ഏകാന്തജീവിതത്തിനൊടുവിൽ അവൾ യാത്രയായി, ലോകത്തിലെ ഏറ്റവും വിഷാദിയായ ആന ചെരിഞ്ഞു

By Web TeamFirst Published Nov 29, 2023, 10:07 PM IST
Highlights

വിശ്വ മാലി എന്നാണ് മാലിയുടെ മുഴുവൻ പേര്. 1981 -ൽ ശ്രീലങ്കൻ ഗവൺമെന്റ് ഫിലിപ്പീൻസിലെ പ്രഥമ വനിതയായിരുന്ന ഇമെൽഡ മാർക്കോസിന് നൽകിയതാണ് അവളെ.

ലോകത്തിലെ തന്നെ 'ഏറ്റവും വിഷാദിയായ ആന' എന്ന് വിളിക്കപ്പെടുന്ന ആന ഫിലിപ്പീന്‍സിലെ മൃ​ഗശാലയിൽ ചെരിഞ്ഞു. മനില മൃ​ഗശാലയിൽ കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി കഴിയുകയാണ് മാലി എന്ന ആന. ഇവിടുത്തെ പ്രധാന ആകർഷണവും മാലിയായിരുന്നു. എന്നാൽ, കഴിഞ്ഞ കുറേ കാലങ്ങളായി ആക്ടിവിസ്റ്റുകൾ ഇവിടെ നിന്നും ഈ ആനയെ മാറ്റണം എന്ന ആവശ്യമുയർത്തുന്നുണ്ട്. 

കടുത്ത ഏകാന്തതയിലൂടെയാണ് അവൾ കടന്നുപോകുന്നത് എന്നായിരുന്നു ആക്ടിവിസ്റ്റുകൾ പറഞ്ഞിരുന്നത്. അവരിൽ ഒരാളാണ് സർ പോൾ മക്കാർട്ട്‌നി. മാലിയെ ആന സങ്കേതത്തിലേക്ക് മാറ്റാൻ അധികാരികളോട്  പോൾ മക്കാർട്ട്നിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് നടന്നില്ല. 

Latest Videos

ചൊവ്വാഴ്ചയാണ് മാലി ചെരിഞ്ഞ വിവരം മനില മേയറായ ഹണി ലക്കുന ഒരു ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. 'മാലിയെ കാണാൻ മൃഗശാലയിലേക്കുള്ള താൻ നടത്താറുള്ള സന്ദർശനം തന്റെ സന്തോഷം നിറഞ്ഞ കുട്ടിക്കാലത്തെ ഓർമ്മകളിൽ ഒന്നാണ്' എന്നായിരുന്നു മേയർ ഒപ്പം പറഞ്ഞത്. 

കഴിഞ്ഞ വെള്ളിയാഴ്ച, മാലി തന്റെ തുമ്പിക്കൈ ഭിത്തിയിൽ നിരന്തരം ഉരസിയിരുന്നു. അത് വേദന കാരണമായിരിക്കാമെന്ന് മൃഗശാലയിലെ ചീഫ് വെറ്ററിനറി ഡോക്ടർ ഹെൻറിച്ച് പാട്രിക് പെന-ഡൊമിംഗോ പറഞ്ഞു. ചൊവ്വാഴ്ച പുലർച്ചയോടെ മാലിയുടെ അവസ്ഥ മോശമായി. ഡോക്ടർമാർ അവളുടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. പോസ്റ്റ്‌മോർട്ടത്തിൽ അവളുടെ ചില അവയവങ്ങളിൽ ക്യാൻസറും ഹൃദയരക്തധമനിയിൽ ബ്ലോക്കും ഉണ്ടെന്നും കണ്ടെത്തിയതായും പറയുന്നു.

വിശ്വ മാലി എന്നാണ് മാലിയുടെ മുഴുവൻ പേര്. 1981 -ൽ ശ്രീലങ്കൻ ഗവൺമെന്റ് ഫിലിപ്പീൻസിലെ പ്രഥമ വനിതയായിരുന്ന ഇമെൽഡ മാർക്കോസിന് നൽകിയതാണ് അവളെ. അന്നവൾക്ക് 11 മാസമേ പ്രായമുണ്ടായിരുന്നുള്ളൂ. 1977 -ൽ ഇവിടെ എത്തിയ ശിവ എന്ന മറ്റൊരു ആനയും മനില മൃഗശാലയിൽ ഉണ്ടായിരുന്നു. എന്നാൽ, ശിവ 1990 -ൽ ചെരിഞ്ഞു. അന്നുമുതൽ മൃഗശാലയിലെ ഏക ആനയായി മാലി മാറി. 

നിരവധി തവണ ആക്ടിവിസ്റ്റുകൾ മാലിയെ ഇവിടെ നിന്നും മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അത് നടന്നിരുന്നില്ല. മാലിയുടെ വിയോ​ഗത്തെ തുടർന്ന് പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് അനിമൽസ് (പെറ്റ) പറഞ്ഞത്, "ലോകത്തിലെ ഏറ്റവും വിഷാദിയായ ആനകളിൽ ഒന്ന് ചെരിഞ്ഞു. മാലി, സമാധാനത്തോടെ വിശ്രമിക്കൂ, നീ കൂടുതൽ നല്ലത് അർഹിച്ചിരുന്നു" എന്നാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!