ഫേസ്ബുക്കിൽ ഒരു ഫ്രണ്ട്റിക്വസ്റ്റ് സ്വീകരിച്ചതേ ഓർമ്മയുള്ളൂ, ബോധം വരുന്നത് 95 ലക്ഷം പോയിക്കഴിഞ്ഞ്

By Web Team  |  First Published Mar 18, 2024, 11:05 AM IST

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഫെയ്സ്ബുക്കിൽ സ്റ്റെഫ് മിസ് എന്ന പേരിൽ ഒരു സ്ത്രീയുടെ റിക്വസ്റ്റ് ഇയാൾക്ക് വന്നത്. ചാറ്റിൽ ഇരുവരും നിരന്തരം സംസാരിക്കുകയും അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു.


തട്ടിപ്പുകൾക്കും തട്ടിപ്പുകാർക്കും അടുത്തിടെയായി ഒരു പഞ്ഞവുമില്ല. ഏത് ആപ്പ് തുറന്നാലും ചിലപ്പോൾ പണികിട്ടും എന്ന അവസ്ഥയാണ്. അതുപോലെ ഫേസ്ബുക്കിലൂടെ ഒരു യുവതിയെ പരിചയപ്പെട്ടതിന് പിന്നാലെ ഒരാൾക്ക് നഷ്ടപ്പെട്ടത് ഒന്നും രണ്ടും ലക്ഷം രൂപയല്ല, 95 ലക്ഷം രൂപയാണ്. ​ഗുജറാത്തിൽ നിന്നുള്ള ഒരു ബിസിനസുകാരനാണ് ലക്ഷങ്ങൾ നഷ്ടപ്പെട്ടത്. 

ടൈംസ് ഓഫ് ഇന്ത്യ (TOI) റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം അള്‍കാപുരി നിവാസിയായ പരാഗ് ദേശായിയെന്നയാളാണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഫെയ്സ്ബുക്കിൽ സ്റ്റെഫ് മിസ് എന്ന പേരിൽ ഒരു സ്ത്രീയുടെ റിക്വസ്റ്റ് ഇയാൾക്ക് വന്നത്. ചാറ്റിൽ ഇരുവരും നിരന്തരം സംസാരിക്കുകയും അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു. പിന്നീട്, ഇരുവരും വാട്ട്സാപ്പ് നമ്പർ കൈമാറുകയും ചാറ്റിം​ഗ് വാട്ട്സാപ്പിലേക്ക് മാറ്റുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് ഒരു ലക്ഷം രൂപയ്ക്ക് ഹെർബൽ ഉൽപ്പന്നങ്ങൾ വാങ്ങി രണ്ട് ലക്ഷം രൂപയ്ക്ക് മിസിൻ്റെ കമ്പനിക്ക് വിൽക്കാൻ മിസ് പിന്നാലെ ദേശായിയോട് ആവശ്യപ്പെട്ടു. അതിലൂടെ തങ്ങൾക്ക് വലിയ ലാഭമുണ്ടാക്കാം എന്ന് ദേശായിയെ അവൾ വിശ്വസിപ്പിക്കുകയും ചെയ്തു.

Latest Videos

undefined

ദേശായിയുടെ സമ്മതം കിട്ടിയതോടെ ഡോ. വിരേന്ദ്ര എന്നൊരാൾ മിസ് മുഖേന അയാളെ ബന്ധപ്പെട്ടു. തങ്ങളുടെ കമ്പനി വഴി ഹെർബൽ ഉത്പ്പന്നങ്ങൾ നൽകാം എന്ന് അയാൾ വാക്ക് നൽകി. അങ്ങനെ, ഒരുലക്ഷം രൂപ അടച്ച് ദേശായി സാംപിൾ പാക്കറ്റ് അയക്കാനാവശ്യപ്പെട്ടു. അധികം വൈകാതെ സാംപിൾ പാക്കറ്റ് എത്തുകയും ചെയ്തു. അത് തുറന്ന് പോലും നോക്കാതെ ദേശായി പിന്നെയും പിന്നെയും സാധനങ്ങൾ ഓർഡർ ചെയ്യുകയും പണമടക്കുകയും ചെയ്തു കൊണ്ടേയിരുന്നു. 

എന്നാൽ, ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇയാൾക്ക് എന്തോപോലെ തോന്നി, വിരേന്ദ്രയിൽ നിന്നും റീഫണ്ട് ആവശ്യപ്പെട്ടു. എന്നാൽ, പിന്നാലെ മിസ്സും വിരേന്ദ്രയും അപ്രത്യക്ഷരായി. പിന്നാലെ, ഇയാൾ വിരേന്ദ്ര അയച്ച പാക്കറ്റ് തുറന്നു നോക്കി. അതിനകത്ത് ചിപ്സും മറ്റുമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെയാണ് പറ്റിക്കപ്പെട്ടു എന്ന് ഇയാൾക്ക് പൂർണമായും ബോധ്യം വരുന്നത്. എന്തായാലും, പിന്നാലെ ഇയാൾ കേസ് കൊടുത്തിട്ടുണ്ട്. 
 

click me!