നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുന്ന കാലം; ആറ് മാസത്തിനിടെ വടക്ക് കിഴക്കൻ ആകാശത്ത് നക്ഷത്ര സ്ഫോടനം നടക്കും: നാസ

By Web Team  |  First Published May 2, 2024, 3:07 PM IST

വരുന്ന ആറ് മാസത്തിനിടെ എപ്പോള്‍ വേണമെങ്കിലും ഈ നക്ഷത്രങ്ങളില്‍ സ്ഫോടനങ്ങള്‍ നടക്കാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. 



ക്ഷത്രങ്ങള്‍ പൊട്ടിത്തെറിക്കുന്ന കാലം, കേള്‍ക്കാന്‍ ചെറിയൊരു സുഖം തോന്നുന്നുണ്ടല്ലേ. എന്നാല്‍ അങ്ങനൊന്ന് സംഭവിക്കാന്‍ പോവുകയാണെന്നും അത് വരുന്ന സെപ്തംബറിന് മുമ്പ് നഗ്നനേത്രങ്ങള്‍ കൊണ്ട് മനുഷ്യന് ഭൂമിയില്‍ നിന്നും കാണാന്‍ കഴിയുമെന്നും നാസ പറയുന്നു. 'നോവ സ്ഫോടനം' (Nova Explosion) എന്നാണ് നാസ ഈ അത്യപൂര്‍വ്വ പൊട്ടിത്തെറിക്ക് നല്‍കിയിരിക്കുന്ന പേര്. 'ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കാവുന്നത്' എന്നാണ് നാസ തന്നെ ഈ നക്ഷത്ര പൊട്ടിത്തെറിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ അത്യപൂര്‍വ്വ പ്രതിഭാസം നഗ്ന നേത്രങ്ങള്‍കൊണ്ട് കാണാനാവുമെന്ന ശാസ്ത്രലോകത്തിന്‍റെ വെളിപ്പെടുത്തല്‍ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. 

രാത്രിയിലെ തെളിഞ്ഞ ആകാശത്ത് നമ്മള്‍ കാണുന്ന പലതരം നക്ഷത്രങ്ങള്‍ക്കും പല ആയുസാണ്. ചിലത് പൂര്‍ണ്ണമായും നശിച്ച് കഴിഞ്ഞതാകും. മറ്റ് ചില പുതിയ നക്ഷത്രങ്ങളെയും ആകാശത്ത് കണ്ടെത്താന്‍ കഴിയും. അതേസമയം അവിചാരിതമായി ആകാശത്ത് പെടുന്നനെ വെട്ടിത്തിളങ്ങുകയും എന്നാല്‍ മാസങ്ങള്‍ കൊണ്ട് ക്രമേണ നിറം മങ്ങി പഴയ അവസ്ഥയിലെത്തുന്ന ചില നക്ഷത്രങ്ങളെയും കാണ്ടെത്താന്‍ കഴിയും. ഇത്തരം നക്ഷത്രങ്ങളെ പൊതുവേ 'നോവ' (Nova) എന്ന് വിളിക്കുന്നു. ഇവ പൊതുവേ സൂപ്പര്‍നോവകളെക്കാള്‍ വളരെ കുറഞ്ഞ അളവിലുള്ള ഊർജ്ജമേ പുറത്ത് വിടുന്നൊള്ളൂ. ഈ പ്രത്യേകത കൊണ്ട് ഇവയെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 

