൾ ചിലപ്പോഴൊക്കെ മുകളിലേക്ക് ദൃശ്യമാവുക. സോയിൽ പൈപ്പിങ് സാധ്യതയുള്ള പ്രദേശങ്ങളിൽ ജിപിആർ അഥവാ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ എന്ന ഒരു ഉപകരണം കൊണ്ടുള്ള പരിശോധനയിൽ മാത്രമേ ഈ സോയിൽ പൈപ്പിങ് കണ്ടെത്താനാകൂ. ഈർപ്പമുള്ള ചിലയിടങ്ങളിൽ സോയിൽ പൈപ്പിങ് കൃത്യമായി കണ്ടെത്താൻ വേണ്ടി ചിലപ്പോൾ റെസിസ്റ്റിവിറ്റി ലോഗിംഗ് നടത്തേണ്ടിയും വരാറുണ്ട് ഗവേഷകർക്ക്. അങ്ങനെ കണ്ടെത്തുന്ന തുരങ്കങ്ങൾ ഉടനടി അടയ്ക്കാൻ ശാസ്ത്രീയമായ മാർഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണ്. 

click me!