മാതാപിതാക്കളോട് താൻ തരുന്ന പണം എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അതെല്ലാം സഹോദരിയെ വിവാഹം കഴിപ്പിക്കാൻ വേണ്ടി മാറ്റിവയ്ക്കുകയാണ് എന്നാണത്രെ മറുപടി കിട്ടിയത്.
ആളുകളുടെ വിചിത്രമെന്ന് തോന്നാവുന്ന പല സംശയങ്ങളും അനുഭവങ്ങളും ഒക്കെ പങ്കുവയ്ക്കപ്പെടാറുണ്ട് മിക്കവാറും റെഡ്ഡിറ്റ് പ്ലാറ്റ്‍ഫോമിൽ. ഇപ്പോഴിതാ ഒരു യുവാവ് പറയുന്നത് തന്റെ ശമ്പളമെല്ലാം വീട്ടുകാർ വാങ്ങുന്നത് കൊണ്ട് തനിക്ക് ഒറ്റരൂപാ സമ്പാദിക്കാനാവുന്നില്ല, താനെന്ത് ചെയ്യും എന്നാണ്.
യുവാവ് പറയുന്നത് വീട്ടുകാർക്ക് പണം നൽകുന്നതിനെ തുടർന്ന് തനിക്ക് തന്റെ കാര്യങ്ങൾ പോലും നോക്കാനുള്ള പണമില്ലാത്ത അവസ്ഥയാണ് എന്നാണ്. "അടുത്തിടെയാണ് ഞാൻ ബിരുദം പൂർത്തിയാക്കിയത്. 2023 സെപ്തംബർ മുതൽ ഞാൻ എൻസിആറിൽ ഐടിയിൽ ജോലി ചെയ്യുകയാണ്. മാസം ഞാൻ 80,000 രൂപയാണ് സമ്പാദിക്കുന്നത്. ആദ്യത്തെ ശമ്പളത്തിൽ നിന്നും 50,000 രൂപ എനിക്ക് അവരോടുള്ള നന്ദിയെന്ന നിലയിൽ ഞാനെന്റെ മാതാപിതാക്കൾക്കാണ് നൽകിയത്. അന്നുമുതൽ എൻ്റെ മാതാപിതാക്കൾ എന്നിൽ നിന്ന് എല്ലാ മാസവും 50,000 രൂപ ആവശ്യപ്പെടുകയാണ്. തരാൻ പറ്റില്ല എന്ന് എനിക്ക് പറയാനായില്ല, കാരണം അവരാണ് എന്നെ വളർത്തിയത്. പക്ഷേ, എനിക്ക് ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയുന്നില്ല. ഇപ്പോൾ എനിക്ക് സമ്പാദ്യമൊന്നും ഇല്ല" എന്നാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്.
undefined
മാതാപിതാക്കളോട് താൻ തരുന്ന പണം എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അതെല്ലാം സഹോദരിയെ വിവാഹം കഴിപ്പിക്കാൻ വേണ്ടി മാറ്റിവയ്ക്കുകയാണ് എന്നാണത്രെ മറുപടി കിട്ടിയത്. തന്നെയും തന്റെ സഹോദരിയേയും ഒരുപോലെ തന്നെയാണ് മാതാപിതാക്കൾ വളർത്തിയത്. ഇപ്പോൾ അവളെ വിവാഹം കഴിപ്പിക്കാൻ തന്റെ പണം ഉപയോഗിക്കുന്നു. വീട്ടിലെ സ്വത്ത് ഭാഗം വയ്ക്കുമ്പോഴും തനിക്കും സഹോദരിക്കും തുല്യമായാണ് തരിക എന്ന് പറയുന്നു. പിന്നെന്തിനാണ് താൻ തന്റെ ശമ്പളത്തിന്റെ പകുതിയിലധികം സഹോദരിക്ക് വേണ്ടി നീക്കിവയ്ക്കുന്നത് എന്നാണ് യുവാവിന്റെ ചോദ്യം.
നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്. പലരും പറഞ്ഞത് വീട്ടുകാർക്ക് അത്രയും പണം നൽകേണ്ടതില്ല എന്നാണ്. ഒപ്പം പണം ഇൻവെസ്റ്റ് ചെയ്യാനും അത് കൃത്യമായി വീട്ടുകാരെ പറഞ്ഞ് മനസിലാക്കാനും പറഞ്ഞവരും ഉണ്ട്.
(ചിത്രം പ്രതീകാത്മകം)