പാചകക്കാരനായ അച്ഛൻ കൊളുത്തിയ അ​ഗ്നി, പ്ര​ഗ്യയെ ആദരിച്ച് ചീഫ് ജസ്റ്റിസ്, നിറകണ്ണുകളോടെ സാക്ഷിയായി അച്ഛനുമമ്മയും

By Web Team  |  First Published Mar 14, 2024, 11:02 AM IST

പുഞ്ചിരിയോടെ കൈകൾ കൂപ്പിയാണ് പ്ര​ഗ്യ ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കും മുന്നിൽ നിന്നത്. ഒപ്പം ചീഫ് ജസ്റ്റിസിന്റെ കാൽതൊട്ട് അനു​ഗ്രഹവും വാങ്ങി. ഭരണഘടനയെ കുറിച്ചുള്ള സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ ഒപ്പുവച്ച മൂന്ന് പുസ്തകങ്ങളാണ് അവൾക്ക് ചീഫ് ജസ്റ്റിസ് സമ്മാനമായി നൽകിയത്.


ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢും ജഡ്ജിമാരും കഴിഞ്ഞ ദിവസം സുപ്രീംകോടതിയിലെ വിശ്രമമുറിയിൽ ഒരു പെൺകുട്ടിയെ ആദരിച്ചു. അത്യപൂർവമായ രം​ഗത്തിന് സാക്ഷികളായവരുടെ കണ്ണുകൾ ഒരുവേള നിറഞ്ഞു. സുപ്രീം കോടതിയിലെ പാചകക്കാരന്റെ മകളായ പ്ര​ഗ്യാ സമലിനെ ആദരിക്കാനാണ് ജഡ്ജിമാർ അവിടെ ഒത്തുകൂടിയത്. 

അടുക്കളയിൽ അച്ഛൻ പകർന്ന അ​ഗ്നി കത്തിപ്പടർന്നത് പ്ര​ഗ്യയുടെ ഉള്ളിലായിരിക്കണം. അതവൾ അണയാതെ സൂക്ഷിച്ചു. ആ ചൂടിന്റെ കരുത്തിലാണ് അവൾ നിയമത്തിൽ ബിരുദാനന്തരബിരുദം നേടുന്നതിനായി വിദേശത്തേക്ക് പറക്കുന്നത്. യുഎസ്സിൽ സ്കോളർഷിപ്പോടെയാണ് പ്ര​ഗ്യയുടെ പഠനം. ആ മിടുക്കിയായ വിദ്യാർത്ഥിനിയെ ആദരിക്കാനും അഭിനന്ദനങ്ങൾ അറിയിക്കാനുമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും മറ്റ് ജഡ്ജിമാരും ഒത്തുചേർന്നത്. 

Latest Videos

undefined

കോടതിയിലെ പാചകക്കാരനായ അജയ് കുമാർ സമലിന്റെ മകളാണ് പ്രഗ്യ സമൽ. പ്ര​ഗ്യയെ മാത്രമല്ല, അവളുടെ അമ്മയേയും അച്ഛനേയും ചീഫ് ജസ്റ്റിസ് ആദരിച്ചു. പ്ര​ഗ്യ കഠിനാധ്വാനിയാണ്, അതാണ് ഈ നേട്ടത്തിന് കാരണം. ഈ രാജ്യത്തെ സേവിക്കാനായി അവൾ തിരികെ വരുമെന്ന് താൻ പ്രതീക്ഷിക്കുന്നു എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. "അവൾ എന്തുതന്നെയാണ് ചെയ്യുന്നതെങ്കിലും അതിൽ അവൾ മികവ് കൈവരിക്കും. നൂറുകോടി ജനങ്ങളുടെ സ്വപ്നങ്ങൾ അവൾ വളരെ എളുപ്പത്തിൽ തന്നെ അവളുടെ ചുമലിലേറ്റും" എന്നും അദ്ദേഹം പറഞ്ഞു. 

പുഞ്ചിരിയോടെ കൈകൾ കൂപ്പിയാണ് പ്ര​ഗ്യ ചീഫ് ജസ്റ്റിസിനും മറ്റ് ജഡ്ജിമാർക്കും മുന്നിൽ നിന്നത്. ഒപ്പം ചീഫ് ജസ്റ്റിസിന്റെ കാൽതൊട്ട് അനു​ഗ്രഹവും വാങ്ങി. ഭരണഘടനയെ കുറിച്ചുള്ള സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിമാർ ഒപ്പുവച്ച മൂന്ന് പുസ്തകങ്ങളാണ് അവൾക്ക് ചീഫ് ജസ്റ്റിസ് സമ്മാനമായി നൽകിയത്. അധ്വാനിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ രാജ്യത്ത് അവസരങ്ങളുണ്ടാകണമെന്നും അത് സർക്കാരും പൗരന്മാരുമാണ് ഉറപ്പാക്കേണ്ടത് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

VIDEO | Chief Justice of India DY Chandrachud felicitates Pragya, who is daughter of a cook in the Supreme Court. She recently got a scholarship to study masters in law in two different universities in the US.

(Full video available on PTI Videos - https://t.co/n147TvqRQz) pic.twitter.com/0S8RVMOxjN

— Press Trust of India (@PTI_News)

തന്റെയീ യാത്രയിൽ തനിക്ക് പ്രചോദനമായിട്ടുണ്ടായിരുന്നത് ചീഫ് ജസ്റ്റിസാണ് എന്നായിരുന്നു മറുപടിയായി പ്ര​ഗ്യ പറഞ്ഞത്. ചടങ്ങിന് മുഴുവൻ സാക്ഷിയായി അവളുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!