ശിവനും പാര്‍വ്വതിയും ചേരുമ്പോള്‍ അര്‍ദ്ധനാരീ സങ്കല്പമുണ്ടാകുന്നു. അതായത് സ്ത്രീയും പുരുഷനും പപ്പാതി. സ്ത്രീയും പുരുഷനും തുല്യപ്രാധാന്യത്തോടെ ചേരുമ്പോഴാണ് പൂര്‍ണ്ണതാ സംങ്കല്പമുണ്ടാകുന്നതെന്ന് ഈ ഐതീഹ്യം വ്യക്തമാക്കുന്നു. (മുബൈ എലിഫന്‍റ് കേവിലെ പുരാതനമായ ശിവശില്പം. ചിത്രം ഗെറ്റി)
'ഞാങ്കളെ കൊത്തിയാലും നീങ്കളെ കൊത്തിയാലും ചോരയല്ലേ ചൊവ്വറേ.....'
എന്ന് ചോദിച്ച് കൊണ്ടാണ് വടക്കന്‍ കേരളത്തില്‍ പൊട്ടന്‍ തെയ്യം തുടങ്ങുന്നത്. ജാതിമതവര്‍ഗ്ഗ ഭേദങ്ങളിലല്ല അവനവന്‍റെ ഞരമ്പുകളില്‍ ഒഴുകുന്ന ചോരയുടെ നിറത്തില്‍ ഞാനും നീയും ഒന്നാണെന്നാണ് പൊട്ടന്‍ തെയ്യം ഏറ്റുചൊല്ലുന്നത്. പൊട്ടന്‍ തെയ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിശ്വാസധാരകളില്‍ ഏറ്റവും പ്രബലമായ ശിവാംശമാണെന്ന് ഐതീഹ്യം. ശിവാംശത്തിന്‍റെ ആന്തരീക സത്തയും അത് തന്നെ. ഞാനും നീയും ഒന്നാകുന്ന ഭാവം. ആരാണ് ശിവന്‍ അല്ലെങ്കില്‍ എന്താണ് ശൈവാംശം എന്ന അന്വേഷണവും ഒടുവില്‍ എത്തിച്ചേരുന്നതും ഈ ബോധ്യത്തിലാണ്.
undefined
ഓരേസമയം കാലാന്തകനും അതേസമയം ലോകരക്ഷയ്ക്കായി കാളകൂടവിഷം കുടിക്കാന്‍ ഒരു മടിയും കാണിക്കാത്ത ദൈവാംശം. അഘോരിയിലും ചണ്ടാളനിലും കാണാവുന്ന ശിവാംശം തന്നെയാണ് അര്‍ദ്ധനാരിയിലും നമ്മുക്ക് കാണാനാകുക. ഒരു പക്ഷേ ഹിന്ദു വിശ്വസത്തില്‍ ശിവനോളം ശക്തനായ മറ്റൊരു ദൈവസങ്കല്പം ഇല്ലെന്ന് തന്നെ പറയാം. സൃഷ്ടി ബ്രഹ്മാവും സ്ഥിതി വിഷ്ണവും സംഹാരം ശിവനുമാണ് ഹൈന്ദവ വിശ്വാസം പറയുന്നു. എന്നാല്‍ ശിവപുരാണത്തിലൂടെ കടന്ന് പോകുമ്പോള്‍ സൃഷ്ടി, സ്ഥിതി, സംഹാരങ്ങളെല്ലാം പലതവണ ശിവനില്‍ പൂര്‍ണ്ണമാകുന്നതും കാണാം.
ശിവനും പാര്‍വ്വതിയും ചേരുമ്പോള്‍ അര്‍ദ്ധനാരീ സങ്കല്പമുണ്ടാകുന്നു. അതായത് സ്ത്രീയും പുരുഷനും പപ്പാതി. സ്ത്രീയും പുരുഷനും തുല്യപ്രാധാന്യത്തോടെ ചേരുമ്പോഴാണ് പൂര്‍ണ്ണതാ സംങ്കല്പമുണ്ടാകുന്നതെന്ന് ഈ ഐതീഹ്യം വ്യക്തമാക്കുന്നു. സമാനമായി മറ്റൊരിടത്ത് ശിവന്‍, തന്‍റെ തുടയില്‍ നിന്ന് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുന്നതുമായ ഐതീഹ്യവും ഹിന്ദുപുരാണങ്ങളില്‍ കാണാം. കാളിയുടെ ജനനം ഇത്തരത്തിലുള്ളതാണെന്ന് ചില പ്രദേശങ്ങളില്‍ വിശ്വസിക്കുന്നു (നല്ലച്ചന്‍റെ തുടയില്‍ നിന്നും പിറന്നവള്‍ കളി - വടക്കന്‍ ദേവതാ സങ്കല്പം). ഇത്തരം ശൈവസങ്കല്പങ്ങളിലെല്ലാം നിര്‍മ്മിക്കുന്ന ബോധമെന്നത് പുരുഷനും സ്ത്രീയും ഒന്നാണെന്നതാണ്.
'പ്രകൃതി'യായി ഹിന്ദു വിശ്വാസങ്ങള്‍ കരുതുന്ന ദേവതാ സങ്കല്പമാണ് പാര്‍വ്വതി, ശിവന്‍റെ ഭാര്യ. ശൈവാംശമില്ലാതെ പ്രകൃതിയില്ല. ശിവരൂപത്തിലും ഈ സങ്കല്പമുണ്ട്. സര്‍പ്പരാജാവായ വാസുകിയാണ് ശിവന്‍റെ മാല. ജഡയില്‍ ചന്ദ്രക്കലയും ഗംഗാ നദിയും, വലം കൈയില്‍ പരശു ആയുധമാകുമ്പോള്‍ ഇടം കൈയില്‍ മാന്‍കുഞ്ഞ്. വാഹനമായി നന്ദി എന്ന കാള. എല്ലാം ദഹിപ്പിക്കുന്ന തൃക്കണ്ണ്. ഭസ്മധാരി, മറ്റ് രണ്ട് കൈകളിലായി ഢമരുവും തശൂലവും. ഢമരുവും താണ്ഡവവും ശിവനെ സംഗീതാദികലകളുടെ അധിപനാക്കുന്നു. കൈലാസവാസിയാണെങ്കിലും ശ്മശാനവാസി. ഒരേസമയം ലോകത്തിന്‍റെ ഏറ്റവും ഉയരത്തിലും അതേസമയം ഏറ്റവും താഴെയും. അത് തന്നെയാണ് ഹൈന്ദവരുടെ ശിവസങ്കല്പവും സമസ്ഥപ്രപഞ്ചത്തിന്‍റെയും നാഥന്‍.