കാടിന് നടുവിൽ ചെന്ന് നിലവിളിക്കുക, ശബ്ദമുണ്ടാക്കുക, വസ്തുക്കൾ പൊട്ടിക്കുക ഇതാണ് കോപം ശമിപ്പിക്കാൻ ആളുകൾ ചെയ്യുന്നത്.
ദേഷ്യം, കോപം ഇതൊന്നും ആരോഗ്യത്തിന് നല്ലതല്ല. അതിപ്പോൾ കോപിക്കുന്നവരുടെ ആരോഗ്യത്തിനാണെങ്കിലും കോപമേറ്റു വാങ്ങുന്നവരുടെ ആരോഗ്യത്തിനാണെങ്കിലും. എന്നാൽ, ഇവയെല്ലാം ഉള്ളിലൊതുക്കിവച്ചാലോ? അത് അതിലും അപകടമാണ്. അതിനാൽ, കോപം നിയന്ത്രിക്കുന്നതിന് വേണ്ടി ആളുകളിപ്പോൾ പലതരത്തിലുള്ള മാർഗങ്ങളും പരീക്ഷിക്കുന്നുണ്ട്. മെഡിറ്റേഷൻ, യോഗ എന്നിവയൊക്കെ അതിൽ പെടുന്നു. എന്നാൽ, ഇപ്പോൾ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ഇങ്ങനെ കോപനിയന്ത്രണത്തിന് പുതിയ ചില മാർഗങ്ങളാണ് പരീക്ഷിക്കുന്നത്. അതിൽ കോപം ശമിപ്പിക്കാനുള്ള പാർട്ടികൾ വരെ പെടുന്നു.
ഇൻറർനെറ്റിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ ട്രെൻഡുകളിലൊന്നാണിത്. കാടിന് നടുവിൽ ചെന്ന് നിലവിളിക്കുക, ശബ്ദമുണ്ടാക്കുക, വസ്തുക്കൾ പൊട്ടിക്കുക ഇതാണ് കോപം ശമിപ്പിക്കാൻ ആളുകൾ ചെയ്യുന്നത്. ശരിക്കും ബഹളം വച്ചാൽ, എന്തെങ്കിലും ഒക്കെ വലിച്ചെറിഞ്ഞു പൊട്ടിച്ചാൽ കോപം അല്പം ശമിക്കും അല്ലേ? അത് തന്നെയാണ് ഇവിടെയും ചെയ്യുന്നത്. ഇതിൽ പങ്കെടുക്കാൻ സ്ത്രീകൾ ആയിരക്കണക്കിന് ഡോളർ നൽകാൻ തയ്യാറാവുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
undefined
സ്ത്രീകൾക്ക് വേണ്ടിയാണ് ഈ കോപം നശിപ്പിക്കാനുള്ള പരിപാടി സംഘടിപ്പിക്കുന്നതത്രെ. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ മിയ മാജിക് എന്നറിയപ്പെടുന്ന മിയ ബന്ദൂച്ചി യുഎസിൽ അത്തരം പാർട്ടികൾ സംഘടിപ്പിക്കുന്ന ഒരാളാണ്. ഇത് സംഘടിപ്പിക്കുന്ന ആളായിട്ട് കൂടി ആളുകളോട് ദേഷ്യപ്പെടുകയോ ആക്രമണോത്സുകത കാണിക്കുകയോ ചെയ്യരുതെന്നാണ് താൻ എപ്പോഴും പറയാറുള്ളത്, അത് ആരോഗ്യത്തിന് വളരെ മോശമാണ് എന്നാണ് സൈബർ സുരക്ഷാ എഞ്ചിനീയർ കൂടിയായ മിയ പറയുന്നത്.
ഇത്തരം ദേഷ്യവും കോപവും ശമിപ്പിക്കാനുള്ള പാർട്ടികളിൽ പങ്കെടുക്കുന്ന സ്ത്രീകൾ തങ്ങൾക്ക് വേണ്ടുന്നത്രയും നിലവിളിക്കുന്നു. ദേഷ്യം തീർക്കാൻ വടികളെടുത്ത് നിലത്തടിക്കുകയും ഒക്കെ ചെയ്യുന്നു. അതുവഴി അവരുടെ കോപമെല്ലാം പുറത്ത് കളയുകയും അവർ ശാന്തരാവുകയും ചെയ്യുന്നു എന്നും മിയ പറയുന്നു. അതുകൊണ്ട് തന്നെയാണ് ഇത്തരം പാർട്ടികൾ വേണമെന്ന് ആവശ്യപ്പെടുന്നവർ കൂടി വരികയാണ് എന്നും അവർ പറയുന്നു.