കുട്ടികളില്ല, സ്കൂളിൽ പുതുതായി ചേർന്നത് ആരെന്ന് കണ്ടോ? ആട്ടിൻകുട്ടിയെ ഊഷ്മളമായി വരവേറ്റ് വിദ്യാർത്ഥികൾ

By Web Team  |  First Published May 21, 2024, 1:54 PM IST

സ്‌കൂൾ പ്രിൻസിപ്പൽ മിനാമി എന്നാണ് ഈ ആട്ടിൻകുട്ടിക്ക് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനമാണ് മിനാമി ജനിച്ചത്. ഒരു ആറാം ക്ലാസ് വിദ്യാർഥിയുടെ പിതാവാണ് സ്‌കൂളിന് സമ്മാനമായി ആട്ടിൻകുട്ടിയെ നൽകിയത്.  


സ്കൂൾ‌ തുറക്കാറായി. ഓരോ സ്കൂളിലും ഓരോ വർഷവും അനേകം പുതിയ വിദ്യാർത്ഥികൾ എത്തിച്ചേരാറുണ്ട് അല്ലേ? എന്നാൽ, ജപ്പാനിലെ ഈ സ്കൂളിൽ ഈ അധ്യയന വർഷം ഒരേയൊരു 'വിദ്യാർത്ഥി'യാണ് പുതുതായി ചേർന്നിരിക്കുന്നത്. അതാകട്ടെ ഒരു ആട്ടിൻകുട്ടിയാണ്. കൗതുകകരമായ ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. 

കുറഞ്ഞുവരുന്ന ജനന നിരക്കും, കൂടിയ ജനസംഖ്യയും കാരണം, ജപ്പാനിലെ ഗ്രാമപ്രദേശങ്ങളിൽ സ്കൂളുകളിൽ ചേരുന്ന പുതിയ വിദ്യാർത്ഥികൾ കുറവാണ്. കഗോഷിമ പ്രിഫെക്ചറിൽ പെടുന്ന, ഇസയിലെ ഒരു പ്രൈമറി സ്കൂൾ ഇതുപോലെ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന അത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ്. നിലവിൽ, സ്‌കൂളിൽ ആറ് വർഷത്തിനിടെ ആകെയുള്ളത് എട്ട് വിദ്യാർത്ഥികൾ മാത്രമാണ്. വസന്തകാലത്തേക്ക് പുതിയ കുട്ടികളെ ചേർക്കുന്നതിൽ സ്കൂൾ പരാജയപ്പെടുകയും ചെയ്തു.

Latest Videos

undefined

അങ്ങനെയാണ് വിദ്യാർത്ഥികളെ സന്തോഷിപ്പിക്കാനും സ്കൂളിൽ മൊത്തത്തിൽ ഒരനക്കമൊക്കെ ഉണ്ടാക്കുന്നതിനും വേണ്ടി ഒരു സ്കൂളും ചെയ്യാത്ത ഒരു കാര്യം ഈ സ്കൂൾ ചെയ്തത്. ഒരു പെൺ ആട്ടിൻകുട്ടിയെ കൊണ്ടുവന്നു. സ്‌കൂൾ പ്രിൻസിപ്പൽ മിനാമി എന്നാണ് ഈ ആട്ടിൻകുട്ടിക്ക് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനമാണ് മിനാമി ജനിച്ചത്. ഒരു ആറാം ക്ലാസ് വിദ്യാർഥിയുടെ പിതാവാണ് സ്‌കൂളിന് സമ്മാനമായി ആട്ടിൻകുട്ടിയെ നൽകിയത്.  സ്കൂളിന് സമീപത്ത് ഇവർക്ക് കൃഷിയിടമുണ്ട്. 

വിദ്യാർത്ഥികൾ തങ്ങളുടെ പുതിയ സഹപാഠിയെ ഊഷ്മളമായിട്ടാണ് സ്വാ​ഗതം ചെയ്തത്. അവരതിനെ ആശ്ലേഷിക്കുകയും, മേയ്ക്കാൻ കൊണ്ടുപോകുകയും അതിനായി ഒരു പുതിയ കൂട് നിർമ്മിക്കുകയും ഒക്കെ ചെയ്തു. നേരത്തെ ക്ലാസ് നടക്കുന്ന സമയങ്ങളിൽ ക്ലാസ് മുറികളിൽ കയറി അലമ്പുണ്ടാക്കുന്ന പെരുമാറ്റമായിരുന്നു മിനാമിക്കെങ്കിൽ ഇപ്പോഴവൾ ക്ലാസ് നടക്കുന്ന സമയങ്ങളിൽ പുറത്ത് ചുറ്റിക്കറങ്ങാറാണത്രെ പതിവ്. 

എന്തായാലും, മിനാമി വന്നതോടെ കുട്ടികൾ വലിയ ഉത്സാഹത്തിലാണ് ക്ലാസിൽ വരുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!