ബാലവധുവാകാതെ രക്ഷപ്പെട്ട 15 -കാരി, ഇന്ന് 440 ൽ 421 മാർക്ക്, ഐപിഎസ് ഓഫീസറാവുമെന്ന് നിർമ്മല

By Web Team  |  First Published Apr 14, 2024, 1:28 PM IST

അവളുടെ വീട്ടുകാർ 10 -ാം ക്ലാസ് കഴിഞ്ഞയുടനെ തന്നെ അവളെ വിവാഹം കഴിപ്പിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നു. അവളുടെ സഹോദരിമാരേയും വളരെ നേരത്തെ തന്നെ വിവാഹം കഴിപ്പിച്ചിരുന്നു.


ബാലവിവാഹങ്ങൾ ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചതാണ്. എന്നാൽ, കേരളത്തിലടക്കം ഇന്ത്യയിൽ പലയിടങ്ങളിലും ഇപ്പോഴും ബാലവിവാഹങ്ങൾ നടക്കുന്നുണ്ട്. അതിലൂടെ എത്രയോ പെൺകുട്ടികളാണ് വിദ്യാഭ്യാസം നേടാനാവാതെ ഏതോ വീടുകളിൽ, അടുക്കളകളിൽ കഴിഞ്ഞുകൂടുന്നത്. അതുപോലെ ഒരാളാവേണ്ടതായിരുന്നു ആന്ധ്ര പ്രദേശിൽ നിന്നുള്ള നിർമ്മല എന്ന പെൺകുട്ടിയും.

എന്നാൽ, അവൾ തന്റെ വീട്ടുകാരോടും ബാലവിവാഹം എന്ന തിന്മയോടും പോരാടി. ഇപ്പോൾ എസ്‍എസ്‍സി (Secondary School Certificate) പരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയിരിക്കുകയാണ്. കുർണൂൽ ജില്ലയിലെ പെഡ ഹരിവനം സ്വദേശിനിയായ എസ് നിർമ്മല പരീക്ഷയിൽ 440 ൽ 421 മാർക്കാണ് നേടിയത്. നിർമ്മലയുടെ വിജയം ഇരട്ടിമധുരമുള്ളതാവാൻ‌ കാരണം ഇവിടെ എത്താൻ അവൾ നടത്തിയ പോരാട്ടമാണ്. 

Latest Videos

undefined

അവളുടെ വീട്ടുകാർ 10 -ാം ക്ലാസ് കഴിഞ്ഞയുടനെ തന്നെ അവളെ വിവാഹം കഴിപ്പിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നു. അവളുടെ സഹോദരിമാരേയും വളരെ നേരത്തെ തന്നെ വിവാഹം കഴിപ്പിച്ചിരുന്നു. പഠിപ്പിക്കാൻ കാശില്ല, അടുത്തൊന്നും കോളേജില്ല തുടങ്ങിയ കാരണങ്ങളാണ് അവളെ പഠിപ്പിക്കാതെ വിവാഹം കഴിപ്പിക്കുന്നതിനായി വീട്ടുകാർ പറഞ്ഞിരുന്നത്. 

കഴിഞ്ഞ വർഷം പത്താം ക്ലാസ് പരീക്ഷയിൽ 89.5% മാർക്കാണ് നിർമ്മല നേടിയത്. പഠിക്കാൻ അത്രയും മിടുക്കിയായ നിർമ്മലയ്ക്ക് തുടർന്നും പഠിക്കാൻ അത്രയും ആ​ഗ്രഹമായിരുന്നു. അവൾ നേരെ അഡോണി എംഎൽഎ വൈ സായിപ്രസാദ് റെഡ്ഡിയെ സമീപിച്ചു. തന്നെ വീട്ടുകാർ വിവാഹം കഴിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്നും പക്ഷേ തനിക്ക് പഠിക്കണം എന്നും അവൾ അദ്ദേഹത്തെ അറിയിച്ചു. അങ്ങനെ, എംഎൽഎ ജില്ലാ കളക്ടർ ജി. സൃജനയോട് നിർമ്മലയെ കുറിച്ചുള്ള കാര്യങ്ങൾ അറിയിച്ചു. 

ജില്ലാ ഭരണകൂടം നിർമലയെ വിവാഹത്തിൽ നിന്നും രക്ഷപ്പെടുത്തുകയും അസ്പാരിയിലെ കസ്തൂർബാ ഗാന്ധി ബാലികാ വിദ്യാലയത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെയും ഇപ്പോൾ നന്നായി പഠിക്കുന്നുണ്ട് അവൾ. ഭാവിയിൽ തനിക്ക് ഒരു ഐപിഎസ് ഓഫീസറാവണമെന്നും ബാലവിവാഹം തുടച്ചുനീക്കണം എന്നുമാണ് അവളുടെ ആ​ഗ്രഹം. 

click me!