താനാകെ ഞെട്ടിപ്പോയി എന്നാണ് ഷൗ പറയുന്നത്. താൻ തന്റെ ഭർത്താവിന്റെ വീട്ടുകാർക്ക് വേണ്ടി എല്ലാം ചെയ്തിരുന്നു, എന്തും നൽകാൻ തയ്യാറായിരുന്നു, അവരെ ഒരിക്കലും വേറെ കണ്ടിട്ടില്ല എന്നും ഷൗ പറയുന്നു.
ചൈനയിൽ നിന്നുള്ള ഒരു യുവതിയെ അവളുടെ അമ്മായിഅച്ഛൻ തല്ലിയതാണ് ഇപ്പോൾ അവിടുത്തെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായി മാറിയിരിക്കുന്നത്. ഷൗ എന്ന യുവതിയാണ് തനിക്കുണ്ടായ വേദനാജനകമായ അനുഭവം പങ്കുവച്ചത്.
തെക്കുപടിഞ്ഞാറൻ ഗ്വിഷോ പ്രവിശ്യക്കാരിയാണ് ഷൗ. കിഴക്കൻ ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്നുള്ള ഒരാളെയാണ് അവൾ വിവാഹം കഴിച്ചത്. സ്വന്തം വീട്ടിൽ പോകാനിറങ്ങിയതിനാണത്രെ ഷൗവിനെ അമ്മായിഅച്ഛൻ തല്ലിയത്. ലൂണാർ ന്യൂ ഇയറിനോടനുബന്ധിച്ച് സ്വന്തം വീട്ടിൽ പോയി അച്ഛനേയും അമ്മയേയും കാണാൻ ആഗ്രഹിച്ചതായിരുന്നു ഷൗ. വിവാഹം കഴിഞ്ഞ ശേഷം കഴിഞ്ഞ മൂന്ന് വർഷമായി അവൾ തന്റെ വീട്ടിൽ പോയിരുന്നില്ല. അങ്ങനെയാണ് അച്ഛനേയും അമ്മയേയും കാണാൻ ആഗ്രഹിച്ച് അവൾ പോകാൻ ഒരുങ്ങിയത്.
undefined
എന്നാൽ, അമ്മായിഅച്ഛന് ഇത് ഇഷ്ടപ്പെട്ടില്ല. അയാൾ മരുമകളെ വഴക്ക് പറഞ്ഞു തുടങ്ങി. വിവാഹിതരായി എത്തുന്ന സ്ത്രീകൾ സ്വന്തം വീട്ടിൽ നിന്നും ഒഴുകിപ്പോയ വെള്ളം പോലെയാണ് എന്നും അവർക്ക് ഭർത്താവിന്റെ വീട്ടുകാരാണ് ആദ്യത്തെ പരിഗണന എന്നുമായിരുന്നു അമ്മായിഅച്ഛൻ പറഞ്ഞത്. എന്നാൽ, വിവാഹം കഴിഞ്ഞതുകൊണ്ട് മാത്രം തനിക്ക് തന്റെ വീട്ടുകാരെ പരിഗണിക്കാതിരിക്കാൻ പറ്റില്ല. അവർ തനിക്ക് വളരെ പ്രധാനപ്പെട്ടവരാണ് എന്ന് ഷൗ തിരിച്ചും പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും താൻ വീട്ടിൽ പോവുക തന്നെ ചെയ്യും എന്ന തീരുമാനവും അവൾ ഉറപ്പിച്ചു.
ഈ സമയത്താണ് അമ്മായിഅച്ഛൻ അവളെ തല്ലിയത്. താനാകെ ഞെട്ടിപ്പോയി എന്നാണ് ഷൗ പറയുന്നത്. താൻ തന്റെ ഭർത്താവിന്റെ വീട്ടുകാർക്ക് വേണ്ടി എല്ലാം ചെയ്തിരുന്നു, എന്തും നൽകാൻ തയ്യാറായിരുന്നു, അവരെ ഒരിക്കലും വേറെ കണ്ടിട്ടില്ല എന്നും ഷൗ പറയുന്നു. ഭർത്താവിന് ഇത് അറിയാവുന്നത് കൊണ്ട് അയാൾ അവളെ പിന്തുണച്ചു. അങ്ങനെ ഷൗവും അവളുടെ ഭർത്താവും കൂടി സാധാനങ്ങളെല്ലാം എടുത്ത് സ്വന്തം വീട്ടിൽ പോവുകയും ചെയ്തു. 1600 കിലോമീറ്റർ അപ്പുറമാണ് അവളുടെ വീട്.
ഏതായാലും, ഈ സംഭവം ചൈനയിലെ സോഷ്യൽ മീഡിയകളിൽ വലിയ ചർച്ച തന്നെയായി മാറി. മിക്കവാറും ആളുകൾ അവളെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഈ അമ്മായിഅച്ഛൻ ഏത് കാലത്താണ് ജീവിക്കുന്നത്, എല്ലാവർക്കും അവരുടെ അച്ഛനും അമ്മയും വേണ്ടപ്പെട്ടവരല്ലേ എന്നെല്ലാമാണ് അവർ ചോദിച്ചത്. എന്നാൽ, പിന്തിരിപ്പന്മാർ എല്ലായിടത്തും ഉണ്ടല്ലോ? അങ്ങനെയുള്ള ആളുകൾ പറഞ്ഞത്, അമ്മായിഅച്ഛൻ ചെയ്തത് ശരിയാണ് എന്നാണ്.