Latest Videos

undefined

എന്നാല്‍ 'നോവ സ്ഫോടനം' എന്തെന്ന് മനസിലാക്കാന്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി മനസിലാക്കണം. വടക്ക് കിഴക്കന്‍ ആകാശത്തെ രണ്ട് നക്ഷത്ര രാശികളാണ് ഹെര്‍കുലിസും (Hercules) ബ്രൂട്ടസും (Bootes)  ഈ നക്ഷത്ര രാശികള്‍ക്ക് ഇടയിലുള്ള കോറോണ ബോറിയാലിസ് ( Corona Borealis) (നോർത്തേൺ ക്രൗൺ നക്ഷത്രരാശി) എന്ന അർദ്ധവൃത്താകൃതിയിലുള്ള ആർക്ക് പ്രദേശത്താണ് നോവ് സ്ഫോടനം നടക്കുക. ഭൂമിയില്‍ നിന്നും ഏതാണ്ട് 3,000 പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രരാശികളാണിവ. കോറോണ ബോറിയാലിസില്‍ 'ബേസ് സ്റ്റാര്‍' എന്നറിയപ്പെടുന്ന പരസ്പരം കറങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് നക്ഷത്രങ്ങളാണ് ഉള്ളത്. അതില്‍ ചുവന്ന നിറത്തിലുള്ളത് ഒരു റെഡ് ജയന്‍റ് നക്ഷത്രമാണ്. ഈ നക്ഷത്തിനുള്ളിലെ ഹൈഡ്രജന്‍ തന്മാത്രകള്‍ കൂടി ചേര്‍ന്ന് ഹീലിയം ആറ്റം ഉണ്ടാവുകയും ഇതിനെ തുടര്‍ന്ന് നക്ഷത്രത്തിലെ ഹൈഡ്രജന്‍ തന്മാത്രകള്‍ നഷ്ടമാവുകയും ചെയ്യുന്നു. ഈ സമയം ഇവയുടെ വലിപ്പം അസാധാരണമാം വിധം ഉയരുന്നു. ഇങ്ങനെയാണ് ഇത്തരം നക്ഷത്രങ്ങള്‍ റെഡ് ജയന്‍റ് വിഭാഗത്തില്‍പ്പെടുന്നത്. നമ്മുടെ സൂര്യനും 500 കോടി വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരത്തില്‍ സൂപ്പര്‍ റെഡ് ജയന്‍റ് നക്ഷത്രമായി മാറുമെന്നും ഈ സമയം സൂര്യന്‍റെ വലിപ്പം ഇപ്പോള്‍ ഉള്ളതിന്‍റെ പലമടങ്ങ് കൂടുതലാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 

ഭൂമിയില്‍ അവശേഷിക്കുക സൂപ്പര്‍ ഭൂഖണ്ഡം മാത്രം; വരാന്‍ പോകുന്നത് കൂട്ടവംശനാശമെന്ന് പഠനം

കോറോണ ബോറിയാലിസിലെ രണ്ടാമത്തെ നക്ഷത്രം ഇതിനകം കത്തിതീര്‍ന്ന വെള്ളക്കുള്ളനാണ്. നക്ഷത്രങ്ങള്‍ നശിച്ച് കഴിഞ്ഞാല്‍ അവയ്ക്ക് മൂന്ന് അവസ്ഥാന്തരങ്ങളാണ് പൊതുവെ കണ്ട് വരുന്നത്. നക്ഷത്രങ്ങള്‍ വെള്ളക്കുള്ളനായോ ന്യൂട്രോണ്‍ നക്ഷത്രമായോ അല്ലെങ്കില്‍ ഒരു തമോഗര്‍ത്തമായോ മാറുന്നു. നേരത്തെ ഉണ്ടായിരുന്ന നക്ഷത്തിന്‍റെ വലിപ്പത്തിന് അനുസരിച്ചായിരിക്കും ഈ രൂപ മാറ്റം. ഇതില്‍ താരതമ്യേന കുറഞ്ഞ 'മാസ്' ഉള്ള ചെറിയ നക്ഷത്രങ്ങള്‍ വെള്ളക്കുള്ളനായി മാറുന്നു. അതിലും വലിയ നക്ഷതമാണ് നശിക്കുന്നതെങ്കില്‍ അവ ന്യൂട്രോണ്‍ നക്ഷത്രമായോ തമോഗര്‍ത്തമായോ മാറുന്നു. ഇത്തരമൊരു അവസ്ഥയിലാണ് 'സൂപ്പര്‍നോവ' (Super Nova) എന്ന പ്രതിഭാസം സംഭവിക്കുന്നത്. 

