മുൻകാമുകനെ കാൽച്ചുവട്ടിലെത്തിക്കും, ദുർമന്ത്രവാദത്തിന് യുവതി നൽകിയത് 8.2 ലക്ഷം രൂപ..! 

By Web TeamFirst Published Jan 23, 2024, 1:08 PM IST
Highlights

യുവതിയെ എളുപ്പത്തിൽ പറഞ്ഞു വിശ്വസിപ്പിക്കാം എന്ന് മനസ്സിലാക്കിയ തട്ടിപ്പുസംഘം വീണ്ടും അവളോട് പണം ആവശ്യപ്പെട്ടു.

മുൻകാമുകനുമായി ഒന്നിക്കാനുള്ള ശ്രമത്തിൽ ബംഗളൂരു സ്വദേശിനിയായ യുവതിക്ക് നഷ്ടമായത് 8.2 ലക്ഷം രൂപ. ജലഹള്ളിയിലെ താമസക്കാരിയായ 25 -കാരിയാണ് തന്റെ മുൻകാമുകനുമായി 'ദുർമന്ത്രവാദ'ത്തിലൂടെ വീണ്ടും ഒന്നിക്കാൻ ശ്രമം നടത്തിയത്. ഇൻറർനെറ്റിലൂടെ പരിചയപ്പെട്ട മൂന്നുപേരാണ് യുവതിയുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തത്.

കാമുകനുമായി വേർപിരിഞ്ഞതോടെ കടുത്ത മാനസികസമ്മർദ്ദത്തിലായ യുവതി ആശ്വാസം കണ്ടെത്തിയത് ഇൻറർനെറ്റിലൂടെ പരിചയപ്പെട്ട ഒരു 'മന്ത്രവാദി'യിലൂടെയായിരുന്നു. അഹമ്മദ് എന്നായിരുന്നു ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. ഇയാൾ വഴി അബ്ദുൾ, ലിയാഖത്തുള്ള എന്നീ രണ്ട് വ്യക്തികളെയും യുവതി ഇൻറർനെറ്റിലൂടെ പരിചയപ്പെട്ടു. തുടർന്ന് തൻറെ പ്രശ്നങ്ങളെക്കുറിച്ച് യുവതി ഈ മൂവർസംഘത്തോട് പങ്കുവെയ്ക്കുകയും എന്തെങ്കിലും പ്രതിവിധി കണ്ടെത്തി തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

Latest Videos

തുടർന്ന് അഹമ്മദ് യുവതിയെ, അവൾക്കും അവളുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മേൽ ബ്ലാക്ക് മാജിക് പ്രയോഗിച്ചതിനാലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായത് എന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ഇതിനെ പ്രതിരോധിക്കാൻ ചില കർമ്മങ്ങൾ ചെയ്യണമെന്നും അതിനുള്ള ചെലവിലേക്കായി 501 രൂപ ഓൺലൈനായി അടയ്ക്കണമെന്നും നിർദ്ദേശിച്ചു.

അയാളുടെ നിർദ്ദേശപ്രകാരം യുവതി പണം ഓൺലൈനായി അടയ്ക്കുകയും തന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ കൈമാറുകയും ചെയ്തു. കടുത്ത മാനസികസമ്മർദ്ദത്തിൽ ആയിരുന്ന യുവതിയോട് അവളുടെ മുൻ കാമുകനെ വീണ്ടും അവളിലേക്ക് എത്തിക്കാനും ഇരുവരുടെയും വിവാഹത്തിന് കാമുകന്റെ മാതാപിതാക്കൾ സമ്മതിക്കാനും മാർഗ്ഗമുണ്ടെന്ന് തൊട്ടടുത്ത ദിവസം അഹമ്മദ് പറഞ്ഞ് വിശ്വസിപ്പിച്ചു. ബ്ലാക്ക് മാജിക്കിലൂടെ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കാണാമെന്നും ഇയാൾ യുവതിയോട് പറഞ്ഞു. 2.4 ലക്ഷം രൂപയായിരുന്നു ഇതിനുള്ള ചെലവായി അയാൾ ആവശ്യപ്പെട്ടത്. തന്റെ മുൻ കാമുകനുമായി എങ്ങനെയെങ്കിലും ഒന്നിക്കണം എന്ന് ആഗ്രഹിച്ച യുവതി ഡിസംബർ 22 -ന് ഇവർക്ക് ഓൺലൈനായി പണം കൈമാറി.

യുവതിയെ എളുപ്പത്തിൽ പറഞ്ഞു വിശ്വസിപ്പിക്കാം എന്ന് മനസ്സിലാക്കിയ തട്ടിപ്പുസംഘം വീണ്ടും അവളോട് പണം ആവശ്യപ്പെട്ടു. ബ്ലാക്ക് മാജിക്കിന്റെ ചെലവുകളിലേക്കായി 1.7 ലക്ഷം രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, സംശയം തോന്നിയ യുവതി പണം നൽകാൻ വിസമ്മതിച്ചു. എന്നാൽ, തട്ടിപ്പ് സംഘം അങ്ങനെ വേഗത്തിൽ ഒഴിഞ്ഞുപോകാൻ തയ്യാറായിരുന്നില്ല. യുവതിയും മുൻകാമുകനുമായുള്ള ചിത്രങ്ങൾ തങ്ങളുടെ കൈവശമുണ്ടെന്നും ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ അത് പരസ്യപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ സമ്മർദ്ദത്തിലായ യുവതി ജനുവരി 10 -നുള്ളിൽ പലതവണകളായി 4.1 ലക്ഷം രൂപ കൂടി ഇവർക്ക് നൽകി.

ഇതിനിടയിൽ മകളുടെ അക്കൗണ്ടിൽ നിന്ന് ലക്ഷക്കണക്കിന് തുക പിൻവലിച്ചതായി കണ്ടെത്തിയ മാതാപിതാക്കൾ യുവതിയോട് കാര്യം തിരക്കി. താൻ അകപ്പെട്ടുപോയ ചതിക്കുഴിയെ കുറിച്ച് യുവതി മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ജാലഹള്ളി പൊലീസിൽ പരാതി നൽകി. പൊലീസിന്റെ അന്വേഷണത്തിൽ അഹമ്മദിന്റെ കൂട്ടാളിയായ ലിയാഖത്തുള്ളയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ് ഇപ്പോൾ അന്വേഷണം നടത്തി വരികയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!