Frog Limbs : കാൽ മുറിച്ച തവളയ്ക്ക് പുതിയ കാൽ വളർത്തിയെടുത്തു, പരീക്ഷണത്തിൽ വിജയിച്ച് ​ഗവേഷകർ

By Web TeamFirst Published Jan 30, 2022, 9:48 AM IST
Highlights

പുതുതായി രൂപംകൊണ്ട കാലുകൾ തവളകളെ ചലിക്കാനും നീന്താനും അനുവദിച്ചു. കൂടാതെ സ്പർശിക്കുന്നതിനോടും മറ്റും അവയ്ക്ക് പ്രതികരിക്കാനുമാവുന്നുണ്ട്. 

പല മൃഗങ്ങള്‍ക്കും കൈകാലുകള്‍ നഷ്ടപ്പെട്ടാല്‍ അവ വീണ്ടും തിരികെ വളർന്നുവരാനുള്ള സാധ്യതയൊന്നും ഇല്ല. ഏതായാലും അങ്ങനെ വളർന്നുവരാത്ത മൃഗങ്ങളില്‍ അവ വളര്‍ത്താനുള്ള ശ്രമങ്ങള്‍ ചിലപ്പോള്‍ ശാസ്ത്രജ്ഞര്‍ നടത്താറുണ്ട്. തനിയെ ഒരിക്കലും കൈകാലുകള്‍ വളരാന്‍ സാധ്യത ഇല്ലാത്ത തവള(Frog)യില്‍ ഡ്രഗ് കോക്ക്ടെയില്‍ പ്രയോഗിച്ച് അതുപോലെ നഷ്ടപ്പെട്ട കാലിനു പകരം കാല്‍ വളര്‍ത്തിയെടുത്തിരിക്കയാണ് ​ഗവേഷകർ. 

ടഫ്റ്റ്‌സ് യൂണിവേഴ്‌സിറ്റിയിലെയും ഹാർവാർഡ് വൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും(Tufts University and Harvard’s Wyss Institute) ഗവേഷകരാണ് 24 മണിക്കൂര്‍ നേരം ഡ്രഗ് കോക്ടെയില്‍ പ്രയോഗിച്ച് തവളയ്ക്ക് പുതിയ കാല്‍ വളരുന്നതിനുള്ള സാഹചര്യമുണ്ടാക്കിയത്. വളര്‍ച്ച പൂര്‍ത്തിയാവാന്‍ 18 മാസങ്ങളെടുത്തു. ഇത് പരിശോധിക്കാൻ, അവർ ആദ്യം തവളകള്‍ക്ക് അനസ്തേഷ്യ നൽകുകയും അവയുടെ പിൻകാലുകളിൽ ഒന്ന് മുറിക്കുകയും ചെയ്തു. തുടർന്ന് അവർ ബയോഡോം എന്ന് വിളിക്കുന്ന ഒരു സിലിക്കൺക്യാപ്പ് അവയുടെ കാലിന് മുകളിൽ സ്ഥാപിച്ചു. 

Latest Videos

ബയോഡോമിനുള്ളിൽ വീക്കം കുറയ്ക്കുന്നതിനും, വടുക്കളുണ്ടാവുന്നത് തടയുന്നതിനും, പുതിയ നാഡി നാരുകൾ, രക്തക്കുഴലുകൾ, പേശികൾ എന്നിവയുടെ വളർച്ചയ്ക്കും സഹായിച്ചുകൊണ്ട് പുനരുജ്ജീവനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മരുന്നുകളുടെ മിശ്രിതം അടങ്ങിയ ഒരു സിൽക്ക് പ്രോട്ടീൻ ജെൽ ഉണ്ടായിരുന്നു.

അവസാനം തവളകളില്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ പുതിയ കാലുകള്‍ വളര്‍ന്നുവന്നു. ഞരമ്പുകളും എല്ലുകളും ഉൾപ്പെടെയുള്ള ടിഷ്യൂകളുടെ സങ്കീർണ്ണമായ സംയോജനമാണ് അവ നിർമ്മിച്ചിരിക്കുന്നതെന്ന് വിശകലനം വെളിപ്പെടുത്തി. എന്നിരുന്നാലും, അസ്ഥികൾക്ക് പൂർണ്ണമായ ഒരു ഘടന ഇല്ലായിരുന്നു. പുതുതായി രൂപംകൊണ്ട കാലുകൾ തവളകളെ ചലിക്കാനും നീന്താനും അനുവദിച്ചു. കൂടാതെ സ്പർശിക്കുന്നതിനോടും മറ്റും അവയ്ക്ക് പ്രതികരിക്കാനുമാവുന്നുണ്ട്. 

'തങ്ങളുടെ പരീക്ഷണം വിജയിച്ചു എന്നത് വളരെ സന്തോഷകരമായ കാര്യമാണ്. പൂര്‍ണമായ ഒരു കാല്‍ വളരുന്നതിന് നമ്മുടെ മരുന്നുകള്‍ പര്യാപ്തമായിരുന്നു. തവളയില്‍ ഇത് സാധിച്ചതു കൊണ്ട് തന്നെ ഒരുപക്ഷേ മറ്റ് ജീവികളിലും ഇത് പ്രവര്‍ത്തിക്കാനുള്ള സാധ്യതകളുണ്ട്' എന്ന് പഠനത്തിന്‍റെ ആദ്യ രചയിതാക്കളിലൊരാളായ നിരോഷ മുരുഗന്‍ പറയുന്നു. മറ്റ് സസ്‍തനികളില്‍ കൂടി ഈ പരീക്ഷണം നടത്താനുള്ള ഒരുക്കത്തിലാണ് ഗവേഷകര്‍. 

click me!