കടലിനടിയിൽ നൂറിലധികം അഗ്നിപർവത കുന്നുകൾ, പുതിയ ജീവിവർ​​​​ഗങ്ങൾ; അത്ഭുതകാഴ്ചയായി ചിലിയന്‍ തീരം

കോറോണ ബോറിയാലിസിലെ പരസ്പരം കറങ്ങിക്കൊണ്ടിരിക്കുന്ന റെഡ് ജയന്‍റ് (red giant) നക്ഷത്രത്തില്‍ നിന്നും തന്‍റെ 'സാന്ദ്രത'യുടെ ബലത്തില്‍ വെള്ളക്കുള്ളന്‍ (white dwarf) നക്ഷത്രം പല പദാര്‍ത്ഥങ്ങളെയും പല സമയത്തായി തന്നിലേക്ക് വലിച്ചടുപ്പിക്കുന്നു. അതേ സമയം ഇവ ഒരോ 79 വര്‍ഷം കൂടുമ്പോഴും ആവര്‍ത്തിക്കുന്ന ഒരു സ്ഥിരം ഭ്രമണപഥം പരസ്പരം സൂക്ഷിക്കുന്നു. ഇത്തരത്തില്‍ 79 വര്‍ഷം കൂടുമ്പോഴും റെഡ് ജയന്‍റിന്‍റെ പുറംപാളിയിലുള്ള പദാര്‍ത്ഥങ്ങള്‍ വെള്ളക്കുള്ളനില്‍ എത്തിചേരുന്നു. ഇത് മൂലം വെള്ളക്കുള്ളന്‍റെ താപനിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുന്നു. താപനിലയിലുള്ള വര്‍ദ്ധവ് ഒരു തെര്‍മോ ന്യൂക്ലിയര്‍ റിയക്ഷന് കാരണമാവുന്നു. ഇതോടെ താപനില വീണ്ടും കാര്യമായി ഉയരുന്നു. താപനിലയില്‍ വീണ്ടും വര്‍ദ്ധനവ് ഉണ്ടാകുന്നതോടെ തുടര്‍സ്ഫോടനങ്ങള്‍ സംഭവിക്കുന്നു.  എന്നാല്‍ ഈ സ്ഫോടനങ്ങള്‍ വെള്ളക്കുള്ളനിലല്ല നടക്കുന്നത്. മറിച്ച് റെഡ് ജയന്‍റില്‍ നിന്നും പുറന്തള്ളപ്പെടുന്ന ഹൈഡ്രജനിലാണ്. അതിനാല്‍ തന്നെ വെള്ളക്കുള്ളന്‍ പരിക്കുകളില്ലാതെ രക്ഷപ്പെടുകയും അടുത്ത ഊഴത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു.  ഈ തുടര്‍സ്ഫോടനങ്ങള്‍ കാരണമാണ് ഭൂമിയില്‍ നിന്നും നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയാല്‍ പോലും ആകാശത്തെ ഈ സ്ഫോടനം കാണാമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നതും. 

1946 ലാണ് ഇത്തരത്തില്‍ ഒരു സ്ഫോടനം ശൂന്യാകാശത്ത് ഏറ്റവും ഒടുവിലായി സംഭവിച്ചത്. 78 - 79 വര്‍ങ്ങള്‍ക്ക് ശേഷം 2024 ല്‍ ഈ സ്ഫോടന പരമ്പര വീണ്ടും ദൃശ്യമാകുന്നു. ഈ സ്ഫോടനത്തിന് മുന്നോടിയായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഈ പ്രദേശത്തെ തിളക്കം നഷ്ടപ്പെട്ടിരുന്നു. ഈ തിളക്ക നഷ്ടം ഒരു വര്‍ഷത്തോളം നീണ്ട് നില്‍ക്കും. വരുന്ന ആറ് മാസത്തിനിടെ എപ്പോള്‍ വേണമെങ്കിലും ഈ നക്ഷത്രങ്ങളില്‍ സ്ഫോടനങ്ങള്‍ നടക്കാമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇനി ആറ് മാസത്തോളം വടക്ക് കിഴക്കന്‍ ദിശ നോക്കിയാല്‍ ഈ അത്യപൂര്‍വ്വ പ്രതിഭാസത്തിന് സാക്ഷിയാകാം. എന്താ ഇനി വടക്ക് കിഴക്ക് നോക്കിയിരിക്കുവല്ലേ.

ഭാവിയെ കുറിച്ച് ആശങ്ക; ചൈനീസ് യുവ തലമുറ അന്ധവിശ്വാസങ്ങളില്‍ ആകൃഷ്ടരാകുന്നുവെന്ന് പഠനം


 

click me!