അമ്പട വമ്പാ; ഉ​ഗ്രവിഷമുള്ള പാമ്പിനെപ്പോലും ഭക്ഷണമാക്കുന്ന കുഞ്ഞൻചിലന്തികൾ..!

By Web Team  |  First Published Feb 28, 2024, 4:26 PM IST

റെഡ്ബാക്ക് ചിലന്തികളുടെ ഇരപിടിക്കൽ രീതി അതീവ കൗതുകകരമാണ്. ഒരിഞ്ചിൽ താഴെ മാത്രമാണ് ഇവയുടെ വലുപ്പം. ഇരയെ പിടിക്കുന്ന കാര്യത്തിൽ ഇവയുടെ പ്രധാന ആയുധം ശക്തമായ വലനൂലുകളാണ്.


വൈവിധ്യമാർന്ന നിരവധി ജീവജാലങ്ങളാൽ സമ്പന്നമാണ് ഓസ്ട്രേലിയ. ലോകത്തു മറ്റെവിടെയും കാണാനാകാത്ത തരം ജീവികൾ പോലും ഇവിടെയുണ്ട്. വിചിത്രമായ ശരീരഘടനയുള്ള ജീവികൾ മുതൽ ഉ​ഗ്രവിഷമുള്ള ജീവികൾ വരെ ഇതിൽ പെടുന്നു. അക്കൂട്ടത്തിൽ ആരെയും അമ്പരപ്പിക്കുന്ന ഒരു ജീവിയാണ് റെഡ്ബാക്ക് സ്‌പൈഡർ എന്ന ഓസ്‌ട്രേലിയൻ ചിലന്തി. കാരണം കാഴ്ചയിൽ ഇവ ചെറുതാണെങ്കിലും ഉ​ഗ്രവിഷമുള്ള പാമ്പുകളെപ്പോലും ഭക്ഷണമാക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്.

റെഡ്ബാക്ക് ചിലന്തികളുടെ ഇരപിടിക്കൽ രീതി അതീവ കൗതുകകരമാണ്. ഒരിഞ്ചിൽ താഴെ മാത്രമാണ് ഇവയുടെ വലുപ്പം. ഇരയെ പിടിക്കുന്ന കാര്യത്തിൽ ഇവയുടെ പ്രധാന ആയുധം ശക്തമായ വലനൂലുകളാണ്. ഈ വല ഇരയു‌ടെ ദേഹത്ത് വീശി അവയെ കു‌ടുക്കിലാക്കുന്നതാണ് ആദ്യഘട്ടം. ഇരകൾ വലയിൽ കുടുങ്ങിയാൽ അടുത്ത പണി കൂടുതൽ വലവിരിച്ച് അവയെ ചലിക്കാനാകാത്തവിധം അകപ്പെടുത്തും. പിന്നീട് ഇരയുടെ ദേഹത്തേക്ക് ഇവ പല്ലുകളാഴ്ത്തി കടിക്കും. ഇവയുടെ വിഷപ്പല്ലുകളിൽ നിന്നുള്ള കൊടുംവിഷം ഇരയുടെ ശരീരത്തിൽ പ്രവേശിക്കുന്നതോടെ ആന്തരിക ശരീര ഭാ​ഗങ്ങൾ ദ്രവീകരിക്കപ്പെടും. തുടർന്ന് അത് വലിച്ചു കുടിക്കുകയും ചെയ്യുന്നു.

Latest Videos

undefined

ചെറിയ കീടങ്ങളെയാണ് സാധാരണായായി ഇവ ഇരയാക്കുന്നത്. എന്നാൽ, അപൂർവമായി പല്ലികളെയും പാമ്പുകളെയും  ഇവ വേട്ടയാടാറുണ്ട്. പെൺചിലന്തികളാണ് റെഡ്ബാക്ക് സ്‌പൈഡറുകളിൽ കൂടുതൽ അപകടകാരികൾ. ശരീരത്തിനു പുറത്തെ ചുവന്ന വരകളാണ് പെൺചിലന്തികളായ റെഡ്ബാക്ക് സ്‌പൈഡറുകളെ തിരിച്ചറിയാനുള്ള മാർ​ഗം. പെൺചിലന്തി ഭക്ഷിച്ചശേഷം ബാക്കിവരുന്ന ഭാഗങ്ങളാണ് ആൺചിലന്തി ഭക്ഷിക്കുക. ഓസ്‌ട്രേലിയയിൽ നിരവധിപ്പേർക്ക് ഈ ചിലന്തിയുടെ കടിയേൽക്കാറുണ്ടെങ്കിലും ആന്റിവെനം ലഭിക്കുന്നതിനാൽ ഇതുവരെയും മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!