ഭർത്താവായാലും അനുവാദമില്ലാതെ സ്പർശിക്കരുത്, അത് ബലാത്സം​ഗം; ശ്രദ്ധേയപരാമർശവുമായി ഗുജറാത്ത് ഹൈക്കോടതി

By Web TeamFirst Published Dec 19, 2023, 3:54 PM IST
Highlights

സ്ത്രീകളുടെ ശരീരത്തിൽ അവരുടെ അനുവാദമില്ലാതെ ആര് സ്പർശിച്ചാലും, അത് ഭർത്താവാണെങ്കിൽ പോലും ബലാത്സം​ഗത്തിന്റെ പരിധിയിൽ വരും എന്നും കോടതി നിരീക്ഷിച്ചു.

'ബലാത്സം​ഗം ബലാത്സം​ഗം തന്നെയാണ്, അത് ഭർത്താവ് ചെയ്താലും'; സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ ശ്രദ്ധേയമായ പരാമർശം നടത്തി ​ഗുജറാത്ത് ഹൈക്കോടതി. മരുമകൾ തനിക്കെതിരെ നൽകിയ പരാതിയിൽ അമ്മായിഅമ്മയുടെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കവെയായിരുന്നു കോടതിയുടെ ശ്രദ്ധേയമായ പരാമർശം. 

രാജ്‍കോട്ടിൽ നിന്നുള്ള യുവതിയാണ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി നൽകിയത്. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭർത്താവും വീട്ടുകാരും ചേർന്ന് സിസിടിവി ക്യാമറ വച്ച് തങ്ങളുടെ കിടപ്പറയിൽ നിന്നുള്ള രം​ഗങ്ങൾ പകർത്തി, ന​ഗ്നചിത്രങ്ങളും വീഡിയോയും പകർത്തി. ഭർത്താവ് ഫോണിലും തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പകർത്തി പിന്നീടത് കുടുംബ വാട്ട്സാപ്പ് ​ഗ്രൂപ്പിൽ പങ്കുവച്ചു, ആ ദൃശ്യങ്ങൾ ചില അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ഇതൊക്കെ കാണിച്ചാണ് യുവതി പരാതി നൽകിയിരുന്നത്. സാമ്പത്തികമായി നേട്ടമുണ്ടാക്കാനാണ് ഭർത്താവും വീട്ടുകാരും ഈ ക്രൂരത ചെയ്തത് എന്നും യുവതി വ്യക്തമാക്കി. 

Latest Videos

സ്ത്രീകളുടെ ശരീരത്തിൽ അവരുടെ അനുവാദമില്ലാതെ ആര് സ്പർശിച്ചാലും, അത് ഭർത്താവാണെങ്കിൽ പോലും ബലാത്സം​ഗത്തിന്റെ പരിധിയിൽ വരും എന്നും കോടതി നിരീക്ഷിച്ചു. ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ് തുടങ്ങി പല വിദേശ രാജ്യങ്ങളിൽ ഈ നിയമം പ്രാവർത്തികമാണ് എന്നും അത് നമ്മുടെ രാജ്യത്തും അങ്ങനെ തന്നെയാവണമെന്നും കോടതി പരാമർശിച്ചു. സ്വന്തം ഭർത്താവാണെങ്കിലും സ്ത്രീകളെ അനുവാദം കൂടാതെ സ്പർശിച്ചാൽ അത് ബലാത്സം​ഗം തന്നെയാണ് എന്നും അയാൾ കേസിൽ പ്രതിയാകുമെന്നും ജസ്റ്റിസ് ജോഷി വ്യക്തമാക്കി. 

ഇത്തരം പെരുമാറ്റങ്ങൾ സമൂഹത്തിലുള്ള സ്ത്രീകളുടെ അന്തസ് ഇല്ലാതാക്കുന്നവയാണ്. അവ സ്ത്രീകളെ പലപ്പോഴും നിശബ്ദരാക്കുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് അവരേക്കാൾ ഉത്തരവാദിത്വം പുരുഷന്മാർക്കുണ്ട് എന്നും കോടതി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!